കൊൽക്കത്ത: കൊൽക്കത്തയിൽ നടക്കുന്ന ഇന്ത്യയുടെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റിൽ ബംഗ്ലാദേശിനെ ഇന്ത്യൻ ബോളർമാർ എറിഞ്ഞിട്ടു. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് വെറും 106 റൺസിന് ഓൾഔട്ടായി. അഞ്ച് വിക്കറ്റുകൾ നേടിയ ഇഷാന്ത് ശർമയാണ് ബംഗ്ലാദേശിനു കനത്ത തിരിച്ചടി നൽകിയത്. ബംഗ്ലാദേശിന്റെ അവസാന വിക്കറ്റ് സ്വന്തമാക്കിയത് മൊഹമ്മദ് ഷമിയാണ്. ബംഗ്ലാദേശിന്റെ അവസാന വിക്കറ്റും സ്വന്തമാക്കിയ ശേഷം ഇന്ത്യൻ താരങ്ങൾ പൊട്ടിച്ചിരിച്ചാണ് ഡ്രസിങ് റൂമിലേക്ക് മടങ്ങിയത്. അതിനു കാരണക്കാരൻ സാക്ഷാൽ രോഹിത് ശർമയും ചേതേശ്വർ പുജാരയും.
31-ാം ഓവറിന്റെ മൂന്നാം പന്തിലാണ് രസകരമായ സംഭവം നടക്കുന്നത്. മുഹമ്മദ് ഷമിയുടെ 11-ാം ഓവറായിരുന്നു അത്. ക്രീസിൽ ബംഗ്ലാദേശിന്റെ അവസാന ബാറ്റ്‌സ്‌മാൻ അബു ജയേദ്. ഷമിയുടെ പന്തിനെ നേരിട്ട അബു ജയേദ് സ്ലിപ്പിൽ ഓഫ് സെെഡിലേക്ക് ക്യാച്ച് നൽകി. സ്ലീപ്പിലുണ്ടായിരുന്ന രോഹിത് ശർമയുടെ കയ്യിലേക്കാണ് പന്ത് എത്തിയത്. എന്നാൽ, പന്ത് രോഹിതിന്റെ കയ്യിൽ തട്ടി അപ്പുറത്തേക്ക് പോയി. തൊട്ടടുത്തുനിന്നിരുന്ന പുജാര നിമിഷനേരം കൊണ്ട് അത് സ്വന്തമാക്കി. പന്ത് എങ്ങോട്ടാണ് പോയതെന്ന് രോഹിത് ശർമയ്‌ക്ക് വ്യക്തമായില്ല.
Read Also: പകൽ രാത്രി ടെസ്റ്റ് പിങ്ക് ബോൾ ക്രിക്കറ്റായി പരിണമിക്കുമോ ?
പന്ത് കാണാൻ സാധിക്കാതെ രോഹിത് അങ്ങോട്ടും ഇങ്ങോട്ടും തിരിയുന്നത് വീഡിയോയിൽ കാണാം. അപ്പോഴേക്കും മറ്റ് താരങ്ങൾ വിക്കറ്റ് നേടിയതിന്റെ ആഘോഷം ആരംഭിച്ചു. പന്തെറിഞ്ഞ ഷമിക്കും നായകൻ വിരാട് കോഹ്‌ലിക്കും ഇത് കണ്ട് ചിരിയടക്കാൻ സാധിച്ചില്ല. രോഹിത്തിനൊപ്പം സ്ലിപ്പിൽ തന്നെയായിരുന്നു കോഹ്‌ലിയും നിന്നിരുന്നത്. എല്ലാവരും വിക്കറ്റ് നേടിയ ശേഷം പുജാരയ്ക്ക് അരികിലേക്ക് പോയപ്പോൾ കോഹ്‌ലി ചിരിച്ചുകൊണ്ട് രോഹിത്തിന് കെെ കൊടുത്തു.
അഞ്ച് വിക്കറ്റ് നേടിയ ഇഷാന്ത് ശർമയുടെ കരുത്തിലാണ് ഇന്ത്യ ബംഗ്ലാദേശിനെ 106 റൺസിൽ ഒതുക്കിയത്. മൂന്നു വിക്കറ്റുമായി ഉമേഷ് യാദവും രണ്ടുവിക്കറ്റുമായി മുഹമ്മദ് ഷമിയും ഇന്ത്യൻ ടീമിന്റെ നെടുംതൂണായി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന് തുടക്കം മുതൽ പിഴച്ചു. നാലു റൺസെടുത്ത ഇമ്രുൾ കായിസിനെ മടക്കി ഇഷാന്ത് ശർമയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. പിന്നാലെ മൊമിനുൾ ഹഖിനെയും മുഹമ്മദ് മിഥുനെയും അടുത്തടുത്ത പന്തുകളിൽ ഉമേഷ് കൂടാരം കയറ്റി. കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ മുഷ്ഫിഖുർ റഹ്മാന്റെ വിക്കറ്റ് തെറിപ്പിച്ചത് ഷമിയായിരുന്നു. ക്രീസിൽ നിലയുറപ്പിച്ച ഷദ്മാനെ സാഹയുടെ കൈകളിൽ എത്തിച്ച് ഉമേഷ് വീണ്ടും ഇന്ത്യയ്ക്ക് മേൽക്കൈ നൽകി.
വീഡിയോ കാണാൻ ലിങ്കിൽ ക്ലിക് ചെയ്യുക
ലിറ്റൺ ദാസ് ടീമിന്റെ സ്കോർ വേഗത കൂട്ടിയെങ്കിലും പരുക്ക് മൂലം ക്രീസ് വിട്ടതോടെ ടീം തകർന്നു. 19 റൺസെടുത്ത നയീം ഹസനെ ഇഷാന്ത് ശർമ്മ എറിഞ്ഞിട്ടതോടെ ബംഗ്ലാദേശിന്റെ നടുവൊടിഞ്ഞു. പിന്നാലെ എത്തിയ എല്ലാവരും വളരെ പെട്ടെന്ന് തന്നെ മടങ്ങി. 29 റൺസെടുത്ത ഷദ്മാൻ ഇസ്‌ലാമാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ. ലിറ്റൺ ദാസ് 24 റൺസെടുത്തു.