സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ടീമിന്റെ വിജയാഘോഷ നൃത്തം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞോടുകയാണ്. പരമ്പരയിലെ താരമായ ചേതേശ്വര്‍ പൂജാരയെ ഡാന്‍സ് കളിക്കാനായി ഋഷഭ് പന്ത് നിര്‍ബന്ധിക്കുന്നതും മറ്റുള്ളവര്‍ നൃത്തം ചെയ്യുമ്പോള്‍ നാണം കുണുങ്ങിയായി പൂജാര നില്‍ക്കുന്നതുമൊക്കെയാണ് വീഡിയോയിലുള്ളത്.
രസകരമായ വീഡിയയോക്കും നൃത്തത്തിനും പിന്നിലെ അതിലും രസകരമായൊരു വസ്തുത ആ നൃത്തത്തിന് കാരണം പൂജാര തന്നെയാണെന്നതാണ്. പന്തിന്റെ നേതൃത്വത്തില്‍ നടന്ന ഡാന്‍സിന് വിരാട് കോഹ്ലി ഇട്ട പേര് തന്നെ പൂജാര ഡാന്‍സ് എന്നാണ്. മത്സരശേഷം പത്ര സമ്മേളനത്തിലാണ് വിരാട് ഡാന്‍സിന് പിന്നിലെ കാരണം പൂജാരയാണെന്ന് വെളിപ്പെടുത്തിത്.
”അത് പൂജാര ഡാന്‍സ് ആയിരുന്നു. പൂജാര നടക്കുമ്പോള്‍ കൈ അനങ്ങില്ല. കൈ അനങ്ങാതെയുള്ള പൂജാരയുടെ നടത്തത്തില്‍ നിന്നുമാണ് കാലു കൊണ്ട് മാത്രമുള്ള ഡാന്‍സ് ഉണ്ടായത് ” വിരാട് പറഞ്ഞു. ഡാന്‍സ് കളിക്കാന്‍ അറിയില്ലെങ്കിലും താന്‍ കാരണം ടീമിന് ഒരു ഡാന്‍സ് സ്റ്റെപ്പ് കിട്ടിയ സന്തോഷത്തിലാണ് പൂജാര.
Cheteshwar Pujara: can bat, can't dance?
Celebrations have well and truly begun for Team India! #AUSvIND pic.twitter.com/XUWwWPSNun
— cricket.com.au (@cricketcomau) January 7, 2019
ചരിത്ര നേട്ടത്തില്‍ ആഘോഷത്തിമിര്‍പ്പിലാണ് ഇന്ത്യന്‍ ടീം. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്നിന്നുതന്നെ ആഘോഷങ്ങള്‍ക്ക് ഇന്ത്യന്‍ ടീം തുടക്കമിട്ടു. വിജയ ഡാന്‍സ് കളിച്ചാണ് ഇന്ത്യന്‍ ടീം ആഘോഷിച്ചത്. ടീമിന്റെ വ്യത്യസ്തമായ നൃത്തച്ചുവടുകള്‍ ക്രിക്കറ്റ് ലോകത്തിന് പുതുമയുള്ള കാഴ്ചയായി.
ഇന്ത്യന്‍ ടീമിന്റെ വിക്ടറി ഡാന്‍സിന് പിന്നില്‍ റിഷഭ് പന്താണെന്ന് വെളിപ്പെടുത്തുകയാണ് വിരാട് കോഹ്ലി. ”പന്താണ് ആദ്യം നൃത്തം വച്ചത്. അവന് എന്താണ് ചെയ്യുന്നതെന്ന് ആദ്യം ഞങ്ങള്‍ക്ക് മനസ്സിലായില്ല. പിന്നെ കൊള്ളാമല്ലോയെന്നു കണ്ടപ്പോള്‍ ഞങ്ങളെല്ലാവരും കളിച്ചു. വളരെ എളുപ്പമുള്ള സ്റ്റെപ്പുകളായിരുന്നു. പക്ഷേ പൂജാരയ്ക്ക് കളിക്കാനായില്ല. ഈ സമയം പന്ത് തന്നെ പൂജാരയുടെ കൈ പിടിച്ച് ഡാന്‍സ് കളിപ്പിക്കാന്‍ ശ്രമിച്ചു,” കോഹ്ലി മത്സരശേഷം പറഞ്ഞു.
ഓസ്ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര നേടിക്കൊണ്ട് ഇന്ത്യന്‍ ടീം ചരിത്രത്താളുകളിലാണ് ഇടം നേടിയത്. ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ ഓസ്ട്രേലിയയില്‍ ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്. ആദ്യ പരമ്പര നേട്ടത്തിന് വേണ്ടി ഇന്ത്യ കാത്തിരുന്നത് പതിറ്റാണ്ടുകളും 12 പര്യടനങ്ങളുമാണ്. സൗരവ് ഗാംഗുലിയും ധോണിയുമെല്ലാം പരാജയപ്പെട്ടിടത്താണ് കോഹ്ലിക്ക് കീഴില്‍ ഇന്ത്യ ഓസ്ട്രേലിയയില്‍ ചരിത്രമെഴുതിയത്.