ഇന്ത്യയില്‍ ആദ്യമായി ടെസ്റ്റ് പരമ്പരയ്ക്കെത്തിയ ബംഗ്ലാദേശിനെതിരെ ആതിഥേയര്‍ക്ക് തകര്‍പ്പന്‍ വിജയം. ഏക ടെസ്റ്റില്‍ 208 റണ്‍സിന് ബംഗ്ലാദേശിനെ തോല്‍പ്പിച്ച ഇന്ത്യ ജപരമ്പര സ്വന്തമാക്കി. മൂന്നിന് 103 എന്ന നിലയില്‍ അഞ്ചാം ദിനം രണ്ടാമിന്നിങ്സ് പുനരാംരംഭിച്ച ബംഗ്ലാദേശിന്‍റെ രണ്ടാം ഇന്നിങ്സ് 250 റണ്‍സിന് അവസാനിച്ചു.

നാല് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ അശ്വിനും ജഡേജയുമാണ് സന്ദര്‍ശകരെ കുരുക്കിയത്. ഇഷാന്ത് ശര്‍മ്മ രണ്ട് വിക്കറ്റ് നേടി. ഇന്ത്യ റണ്‍മല ഉയര്‍ത്തിയപ്പോള്‍ പൊരുതി തന്നെയാണ് ബംഗ്ലാ കടുവകള്‍ തോല്‍വി വഴങ്ങിയത്. ഉച്ചഭക്ഷണത്തിന് മുമ്പ് ബംഗ്ലാദേശിന് പ്രതീക്ഷ നല്‍കി മെഹ്മദുള്ള ക്രീസില്‍ തുടര്‍ന്നു. എന്നാല്‍ 64 റണ്‍സെടുത്ത മെഹ്മദുള്ള പുറത്തായതോടെ ബംഗ്ലാദേശ് തോല്‍വി ഉറപ്പിച്ചു. തോല്‍വി അറിയാതെ ടെസ്റ്റില്‍ ഇത് ആറാം പരമ്പരയാണ് ഇന്ത്യ സ്വന്തമാക്കുന്നത്.

നേരത്തെ ഇരട്ട ശതകം നേടിയ ക്യാപ്റ്റന്‍ വിരാട് കോലിയുടെയും സെഞ്ചുറിയടിച്ച മുരളി വിജയുടെയും വൃദ്ധിമാന്‍ സാഹയുടെയും മികവില്‍ ഇന്ത്യ ആദ്യ ഇന്നിങ്‌സ് ആറു വിക്കറ്റിന് 687 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് 388 റണ്‍സിനാണ് ആതിഥേയര്‍ പുറത്തായത്. രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ നാല് വിക്കറ്റിന് 159 എന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത് 459 റണ്‍സിന്റെ വിജയലക്ഷ്യം ബംഗ്ലാദേശിന് മുന്നില്‍ വെക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ