ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവി സ്‌ട്രോങ്ങാണെന്ന് ചുമ്മാ പറയുന്നതല്ലെന്ന് തെളിയിച്ച് യുവനിര. ഇന്ത്യന്‍ അണ്ടര്‍ 20 ടീം തകര്‍ത്തത് സാക്ഷാല്‍ അര്‍ജന്റീനയെയാണ്. ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ എന്നെന്നും ഓര്‍ത്തുവയ്ക്കാവുന്ന വിജയമായി മാറിയിരിക്കുകയാണ് അണ്ടര്‍ 20 ടീമിലെ ചുണക്കുട്ടികളുടെ പ്രകടനം.

സ്പെയിനില്‍ നടക്കുന്ന കോടിഫ് കപ്പില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ത്രസിപ്പിക്കുന്ന വിജയം. അര്‍ജന്റീനയുടെ പ്രതാപത്തെ യാതൊരു ആശങ്കയും ഭയവുമില്ലാതെയാണ് ഇന്ത്യ നേരിട്ടത്. തുടക്കത്തില്‍ തന്നെ ആക്രമിച്ചു കളിച്ച ഇന്ത്യ തന്നെയാണ് ആദ്യം വല കുലുക്കിയതും. നാലാം മിനിറ്റില്‍ ദീപകാണ് ഹെഡറിലൂടെ അര്‍ജന്റീനന്‍ ഗോളിയെ മറികടന്ന് ഇന്ത്യക്ക് ലീഡ് ഉയര്‍ത്തിയത്.

പിന്നെ ഗോളടിക്കാന്‍ ശ്രമിക്കുന്നതിനോടൊപ്പം തന്നെ സ്വന്തം വല കാക്കാനും ഇന്ത്യയ്ക്ക് സാധിച്ചു. ഇതോടെ ആദ്യ പകുതി അവസാനിക്കും വരെ സ്‌കോര്‍ 1-0 ല്‍ തന്നെ നിന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ അനികേതിന് ചുവപ്പ് കാര്‍ഡ് കിട്ടിയത് ഇന്ത്യയെ പ്രതിരോധത്തിലാക്കി. പത്ത് പേരായി ചുരുങ്ങിയ ഇന്ത്യ ആദ്യമൊന്ന് പിന്നോട്ട് വലിഞ്ഞെങ്കിലും പിന്നീട് മുന്നോട്ട് കയറി. അന്‍വര്‍ അലിയിലൂടെ അര്‍ജന്റീനന്‍ വലകുലുക്കി ലീഡ് ഉയര്‍ത്തുകയായിരുന്നു. 68-ാം മിനിറ്റിലാണ് അന്‍വര്‍ അലി ഒരു ലോങ് റേഞ്ചിലൂടെ 2-0 എന്ന നിലയില്‍ ടീമിനെ മുന്നില്‍ എത്തിച്ചത്.

വിജയത്തിന് അരികെ ഇന്ത്യ എത്തി നില്‍ക്കെ ഒരു ഗോള്‍ മടക്കി അര്‍ജന്റീന ഭീഷണി ഉയര്‍ത്തിയെങ്കിലും പ്രതിരോധ കോട്ട തീര്‍ത്ത് ഇന്ത്യ ചരിത്ര ജയം ഉറപ്പിക്കുകയായിരുന്നു. കോടിഫ് കപ്പില്‍ കഴിഞ്ഞ മത്സരത്തില്‍ വെനിസ്വേലയെ സമനിലയില്‍ പിടിക്കാനും ഇന്ത്യക്കായിരുന്നു. ഇന്ന് ജയിച്ചു എങ്കിലും ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. 9 പോയിന്റോടെ അര്‍ജന്റീനയും 7 പോയിന്റോടെ വെനിസ്വേലയുമാണ് ഗ്രൂപ്പ് ഘട്ടം കടന്നത്.

ഇന്ത്യന്‍ അണ്ടര്‍ 16 ടീം ഏഷ്യന്‍ ചാമ്പ്യന്മാരായ ഇറാനെ തോല്‍പ്പിച്ച അതേ രാത്രിയാണ് അണ്ടര്‍ 20 ടീം അര്‍ജന്റീനയെയും തോല്‍പ്പിച്ചത് എന്നത് ഇരട്ടി മധുരമായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook