അഡ്‌ലെയ്ഡ്: ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് 235 ന് അവസാനിച്ചു. രണ്ടാം ദിനത്തിൽ ഏഴിന് 191 നിലയിലായിരുന്നു ഓസ്ട്രേലിയ. മൂന്നാം ദിനത്തിൽ ഉച്ച ഭക്ഷണത്തിനു മുൻപേ 235 റൺസിന് എല്ലാവരും പുറത്തായി. ഓസ്ട്രേലിയൻ ടീമിനെ മുന്നിൽ നിന്നും നയിച്ച ട്രാവിസ് ഹെഡിനെ മൂന്നാം ദിനത്തിൽ മുഹമ്മദ് ഷമിയാണ് വീഴ്ത്തിയത്. അർധ സെഞ്ചുറി നേടിയ ഹെഡിന് മൂന്നാം ദിനത്തിൽ 11 റൺസ് കൂടി നേടാൻ മാത്രമേ കഴിഞ്ഞുളളൂ. ഇന്ത്യയ്ക്കായി അശ്വിനും ബുംമ്രയും മൂന്നു വീതവും ഇഷാന്ത് ശർമ്മയും ഷമിയും രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി.

രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. ഇന്ത്യയ്ക്ക് രണ്ടു വിക്കറ്റുകൾ നഷ്ടമായി. 44 റൺസെടുത്ത കെ.എൽ.രാഹുലിന്റെയും 18 റൺസെടുത്ത മുരളി വിജയ്‌യുടെയും വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 76 റൺസെടുത്തിട്ടുണ്ട്.

ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് 250 ൽ അവസാനിച്ചിരുന്നു. ചേതേശ്വർ പൂജാരുടെ സെഞ്ചുറിയാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. മുന്‍ നിര ബാറ്റ്‌സ്മാന്മാരെ നേരത്തെ നഷ്ടപ്പെട്ടതോടെ ഉത്തരവാദിത്വത്തോടെ കളിച്ച പൂജാര സെഞ്ചുറി പൂര്‍ത്തിയാക്കുകയായിരുന്നു. 245 പന്തുകള്‍ നേരിട്ട പൂജാര 123 റണ്‍സെടുത്തു പുറത്തായി. ഓസ്ട്രേലിയയില്‍ പൂജാരയുടെ ആദ്യ സെഞ്ചുറിയാണിത്. ഓപ്പണിങ് ബാറ്റ്‌സ്മാന്മാരായ മുരളി വിജയ്‌യും കെ.എല്‍.രാഹുലും നായകന്‍ വിരാട് കോഹ്‌ലിയുമെല്ലാം നേരത്തെ തന്നെ കൂടാരം കയറിയ കളിയില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കിയത് പൂജാരയാണ്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്കും ബാറ്റിങ് തകർച്ചയായിരുന്നു. ഓപ്പണർ താരമായ ഫിഞ്ച് തുടക്കത്തിൽ തന്നെ കൂടാരം കയറി. റൺസൊന്നും എടുക്കാതെയാണ് ഫിഞ്ച് കളം വിട്ടത്. ഹാരിസ് 26 ഉം ഖവാജ 28 ഉം റൺസെടുത്ത് പുറത്തായി. ട്രാവിസ് ഹെഡ് മാത്രമാണ് ഓസ്ട്രേലിയൻ നിരയിൽ പിടിച്ചുനിന്നത്. ഹെഡ് 72 റൺസെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook