പൂനെ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. ഇന്നിങ്‌സിനും 137 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ വിജയം. ഒന്നാം ഇന്നിങ്‌സില്‍ 275 റണ്‍സിന് പുറത്തായ ദക്ഷിണാഫ്രിക്കയെ ഇന്ത്യ ഫോളോ ഓണിന് അയക്കുകയായിരുന്നു. 326 റണ്‍സായിരുന്നു ഇന്ത്യയുടെ ലീഡ്.
എന്നാല്‍ ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്‌സ് 189 ല്‍ അവസാനിച്ചു. ഇന്നും വാലറ്റത്ത് കേശവ് മഹാരാജും വെര്‍നന്‍ ഫിലാന്‍ഡറും ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും കൂട്ടുകെട്ട് അധികനേരം നീണ്ടു നിന്നില്ല. ഇതോടെ ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0 ന് സ്വന്തമാക്കി.
ഒന്നര ദിവസം ബാക്കി നില്‍ക്കെയാണ് ഇന്ത്യയുടെ വിജയം. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഫോളോ ഓണിന് അയക്കുന്നത് എന്നതും പ്രോട്ടിയാസിന്റെ പരാജയഭാരം കൂട്ടുന്നു. മൂന്നാം ടെസ്റ്റ് റാഞ്ചിയില്‍ 19 നാണ് ആരംഭിക്കുക.
ഓപ്പണര്‍ ഡീല്‍ എല്‍ഗറാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. 72 പന്തുകള്‍ നേരിട്ട് 48 റണ്‍സാണ് എല്‍ഗര്‍ നേടിയത്. മധ്യനിര താരം ടെമ്പ ബവുമ 63 പന്തുകളില്‍ 38 റണ്‍സ് നേടി. ഫിലാന്‍ഡര്‍ 37 റണ്‍സും കേശവ് മഹാരാജ് 22 റണ്‍സും നേടി. മറ്റ് താരങ്ങളാരും രണ്ടക്കം പോലും കടന്നില്ല.
ഇന്ത്യന്‍ ബോളര്‍മാരില്‍ രവീന്ദ്ര ജഡേജയും ഉമേഷ് യാദവും മൂന്ന് വിക്കറ്റ് വീതം നേടി. അശ്വിന്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി. മുഹമ്മദ് ഷമിയും ഇശാന്ത് ശര്‍മ്മയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.