മുംബൈ: ത്രിരാഷ്ട്ര ഫുട്ബോൾ ടൂർണ്ണമെന്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യ മൗറീഷ്യസിനെ തോൽപ്പിച്ചു. ഒരു ഗോളിന് പുറകിൽ നിന്ന ശേഷമാണ് മൗറീഷ്യസിനെ രണ്ട് ഗോളിന് ഇന്ത്യ മറികടന്നത്. പതിനഞ്ചാം മിനിറ്റിൽ മെർവിൻ ജോസ്ലിനിലൂടെ മുന്നിലെത്തിയ മൗറീഷ്യസിനെ റോബിൻ സിംഗ്(37), ബൽവന്ദ് സിംഗ് (62) എന്നിവരുടെ ഗോളുകളിലൂടെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

പ്രതിരോധത്തിലെ പിഴവുകൾ മുതലെടുത്ത് ആദ്യ ഘട്ടത്തിൽ ആക്രമിച്ച മൗറീഷ്യസ് ഇന്ത്യ നിലയുറപ്പിക്കും മുൻപ് തന്നെ ഗോൾ നേടി. ഗോൾ വഴങ്ങിയതോടെ സന്ദേശ് ജിംഗന്റെ നേതൃത്വത്തിൽ പ്രതിരോധ നിര കൂടുതൽ ശക്തിപ്പെടുത്തി. ഇതിനിടെ മൗറീഷ്യസിന്റെ പ്രതിരോധ നിരയെ കബളിപ്പിച്ച് മുന്നേറിയ റോബിൻ സിംഗ് ആദ്യ പകുതിയിൽ തന്നെ ഇന്ത്യയ്ക്കായി സമനിലഗോൾ സമ്മാനിച്ചു.

രണ്ടാം പകുതിയിൽ റോബിൻ സിംഗിന് പകരം തുടക്കത്തിൽ തന്നെ ബൽവന്ദ് സിംഗിനെ ഇറക്കി സ്റ്റീഫൻ കോൺസ്റ്റന്റൈന്റെ തീരുമാനം ശരിവെക്കും വിധത്തിലായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. ജെജെ കൈമാറിയ പന്തുമായി മുന്നേറിയ ബൽവന്ദ് സിംഗ് അനായാസം പന്ത് വലയിലാക്കി. ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ തുടർച്ചയായ ഒൻപതാം വിജയമാണിത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ