/indian-express-malayalam/media/media_files/uploads/2017/06/KumbleOut.jpg)
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലക സ്ഥാനത്ത് നിന്ന് അനില്‍ കുംബ്ലെ രാജിവെച്ചില്ലെങ്കിൽ വിരാട് കോഹ്‍ലി നായക സ്ഥാനം ഒഴിയുമെന്ന് ഭീഷണി മുളക്കിയതായി റിപ്പോര്‍ട്ട്. ദ ടെലിഗ്രാഫാണ് വാർത്ത റിപ്പോര്‍ട്ട് ചെയ്തുന്നത്. കുംബ്ലെ പരിശീലക സ്ഥാനത്ത് തുടരരുതെന്നും പകരക്കാരനെ ബിസിസിഐ കണ്ടെത്തിയേ തീരുവെന്നുമുള്ള ഉറച്ച നിലപാടിലായിരുന്നു കൊഹ്‍ലി.
വിനോദ് റായ് അധ്യക്ഷനായ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയെയും ബിസിസിഐയെയും സച്ചിന്‍, ലക്ഷ്മണ്‍, ഗാംഗുലി എന്നിവരടങ്ങിയ 'ബിഗ് ത്രീ'യെയും ഇക്കാര്യം വ്യക്തമായി അറിയിച്ചിരുന്നതായാണ് അറിയുന്നത്. വിന്‍ഡീസ് പര്യടനം വരെ കുംബ്ലെ തുടരട്ടെ എന്ന ഉപദേശക സമിതിയുടെ നിര്‍ദേശം നടപ്പിലായിരുന്നെങ്കില്‍ നായക സ്ഥാനം ഉപേക്ഷിക്കുമെന്ന് കൊഹ്‍ലി അവരെ അറിയിക്കുകയായിരുന്നു - റിപ്പോര്‍ട്ട് പറയുന്നു.
ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനോട് തോറ്റ ശേഷം ഇന്ത്യന്‍ ടീം താമസിച്ച ഹോട്ടലില്‍ മൂന്ന് യോഗങ്ങള്‍ ചേര്‍ന്നിരുന്നു. ആദ്യം ഉപദേശക സമിതി അംഗങ്ങളുമായും ബിസിസിഐ നേതൃത്വവുമായും കുംബ്ലെ ചര്‍ച്ച നടത്തി. പിന്നാലെ കോഹ്ലിയും ഇവരുമായി ചര്‍ച്ച നടത്തി. ഇതിന് ശേഷം ഇരുവരെയും ഒരുമിച്ചിരുത്തി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒത്തുപോകാനാവില്ലെന്ന് ഇരുവരും വെളിപ്പെടുത്തി.
എന്താണ് പ്രശ്‌നമെന്ന് കുംബ്ലെയോട് ചോദിച്ചെങ്കിലും തനിക്ക് കോഹ്ലിയോട് ഒരു പ്രശ്‌നവുമില്ലെന്നായിരുന്നു മറുപടി. ക്യാപ്റ്റനെന്ന നിലയില്‍ തന്റെ അധികാര മേഖലകളില്‍ കുംബ്ലെ ഇടപെടുന്നുവെന്നായിരുന്നു കോഹ്ലിയുടെ പരാതി. വെസ്റ്റിന്‍ഡീസിലേക്ക് പോകാന്‍ കുംബ്ലെയും ഭാര്യയും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍, യോഗത്തിന് ശേഷം കുംബ്ലെ തീരുമാനം മാറ്റുകയായിരുന്നു. പരിഹാര സാധ്യതകള്‍ നിലനില്‍ക്കില്ലെന്ന തിരിച്ചറിവും കുംബ്ലെയുടെ രാജി തീരുമാനവും വന്നത് ഈ കൂടിക്കാഴ്ചക്ക് ശേഷമാണ്.
കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തുനിന്നും അനിൽ കുംബ്ലെ രാജിവെച്ചത്. വെസ്റ്റ് ഇൻഡീസ് പര്യടനത്തിലുള്ള ഇന്ത്യൻ ടീമൊനൊപ്പം കുംബ്ലെ പോകില്ലെന്ന് അറിയിച്ചിരുന്നു. ഐസിസി വാർഷിക സമ്മേളനത്തിൽ പങ്കെടുക്കേണ്ടതിനാൽ കുംബ്ലെ വെസ്റ്റ് ഇൻഡീസിലേക്കു പോകുന്നില്ലെന്നാണു ഔദ്യോഗിക ഭാഷ്യം. ചാമ്പ്യൻസ് ട്രോഫി ആരംഭിക്കുന്നതിന് മുൻപേ തന്നെ നായകൻ വിരാട് കോഹ്‌ലിയും കുംബ്ലെയും തമ്മിലുള്ള അസ്വാരസ്യം പുറത്ത് വന്നത്.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് കുംബ്ലെ ഒരു വര്‍ഷത്തെ കരാറിൽ ഇന്ത്യയുടെ കോച്ചായി ചുമതലയേറ്റത്. ഇന്നാണ് അദ്ദേഹത്തിന്റെ കരാര്‍ കാലാവധി അവസാനിക്കുന്നത്. ആറ് കോടി രൂപയായിരുന്നു കുംബ്ലെയുടെ പ്രതിഫലം. കുബ്ലെയ്ക്ക് കീഴില്‍ ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. കുംബ്ലെയ്ക്ക് കീഴില്‍ നിരവധി പരന്പരകൾ സ്വന്തമാക്കാനും ടീം ഇന്ത്യക്ക് സാധിച്ചിരുന്നു.
ടീമിന്റെ പുതിയ പരിശീലകനായുള്ള അഭിമുഖം അടുത്ത ദിവസം നടക്കും. വിരേന്ദർ സെവാഗ്, ടോം മൂഡി, റിച്ചാർഡ് പൈബസ്, ദോഡ ഗണേഷ്, ലാൽചന്ദ് രജ്പൂത്ത് എന്നിവർ പരീശീക സ്ഥാനത്തേക്ക് അപേക്ഷ നൽകിയിട്ടുണ്ട്. അനിൽ കുംബ്ലെയും അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. സച്ചിൻ, ഗാംഗുലി, ലക്ഷ്മൺ എന്നിവരടങ്ങിയ ബിസിസിഐയുടെ ക്രിക്കറ്റ് അഡ്‌വൈസറി കമ്മറ്റിയാണ് ഇന്ത്യൻ ടീമിന്റെ കോച്ചാവാൻ അപേക്ഷ സമർപ്പിച്ചവരുടെ അഭിമുഖം നടത്തുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.