കൊളംബോ: ചീത്തപ്പേര് മാറ്റാന്‍ രോഹിത് ശര്‍മ്മ തുനിഞ്ഞിറങ്ങിയപ്പോള്‍ ഇന്ത്യയ്ക്ക് ബംഗ്ലാദേശിനെതിരെ ഉജ്ജല വിജയം. നിര്‍ണ്ണായകമായ മത്സരത്തില്‍ രോഹിതിന്റെ അര്‍ധസെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ച്. 17 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. വിജയത്തോടെ ഇന്ത്യ നദാഹാസ് ത്രിരാഷ്ട്ര ടൂര്‍ണമെന്റി്‌ന്റെ ഫൈനലില്‍ പ്രവേശിച്ചു.

നിശ്ചിത ഓവറില്‍ ഇന്ത്യ ഉയര്‍ത്തിയ 177 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കാന്‍ ബംഗ്ലാദേശിന് സാധിച്ചില്ല. 72 റണ്‍സെടുത്ത റഹീമാണ് ബംഗ്ലാ കടുവകളുടെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്കായി വാഷിംഗ്ടണ്‍ സുന്ദര്‍ മൂന്ന് വിക്കറ്റുകള്‍ നേടി.

നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഇന്ത്യയ്ക്കായി രോഹിത് ശര്‍മ്മ നായകന്റെ ഇന്നിംഗ്‌സ് പുറത്തെടുക്കുകയായിരുന്നു. രോഹിത് 89 റണ്‍സ് നേടി. 61 പന്തില്‍ നിന്നുമായിരുന്നു രോഹിത് 89 റണ്‍സെടുത്തത്. അഞ്ച് സിക്‌സും അത്ര തന്നെ ഫോറും ഇതിലുള്‍പ്പെടും.

ഓപ്പണര്‍ ശിഖര്‍ ധവാനായിരുന്നു ആദ്യം വെടിക്കെട്ട് പുറത്തെടുത്തത്. ധവാന്‍ 35 റണ്‍സെടുത്താണ് പുറത്തായത്. ഒരു സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ധവാന്റെ ഇന്നിംഗ്‌സ്. റൂബെല്ലാണ് ധവാനെ പുറത്താക്കിയത്.

പിന്നാലെ വന്ന സുരേഷ് റെയ്‌നയും രോഹിതിന് നല്ല പിന്തുണ നല്‍കി. 45 പന്തില്‍ നിന്നും 47 റണ്‍സാണ് റെയ്‌നയുടെ സമ്പാദ്യം. രണ്ടുവിക്കറ്റെടുത്ത ഹൊസൈനാണ് ബംഗ്ലാദേശ് ബൗളര്‍മാരില്‍ തിളങ്ങിയത്. ശ്രീലങ്ക-ബംഗ്ലാദേശ് മത്സരത്തിലെ വിജയികള്‍ ഇന്ത്യയെ ഫൈനലില്‍ നേരിടും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ