കൊളംബോ: നിദാഹാസ് ട്രോഫിയുടെ കലാശപ്പോരാട്ടത്തിന്റെ അവസാന പന്തിൽ തോൽവി പിണഞ്ഞതിന്റെ വേദന ബംഗ്ലാദേശ് താരങ്ങളെ വേട്ടയാടുകയാണ്. അവസാന പന്ത് സിക്സർ പറത്തി ദിനേശ് കാർത്തിക് വിജയം തട്ടിപ്പറിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ അത് സംഭവിച്ചു, മൽസരത്തിന്റെ മുഴുവൻ സമയവും ആധിപത്യം പുലർത്തിയെങ്കിലും കണ്ണീർ പൊഴിക്കാനായിരുന്നു ബംഗ്ലാ കടുവകളുടെ വിധി. ഇത് ആദ്യമായല്ല ഇന്ത്യക്കെതിരെ ബംഗ്ലാദേശ് താരങ്ങൾ ഞെട്ടിപ്പിക്കുന്നൊരു തോൽവി ഏറ്റ് വാങ്ങുന്നത്.

2016 മാർച്ച് 23, ഐസിസിയുടെ ട്വന്റി-20 ലോകകപ്പിൽ സൂപ്പർ 10 പോരാട്ടത്തിലെ ഇന്ത്യ Vs ബംഗ്ലാദേശ് മൽസരത്തിലും അവസാന പന്തിലാണ് ബംഗ്ലാദേശ് തോൽവി അറിഞ്ഞത്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ആ മൽസരം ക്രിക്കറ്റ് പ്രേമികൾ ഒരിക്കലും മറക്കില്ല. സെമി സാധ്യത നിലനിർത്താൻ ജയം അനിവാര്യമായ ഇന്ത്യൻ ടീം ബംഗ്ലാദേശിനെതിരെ അനായാസ ജയം പ്രതീക്ഷിച്ചാണ് ഇറങ്ങിയത്.

ബോളർമാരുടെ ശവപ്പറമ്പ് എന്ന വിശേഷണമുളള ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ഇന്ത്യൻ താരങ്ങളുടെ കൂറ്റൻ അടികൾ പ്രതീക്ഷിച്ച് ഗാലറിയിലേക്ക് എത്തിയ കാണികളെ ബോളർമാർ നിരാശപ്പെടുത്തി. കൃത്യതയോടെ പന്തെറിഞ്ഞ മൊർത്താസയും മുസ്താഫിസൂർ റഹ്മാനും വിരാട് കോഹ്‌ലിയേയും കൂട്ടരേയും വെള്ളം കുടിപ്പിച്ചു. 23 പന്തിൽ 30 റൺസ് എടുത്ത സുരേഷ് റെയ്നയായിരുന്നു അന്ന് ഇന്ത്യയുടെ ടോപ് സ്കോറർ. കോഹ്‌ലി 24 ഉം, ധവാൻ 23 ഉം റൺസ് നേടി. നിശ്ചിത ഓവർ പിന്നിടുമ്പോൾ ഇന്ത്യക്ക് നേടാനായത് 147/7 എന്ന സ്കോർ മാത്രം.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിന് തുടക്കത്തിൽ ഓപ്പണർ മിഥുന്റെ വിക്കറ്റ് നഷ്ടമായിരുന്നു. എന്നാൽ വിശ്വസ്തനായ തമീം ഇക്ബാലും സാബിർ റഹ്മാനും ബംഗ്ലാദേശ് പ്രതീക്ഷകളെ മുന്നോട്ട് നയിച്ചു. തമീം 35 ഉം, സാബിർ 26​ റൺസും എടുത്താണ് പുറത്തായത്. ഇരുവരും പുറത്തായെങ്കിലും ഷക്കീബ് അൽഹസനും സൗമ്യ സർക്കാരും ബംഗ്ലാദേശിനെ വിജയത്തോട് അടുപ്പിച്ചു.

അവസാന ഓവറിൽ ബംഗ്ലാദേശിന് വേണ്ടത് 11 റൺസ് മാത്രം. മുഷ്ഫീഖർ റഹീമും, മഹമ്മദുള്ള റിയാദുമായിരുന്നു ക്രീസിൽ. ഹാർദിഖ് പാണ്ഡ്യയുടെ ആദ്യ പന്തിൽ ഒരു റൺസ് എടുത്ത മഹമ്മദുളള മുഷ്ഫീഖറിന് സ്ട്രൈക്ക് കൈമാറി. ഓവറിലെ രണ്ടാം പന്തും മൂന്നാം പന്തും അതിർത്തി കടത്തി മുഷ്ഫീഖർ ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 2 റൺസിലേക്ക് എത്തിച്ചു. എന്നാൽ അത്യന്തം നാടകീയ നിമിഷങ്ങൾക്കാണ് ചിന്നസ്വാമി സ്റ്റേഡിയം സാക്ഷിയായത്. നാലാം പന്തിൽ സിക്സറിന് ശ്രമിച്ച മുഷ്ഫീഖറിനെ ധവാൻ പിടിച്ച് പുറത്താക്കി. തൊട്ടടുത്ത പന്ത് ഫുൾടോസ് ആയിരുന്നെങ്കിലും മഹമ്മദുള്ളയുടെ ഷോട്ട് രവീന്ദർ ജഡേജയുടെ കൈകളിൽ അവസാനിച്ചതോടെ ബംഗ്ലാദേശ് വിറച്ചു.

അവസാന പന്ത് നേരിട്ടത് വാലറ്റക്കാരൻ ശുവഗത്ത. ബംഗ്ലാദേശിന് ജയിക്കാൻ 1 പന്തിൽ 2 റൺസ്. ഓഫ്സൈഡിന് പുറത്തേക്ക് പന്തെറിഞ്ഞ പണ്ഡ്യ ബാറ്റ്സ്മാനെ കബളിപ്പിച്ചു. പന്ത് നേരെ ചെന്നത് ധോണിയുടെ കയ്യിൽ. റൺസിനായി ബംഗ്ലാദേശ് ബാറ്റ്സ്മാൻമാർ ഓടിയെങ്കിലും മിന്നൽവേഗത്തിൽ ഓടിയെത്തിയ ധോണി വിക്കറ്റ് തെറിപ്പിക്കുകയും മുസ്താഫിസൂർ റഹ്മാനെ റണ്ണൗട്ടാക്കുകയും ചെയ്തു. മൽസരത്തിൽ 1 റൺസിനാണ് ഇന്ത്യ വിജയിച്ചത്. സൂപ്പർ 10 ഘട്ടത്തിലെ ഈ മൽസരം തോറ്റിരുന്നെങ്കിൽ ഇന്ത്യക്ക് സെമിയിൽ എത്താൻ കഴിയുമായിരുന്നില്ല.

ഇന്നലെ നടന്ന മൽസരത്തിലും അവസാന പന്തിലാണ് ബംഗ്ലാദേശ് കലംഉടച്ചത്. അവസാന പന്തിൽ ജയിക്കാൻ 5 റൺസ് വേണമെന്നിരിക്കെ സൗമ്യ സർക്കാരിന്റെ പന്തിൽ സിക്സർ പറത്തിയാണ് ദിനേശ് കാർത്തിക് ഇന്ത്യക്ക് കിരീടം സമ്മാനിച്ചത്. ദിനേശ് കാർത്തിക്കാണ് കളിയിലെ താരം. സ്കോ​​ർ: ബം​​ഗ്ലാ​​ദേ​​ശ് 20 ഓ​​വ​​റി​​ൽ എ​​ട്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 166. ഇ​​ന്ത്യ 20 ഓ​​വ​​റി​​ൽ ആ​​റ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 168.

അവസാന പന്ത് വരെ നാം ജാഗരൂകരായിക്കണം എന്ന പാഠമാണ് ഇന്ത്യ ബംഗ്ലാദേശിന് നൽകുന്നത്. അനിശ്ചിതത്വമാണ് ക്രിക്കറ്റിന്റെ സൗന്ദര്യമെന്നതും ലോകത്തിന് കാട്ടിക്കൊടുക്കാൻ ഇന്ത്യൻ താരങ്ങൾക്ക് കഴിഞ്ഞിരിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook