പൊച്ചെഫ്സ്ട്രൂം: ദക്ഷിണാഫ്രിക്കയിൽ നടന്ന അണ്ടർ 19 ലോകകപ്പിൽ നിലവിലെ ചാംപ്യന്മാരായ ഇന്ത്യയെ വീഴ്ത്തി ബംഗ്ലാദേശ് ലോക കിരീടം സ്വന്തമാക്കിയിരുന്നു. മഴ തടസപ്പെടുത്തിയ മത്സരത്തിൽ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം മൂന്ന് വിക്കറ്റിനായിരുന്നു കുട്ടികടുവകളുടെ വിജയം. ക്രിക്കറ്റ് പലപ്പോഴും മാന്യന്മാരുടെ കളി എന്ന വിശേഷണം സ്വന്തമാക്കാറുണ്ടെങ്കിലും ഇന്നലെ കൗമരതാരങ്ങളുടെ ഭാഗത്ത് നിന്നുണ്ടായത് അത്തരമൊരു വിശേഷണത്തിന് ചേർന്ന പ്രവൃത്തിയല്ല.

മത്സരം അവസാനിച്ചതിന് തൊട്ടുപിന്നാലെ അയൽക്കാർ മൈതാനത്ത് ഏറ്റുമുട്ടി. മത്സരത്തിലുടനീളം ഇന്ത്യൻ താരങ്ങൾക്കു നേരെ ബംഗ്ലാദേശ് താരങ്ങൾ ആക്രോശിക്കുകയും തട്ടികയറുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയാണ് മത്സരശേഷവും തുടർന്നത്. ഒരു ഇന്ത്യൻ താരം ബംഗ്ലാദേശ് താരത്തെ തള്ളിയിടുന്നതിന്റെ ദൃശ്യങ്ങൾ ലഭ്യമാണ്. എന്നാൽ ആരാണ് പ്രകോപനപരമായി സംസാരിച്ചതെന്നും പെരുമാറിയതെന്നും വ്യക്തമല്ല.

Also Read: കണ്ണീർ’മഴ’യിൽ ഇന്ത്യ; ചരിത്രമെഴുതി ബംഗ്ലാദേശിന് അണ്ടർ 19 ലോക കിരീടം

എന്നാൽ സമൂഹമാധ്യമങ്ങളിൽ ഇരു ടീമുകളുടെയും പ്രവൃത്തിയെ എതിർത്ത് ക്രിക്കറ്റ് ആരാധകർ രംഗത്തെത്തി. ക്രിക്കറ്റ് പലപ്പോഴും യുദ്ധമായി മാറുന്നത് ഇങ്ങനെയാണെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ ഇത് മാന്യന്മാരുടെ കളിയാണെന്ന് അവർക്ക് പറഞ്ഞുകൊടുക്കാനായിരുന്നു ചിലരുടെ കമന്റ്. ഇങ്ങെനെയാണോ വിജയാഘോഷം എന്നായിരുന്നു ഇന്ത്യൻ ആരാധകരുടെ ചോദ്യം.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 178 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് ഇന്നിങ്സ് പുരോഗമിക്കുന്നതിനിടയിൽ മഴ എത്തി. ഇതോടെ 46 ഓവറിൽ 170 റൺസായി വിജയലക്ഷ്യം പുനർനിശ്ചയിച്ചു. മൂന്ന് വിക്കറ്റ് ബാക്കിയാക്കി ബംഗ്ലാദേശ് അതിവേഗം വിജയതീരം താണ്ടി. മറുപടി ബാറ്റിങ്ങിൽ ഓപ്പണർ പർവേസിന്റെയും നായകൻ അക്ബർ അലിയുടെയും ഇന്നിങ്സാണ് ബംഗ്ലാദേശിന് കരുത്തായത്.

Also Read: പെറിയുടെ പന്തിൽ ഫോറടിച്ച് സച്ചിൻ; ക്രിക്കറ്റ് പ്രേമികൾക്ക് രോമാഞ്ചിഫിക്കേഷൻ, വീഡിയോ

ഇന്ത്യൻ നിരയിൽ യശസ്വി ജയ്സ്വാളിനും രവി ബിഷ്ണോയിക്കും മാത്രമാണ് തിളങ്ങാനായത്. അർധസെഞ്ചുറിയുമായി ഒരിക്കൽ കൂടി കളം നിറഞ്ഞ യശസ്വിയുടെ ഇന്നിങ്സ് ബലത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോറിലെങ്കിലുമെത്തിയത്. മറുപടി ബാറ്റിങ്ങിൽ അനായാസം വിജയത്തിലേക്ക് കുതിച്ച ബംഗ്ലാദേശിന്റെ നാല് മുൻനിര വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ പ്രതീക്ഷകൾ സജീവമാക്കിയത് രവിയുമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook