മിർപൂർ: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ജയം. രണ്ടാം ഇന്നിങ്സിൽ 145 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ ജയം സ്വന്തമാക്കി. രവിചന്ദ്ര അശ്വിനും ശ്രേയസ് അയ്യരും ചേർന്നാണ് ഇന്ത്യയ്ക്ക് മികച്ച ജയം സമ്മാനിച്ചത്. ഇതോടെ പരമ്പര 2-0 ന് ഇന്ത്യ നേടി.
അശ്വിനാണ് ഇന്ത്യയുടെ ടോപ് സ്കോറർ (42 റൺസ്). അക്സർ പട്ടേൽ 34 റൺസും ശ്രേയസ് അയ്യർ പുറത്താകാതെ 29 റൺസുമെടുത്തു. ഇന്ത്യയുടെ മുൻനിര ബാറ്റ്സ്മാന്മാർ ആർക്കും രണ്ടക്കം കടക്കാനായില്ല. ശുഭ്മൻ ഗിൽ (7), ക്യാപ്റ്റൻ കെ.എൽ. രാഹുൽ (2), ചേതേശ്വർ പൂജാര (6), വിരാട് കോലി (1), ഋഷഭ് പന്ത് (9) എന്നിവരാണ് ബംഗ്ലാദേശ് ബോളർമാർക്ക് മുന്നിൽ വീണത്.
നാലാം ദിനമായ ഇന്ന് ഇന്ത്യയ്ക്ക് ജയിക്കാൻ 100 റൺസ് കൂടി വേണമായിരുന്നു. രണ്ടാം ഓവറിൽതന്നെ ജയ്ദേവ് ഉനദ്കട്ടിന്റെ വിക്കറ്റ് നഷ്ടമായി. പിന്നാലെ ഋഷഭ് പന്തും അക്സഞ്ഞ പട്ടേലും പുറത്തായി. ഇതോടെ ഇന്ത്യൻ നില പരുങ്ങലിലായി. എന്നാൽ അശ്വിനും ശ്രേയസ് അയ്യരും ചേർന്ന് ഇന്ത്യയെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. അശ്വിൻ 62 പന്തിൽ 42 റൺസും അയ്യർ 46 പന്തിൽ 29 റൺസും നേടിയാണ് ഇന്ത്യയെ വിജയ തീരത്തേക്ക് എത്തിച്ചത്.
രണ്ടാം ഇന്നിങ്സിൽ ബംഗ്ലദേശ് 231 റൺസിനു പുറത്തായിരുന്നു. അർധ സെഞ്ചറി നേടിയ ലിറ്റൻ ദാസാണ് ബംഗ്ലദേശിന്റ ടോപ് സ്കോറർ. സാകിര് ഹസൻ 51 റൺസെടുത്തു. ഇന്ത്യയ്ക്കായി അക്സർ പട്ടേൽ മൂന്നും മുഹമ്മദ് സിറാജും രവിചന്ദ്രന് അശ്വിനും രണ്ട് വിക്കറ്റ് വീതവും ഉമേഷ് യാദവും ജയദേവ് ഉനദ്കട്ടും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.