ലോകകപ്പ് ക്രിക്കറ്റിലെ സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് ഇന്ത്യ പുറത്തായെങ്കിലും ടീമിനെ കുറിച്ച് വലിയ ആത്മവിശ്വാസത്തിലാണ് കോച്ച് രവി ശാസ്ത്രി. ഇന്ത്യ തോല്‍ക്കാനുള്ള പ്രധാന കാരണവും രവി ശാസ്ത്രി വ്യക്തമാക്കുന്നു. ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലാണ് രവി ശാസ്ത്രി ഇന്ത്യന്‍ ടീമിനെ കുറിച്ചും സെമിയിലെ തോല്‍വിയെ കുറിച്ചും സംസാരിച്ചത്.
സെമിയിലെ തോല്‍വിക്ക് ശേഷം ഡ്രസിങ് റൂമില്‍ എല്ലാ താരങ്ങളും ഒത്തുകൂടി. അവരോട് താന്‍ പറഞ്ഞത് അഭിമാനത്തോടെ തന്നെ തലയുയര്‍ത്തി പുറത്തിറങ്ങൂ എന്നാണെന്ന് ശാസ്ത്രി പറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിങ്ങള്‍ മികച്ച ടീമാണ്. വെറും അരമണിക്കൂറിലെ മോശം പ്രകടനം കൊണ്ട് മികച്ച ടീം അല്ലാതാകുന്നില്ല. അതുകൊണ്ട് അഭിമാനത്തോടെ ഇരിക്കൂ. നിങ്ങള്‍ എല്ലാവരുടെയും ബഹുമാനം ആര്‍ജിച്ചിരിക്കുന്നു. മികച്ച രീതിയില്‍ നിങ്ങള്‍ കളിച്ചു. എന്നാല്‍, സെമിയിലെ തോല്‍വിയില്‍ നമ്മള് എല്ലാവരും നിരാശരാണ്. എങ്കിലും അഭിമാനത്തോടെ തന്നെ മുന്നോട്ടുപോകണമെന്ന് ടീം അംഗങ്ങളോട് പറഞ്ഞതായി ശാസ്ത്രി.
സെമിയിലെ തോല്‍വിക്ക് കാരണവും ശാസ്ത്രി ചൂണ്ടിക്കാട്ടുന്നു. നാലാം നമ്പറില്‍ ഒരു സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാന് ഇല്ലാത്തതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായതെന്ന് അദ്ദേഹം പറഞ്ഞു. മധ്യനിര ശക്തമായിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു. ഇന്ത്യയുടെ മധ്യനിര ശക്തമായിരുന്നില്ല. ഭാവിയില്‍ ഇക്കാര്യം പരിഗണിക്കണം. കെ.എല്‍.രാഹുല്‍ നാലാം സ്ഥാനത്തുണ്ടായിരുന്നു. എന്നാല്‍, ഓപ്പണര്‍ ശിഖര്‍ ധവാന് പരുക്കേറ്റ് മടങ്ങിയത് തിരിച്ചടിയായി. രാഹുലിന് ഓപ്പണ്‍ ചെയ്യേണ്ടി വന്നു. വിജയ് ശങ്കറും പരുക്കേറ്റ് മടങ്ങിയത് തിരിച്ചടിയായി. അതുകൊണ്ടാണ് നാലാം നമ്പറില്‍ സ്ഥിരത ഇല്ലാതിരുന്നതെന്ന് ശാസ്ത്രി പറയുന്നു.
Read Also: അവസാന ശ്വാസം വരെ എന്നാലാവുന്നത് ചെയ്യും: രവീന്ദ്ര ജഡേജ
മായങ്ക് അഗര്‍വാള്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത് രാഹുലിനെ നാലാം സ്ഥാനത്തേക്ക് കൊണ്ടുവരാമായിരുന്നില്ലേ എന്ന ചോദ്യത്തിനും ശാസ്ത്രിക്ക് മറുപടിയുണ്ട്. മായങ്ക് ടീമിലെത്തുന്നത് ഏറെ വൈകിയാണ്. സെമിക്ക് മുന്‍പ് ഒരു കളി കൂടി ഉണ്ടായിരുന്നെങ്കില്‍ അങ്ങനെയൊരു മാറ്റം പരീക്ഷിക്കാമായിരുന്നു. എന്നാല്‍, ഏറെ വൈകിപ്പോയെന്നും രാവി ശാത്രി പറഞ്ഞു.
ധോണിയെ ഏഴാമത് ഇറക്കുക എന്നത് ടീമിന്റെ ഒറ്റക്കെട്ടായുള്ള തീരുമാനമായിരുന്നു. എല്ലാ താരങ്ങളും അതേ അഭിപ്രായത്തിലായിരുന്നു. ധോണി നേരത്തെ ഇറങ്ങി പെട്ടന്ന് തന്നെ ഔട്ട് ആയിരുന്നെങ്കില്‍ പരാജയം കൂടുതല്‍ ആഘാതമുള്ളതായേനെ. അവസാന സമയത്താണ് ധോണിയുടെ അനുഭവ സമ്പത്ത് ടീമിന് വേണ്ടിയിരുന്നത്. അതുകൊണ്ടാണ് ഏഴാം നമ്പറില്‍ ഇറക്കിയത്. എല്ലാ സമയത്തേയും ഏറ്റവും മികച്ച ഫിനിഷറാണ് ധോണിയെന്നും ഇന്ത്യന്‍ പരിശീലകന് പറഞ്ഞു.
ടീം അംഗങ്ങളുടെ പ്രകടനത്തെ ശാസ്ത്രി പുകഴ്ത്തി. രവീന്ദ്ര ജഡേജയുടെയും ധോണിയുടെയും കൂട്ടുകെട്ട് ഗംഭീരമായിരുന്നു. ജഡേജ നന്നായി ബാറ്റ് ചെയ്തു. താന്‍ നല്ലൊരു കളിക്കാരനാണെന്ന് ജഡേജ തിരിച്ചറിഞ്ഞു. എട്ട് കളികളില്‍ പുറത്തിരുന്നെങ്കിലും ഫീല്‍ഡില്‍ ജഡേജ എത്തി. ടീമിന് വേണ്ടി ചെയ്യാവുന്നതെല്ലാം അദ്ദേഹം ചെയ്തു. ഇനിയുള്ള വര്‍ഷങ്ങളില്‍ ജഡേജയുടെ ഏറ്റവും മികച്ച പ്രകടനം കാണുമെന്നും ശാസ്ത്രി പറയുന്നു.