ഏകദിന-ടി20 പരമ്പരകളിൽ ഓരോന്നിൽ വീതം വിജയം സ്വന്തമാക്കിയ ഓസ്ട്രേലിയയും ഇന്ത്യയും ടെസ്റ്റ് പരമ്പരയ്ക്കും കച്ചകെട്ടി കഴിഞ്ഞു. കരുത്തരായ രണ്ട് ടീമുകൾ നേർക്കുന്നേർ വരുന്ന പോരാട്ടം വാശിയേറിയതാകുമെന്ന് ഉറപ്പാണ്. ഡിസംബർ 17ന് അഡ്ലെയ്ഡിലാണ് ബോർഡർ-ഗവാസ്കർ ട്രോഫിക്കുവേണ്ടിയുള്ള പരമ്പരയിലെ ആദ്യ മത്സരം. പകലും രാത്രിയുമായി നടക്കുന്ന പിങ്ക് ബോൾ ടെസ്റ്റിനുള്ള ഇന്ത്യൻ പ്ലെയിങ് ഇലവനെ ബിസിസിഐ പ്രഖ്യാപിച്ചു.
പ്ലെയിങ് ഇലവനിൽ കാര്യമായ പരീക്ഷണങ്ങൾക്ക് നായകനും സെലക്ടർമാരും ആദ്യ മത്സരത്തിൽ തയ്യാറായിട്ടില്ല. മായങ്ക് അഗർവാളും പൃഥ്വി ഷായുമായിരിക്കും ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യുക. കഴിഞ്ഞ കുറച്ച് നാളുകളായി അത്ര മികച്ച പ്രകടനം പുറത്തെടുക്കാത്ത പൃഥ്വി ഷായ്ക്ക് പകരം ശുഭ്മാൻ ഗില്ലിനോ കെ.എൽ രാഹുലിനോ അവസരം ലഭിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. പൃഥ്വി ഷായെ നിലനിർത്തി കോഹ്ലി ആരാധകരെ ഞെട്ടിച്ചു.
Also Read: കളം നിറയാൻ ശ്രീശാന്ത്; സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ടീമിൽ
പരിചയസമ്പന്നമാണ് ഇന്ത്യയുടെ മധ്യനിര. മൂന്നാം നമ്പരിൽ ചേതേശ്വർ പൂജാര കളിക്കുമ്പോൾ നാലാമനായി നായകൻ കോഹ്ലിയും പിന്നാലെ ഉപനായകൻ അജിങ്ക്യ രഹാനെയും ക്രീസിലെത്തും. ഹനുമ വിഹാരി ആറാം നമ്പരിൽ കളിക്കും. വൃദ്ധിമാൻ സാഹയാണ് ടീമിലെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ.
Also Read: കോഹ്ലിയെ നേരിടുന്നത് സൂക്ഷിച്ചുവേണം; സഹതാരങ്ങൾക്ക് ഫിഞ്ചിന്റെ ഉപദേശം
ബോളിങ്ങിലും കാര്യമായ മാറ്റമുണ്ടായില്ല. രവീന്ദ്ര ജഡേജയും കുൽദീപ് യാദവും ബെഞ്ചിൽ തുടരും. രവിചന്ദ്രൻ അശ്വിനാണ് ടീമിലെ ഏക സ്പിന്നർ. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവരടങ്ങുന്നതാണ് പേസ് അറ്റാക്ക്. കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിൽ ചരിത്ര വിജയം നേടുന്നതിൽ ഇന്ത്യൻ ടീമിൽ നിർണായക പങ്കുവഹിച്ച താരങ്ങളാണ് ബുംറയും ഷമിയും.