വിന്‍ഡീസിന് എതിരായ രണ്ടാം ടെസ്റ്റില്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിക്കണമെന്നും പകരം മായങ്ക് അഗര്‍വാളിനെ ടീമിലിറക്കണമെന്നും മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ മുരളി കാര്‍ത്തിക്.

ഒന്നാം ടെസ്റ്റില്‍ നേടിയ വമ്പിച്ച വിജയത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയ്ക്ക് കോഹ്‌ലിയുടെ അഭാവം താങ്ങാന്‍ കഴിയുന്നതാണെന്നും പുതുമുഖമായ മായങ്കിന് അവസരം നല്‍കാന്‍ തീരുമാനം സഹായിക്കുമെന്നും കാര്‍ത്തിക് പറയുന്നു.

”മായങ്ക് കളിക്കുന്നതിനെ കുറിച്ചാണ് ഞാന്‍ ആലോചിക്കുന്നത്. ഈ പരമ്പരയില്‍ നിന്നും എന്താണ് നമ്മള്‍ ലക്ഷ്യം വയ്ക്കുന്നത് എന്ന് ശ്രദ്ധിക്കേണ്ടതാണ്. അത് ഓസ്‌ട്രേലിയയ്‌ക്കെതിരായ ടീമിനെ കണ്ടെത്തുക എന്നാണ്. വിരാട് കോഹ്‌ലി കളിച്ചില്ലെങ്കിലും ഇന്ത്യയ്ക്ക് ഈ പരമ്പര ജയിക്കാനാകും. ഏഷ്യാ കപ്പ് നേടിയത് പോലെ” കാര്‍ത്തിക് പറയുന്നു.

”വിരാടിനോട് പുറത്തിരിക്കാന്‍ ഞാന്‍ പറയുകയാണ്. അദ്ദേഹമൊരു ചാമ്പ്യനാണ്. ടീം കളിക്കുന്നത് കാണുമ്പോള്‍, മായങ്കിന് വിരാടിന്റെയോ രാഹുലിന്റെയോ പകരക്കാരനായി ഇറക്കണമെന്ന് തോന്നുന്നു. നല്ല അവസരമായിരിക്കും അത്” കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനാണ് ശിഖര്‍ ധവാന് പകരക്കാരനായി ടെസ്റ്റ് ടീമിലേക്ക് മായങ്കിനെ എത്തിച്ചത്. എന്നാല്‍ താരത്തിന് അരങ്ങേറാന്‍ സാധിച്ചിട്ടില്ല.

”ടെസ്റ്റ് മാത്രം കളിക്കുന്ന ചിലരുണ്ട്. ചേതേശ്വര്‍ പൂജാരേയും ഇശാന്ത് ശര്‍മ്മയേയും മാറ്റി നിര്‍ത്താനാകില്ല. മായങ്കിനെ ഓസ്‌ട്രേലിയന്‍ പര്യടനം ലക്ഷ്യമാക്കിയാണ് ഇറക്കിയിരിക്കുന്നത് എങ്കില്‍ അടുത്ത ടെസ്റ്റില്‍ അവസരം നല്‍കണം” കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു. 272 റണ്‍സിനായിരുന്നു ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ വിജയം. കോഹ്‌ലിയും ജഡേജയും അരങ്ങേറ്റ താരം പൃഥ്വി ഷായും സെഞ്ചുറി നേടിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook