ധാംബുള്ള: ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിനത്തിലും ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകർച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്ക 43.2 വറിൽ 216 റൺസിന് ഓൾഔട്ടായി.

മികച്ച രീതിയിലായിരുന്നു ശ്രീലങ്ക ബാറ്റിംഗ് തുടങ്ങിയത്. ഓപ്പണർമാരായ ഡിക്വാലയും ഗുണതിലകയും ചേർന്ന് 74 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 13-ാം ഓവറിന്റെ അവസാന പന്തിൽ ഗുണതിലക(35) ചഹലിന് വിക്കറ്റ് നൽകി പുറത്താവുകയായിരുന്നു. പിന്നീട് വന്ന കുശാൽ മെൻഡിസും ഡിക്വാലയും ചേർന്ന് ലങ്കൻ സ്കോർ ഉയർത്തി. അർദ്ധ സെഞ്ചറി നേടിയ ഡിക്വാല(64) പുറത്തായതോടെയാണ് ശ്രീലങ്കയുടെ തകർച്ച തുടങ്ങിയത്. 139-2 എന്ന നിലയിൽ നിന്നാണ് ശ്രീലങ്ക 216ന് പുറത്തായത്. ഏയ്ഞ്ചലോ മാത്യൂസ് പുറത്താകാതെ 36 റൺസ് നേടി. കുശാൽ മെൻഡിസ് 31 റൺസ് നേടിയപ്പോൾ ക്യാപ്റ്റൻ ഉപുൾ തരംഗ 13 റൺസിന് പുറത്തായി. ലങ്കൻ നിരയിൽ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല.

സ്പിന്നർമാരാണ് ശ്രീലങ്കയെ തകർത്തത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ അഷ്കർ പട്ടേലും രണ്ട് വിക്കറ്റ് വീഴ്ത്തിയ കേദാർ ജാദവും ചഹലും ബൂമ്രയും ആണ് ഇന്ത്യൻ ബൗളിങിൽ തിളങ്ങിയത്.

മോശം നില തുടരുന്ന മുൻ ലോക ചാംപ്യന്മാരായ ലങ്കയ്ക്ക് ഈ ടൂർണ്ണമെന്റിൽ സമ്പൂർണ്ണ പരാജയം ഉണ്ടായാൽ നേരിട്ട് ലോകകപ്പിന് യോഗ്യത ലഭിച്ചേക്കില്ല. പിന്നീട് താരതമ്യേന താഴ്ന്ന റാങ്കിലുള്ള ടീമുകളോട് യോഗ്യത മത്സരങ്ങൾ കളിച്ച് മാത്രമേ ലങ്കയ്ക്ക് ലോകകപ്പിലേക്ക് എത്താനാകൂ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ