മൊഹാലി: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം. ഇന്നിങ്സിനും 222 റണ്‍സിനുമായിരുന്നു ലങ്കയെ പരാജയപ്പെടുത്തിയത്. ആതിഥേയര്‍ ഉയര്‍ത്തിയ 574 എന്ന പടുകൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന സന്ദര്‍ശകര്‍ ആദ്യ ഇന്നിങ്സില്‍ 174 റണ്‍സിനും രണ്ടാം ഇന്നിങ്സില്‍ 178 റണ്‍സിനും പുറത്തായി. രവീന്ദ്ര ജഡേജ-രവിചന്ദ്രന്‍ അശ്വിന് സ്പിന്‍ ദ്വയമാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്.
108-4 എന്ന നിലയില്‍ മൂന്നാം ദിനം കളിയാരാംഭിച്ച ലങ്കയ്ക്ക് മുന്നിലുണ്ടായിരുന്നത് 466 റണ്‍സും മൂന്ന് ദിവസവുമായിരുന്നു. എന്നാല്‍ ഇന്ത്യയുടെ കൃത്യതയാര്‍ന്ന ബോളിങ് അതിജീവിക്കാനായില്ല. അഞ്ച് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയായിരുന്നു മുന്നില്‍ നിന്ന് നയിച്ചത്. അശ്വിനും ബുംറയും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ഷമി ഒരു വിക്കറ്റും പിഴുതു.
ആദ്യ ഇന്നിങ്സില്‍ ശ്രീലങ്കന്‍ നിരയില്‍ ആറ് പേരാണ് രണ്ടക്കം കാണാതെ പുറത്തായത്. 61 റണ്‍സെടുത്ത പാത്തും നിസങ്ക മാത്രമാണ് അല്‍പ്പമെങ്കിലും പൊരുതിയത്. അസലങ്ക (29), കരുണരത്നെ (28) എന്നിവരാണ് താരത്തിന് പിന്തുണ നല്‍കിയത്. മാത്യൂസ് (22), തിരിമനെ (17) എന്നിവരാണ് മറ്റ് പ്രധാന സ്കോറര്‍മാര്‍.
രണ്ടാം ഇന്നിങ്സിലും സമാനമായിരുന്നു ലങ്കയുടെ പ്രകടനം. കരുണരത്നെ (27), എയ്ജലൊ മാത്യൂസ് (28), ദനഞ്ജയ ഡി സില്‍വ (30), നിരോഷാന്‍ ഡിക്വെല്ല (51) എന്നിവരാണ് പൊരുതിയത്. ആദ്യ ഇന്നിങ്സിനേക്കാള്‍ കരുതലോടെ ബാറ്റ് ചെയ്തെങ്കിലും പിന്നീട് ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു ലങ്കന്‍ നിര.
നാല് വിക്കറ്റ് വീതം നേടിയ ജഡേജയും അശ്വിനുമായിരുന്നു രണ്ടാം ഇന്നിങ്സിലും വിക്കറ്റ് വേട്ടയ്ക്ക് നേതൃത്വം നല്‍കിയത്. മുഹമ്മദ് ഷമി രണ്ട് വിക്കറ്റും നേടി. ജയത്തോടെ രണ്ട് മത്സരങ്ങളുള്ള പരമ്പരയില്‍ 1-0 ന് ഇന്ത്യ മുന്നിലെത്തി. ഒന്‍പത് വിക്കറ്റും പുറത്താകാതെ 175 റണ്‍സും നേടിയ രവീന്ദ്ര ജഡേജയാണ് കളിയിലെ താരം.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ജഡേജ (175*), റിഷഭ് പന്ത് (96), അശ്വിന് (61), ഹനുമ വിഹാരി (58) എന്നിവരുടെ മികവിലാണ് പടുകൂറ്റന്‍ സ്കോര്‍ ഉയര്‍ത്തിയത്. ശ്രീലങ്കയ്ക്കായി സുരങ്ക ലക്മല്‍, വിശ്വ ഫെര്‍ണാണ്ടൊ, ലസിത് എംബുള്‍ഡെനിയ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.
Also Read: വനിതാ ലോകകപ്പ്: മിതാലിയും പിള്ളേരും തുടങ്ങി; പാക്കിസ്ഥാനെതിരെ കൂറ്റന്‍ ജയം