അയര്‍ലന്‍ഡിനെ കരുത്ത് കാട്ടി വിറപ്പിച്ച് ഇന്ത്യ. ഓപ്പണര്‍മാരുടെ ബാറ്റിങ് മികവിലും കുല്‍ദീപിന്റെ ബോളിങ് മികവിലും ഇന്ത്യയ്‌ക്ക് ആദ്യ ട്വന്റി-20യില്‍ 76 റണ്‍സിന്റെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 209 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യം ചെയ്‌സ് ചെയ്യാനെത്തിയ അയര്‍ലന്‍ഡ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 132 റണ്‍സെടുത്ത് ഇന്നിങ്സ് അവസാനിപ്പിക്കുകയായിരുന്നു.

തന്റെ കരിയറിലെ ഏറ്റവും മികച്ച ട്വന്റി-20 പ്രകടനം പുറത്തെടുത്ത കുല്‍ദീപാണ് ഐറിഷ് ബാറ്റ്‌സ്‌മാന്മാരെ വരിഞ്ഞ് മുറുക്കിയത്. കുല്‍ദീപ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. അതേസമയം, ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയുടേയും ശിഖര്‍ ധവാന്റേയും വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യയ്‌ക്ക് ഉജ്ജ്വല സ്‌കോര്‍ സമ്മാനിച്ചത്. രോഹിത് 97 റണ്‍സെടുത്തപ്പോള്‍ ധവാന്‍ 74 റണ്‍സെടുത്തു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അയര്‍ലന്‍ഡിനായി ഷാനോന്‍ 60 റണ്‍സുമായി പൊരുതി നിന്നെങ്കിലും വിജയം കാണാനായില്ല. ഐറിഷ് നിരയില്‍ മറ്റാരും തന്നെ തിളങ്ങിയില്ല. ഇതോടെ രണ്ട് മൽസരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്‍ തൂക്കം ഉറപ്പിക്കുകയും ചെയ്‌തു. മൂന്ന് വിക്കറ്റുമായി ചാഹലും കുല്‍ദീപിന് മികച്ച പിന്തുണ നല്‍കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ