Latest News

പൊരുതി വീണ് ഇന്ത്യ; കങ്കാരുക്കൾക്ക് ആശ്വാസ ജയം

ഓസ്ട്രേലിയ ഉയർത്തിയ 187 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുക്കാനെ കഴിഞ്ഞുള്ളു

ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ ടി20 പരമ്പരയിൽ ആതിഥേയർക്ക് ആശ്വസ ജയം. മൂന്നാം മത്സരത്തിൽ ഇന്ത്യയെ 12 റൺസിനാണ് ഓസ്ട്രേലിയ പരാജയപ്പെടുത്തിയത്. ഓസ്ട്രേലിയ ഉയർത്തിയ 187 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുക്കാനെ കഴിഞ്ഞുള്ളു. അതേസമയം ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു.

മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ഇന്നിങ്സിലെ രണ്ടാം പന്തിൽ തന്നെ അക്കൗണ്ട് തുറക്കാതെ ഓപ്പണർ കെ.എൽ രാഹുൽ കൂടാരം കയറി. എന്നാൽ രണ്ടാം വിക്കറ്റിൽ ശിഖർ ധവാനൊപ്പം ചേർന്ന് നായകൻ വിരാട് കോഹ്‌ലി ബാറ്റിങ് ഉത്തരവാദിത്വം ഏറ്റെടുത്തു. മൂന്ന് ബൗണ്ടറികളുമായി ധവാനും മികച്ച പിന്തുണ നൽകിയെങ്കിലും ക്രീസിൽ നിലയുറപ്പിക്കാൻ സാധിച്ചില്ല. 28 റൺസും താരം കൂടാരം കയറി.

പിന്നാലെ എത്തിയ സഞ്ജുവിനും (10) ശ്രേയസ് അയ്യർക്കും (0) കാര്യമായി ഒന്നും ഇന്ത്യൻ ഇന്നിങ്സിൽ ചെയ്യാനായില്ല. കഴിഞ്ഞ മത്സരത്തിൽ വെടിക്കെട്ട് പ്രകടനവുമായി തിളങ്ങിയ ഹാർദിക് പാണ്ഡ്യയും 20 റൺസിൽ പുറത്തായതോടെ ഇന്ത്യൻ പ്രതീക്ഷകൾ മങ്ങി. 85 റൺസെടുത്ത കോഹ്‌ലിയെ 19-ാം ഓവറിൽ മടക്കി ആൻഡ്രൂ ടൈ ഓസ്ട്രേലിയയ്ക്ക് മേൽക്കൈ നൽകി. നാല് ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു കോഹ്‌ലിയുടെ ഇന്നിങ്സ്. അവസാന ഓവറുകളിൽ വാലറ്റത്തിന് ഒന്നും ചെയ്യാനാകാതെ വന്നതോടെ ഇന്ത്യയ്ക്ക് തോൽവി. കങ്കാരുക്കൾക്ക് ആശ്വാസ ജയം.

ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിലാണ്  186 റൺസെടുത്തത്. നായകൻ ആരോൺ ഫിഞ്ചിനെ വാഷിങ്‌ടൺ സുന്ദർ പുറത്താക്കി ഓസീസിന് തുടക്കത്തിലേ പ്രഹരമേറ്റെങ്കിലും പിന്നീട് മത്സരം ആതിഥേയരുടെ കെെകളിലായി. ഓപ്പണർ മാത്യു വെയ്‌ഡ് 53 പന്തിൽ നിന്ന് 80 റൺസ് നേടി. ഏഴ് ഫോറും രണ്ട് സിക്‌സും സഹിതമാണ് വെയ്‌ഡിന്റെ മനോഹരമായ ഇന്നിങ്‌സ്. തുടക്കംമുതലേ ആക്രമിച്ച് കളിക്കുകയായിരുന്നു വെയ്‌ഡ്.

Read Also: വായുവിൽ പറന്ന് മലയാളി പയ്യൻ; സഞ്ജുവിന്റെ ഫീൽഡിങ് മികവിൽ കണ്ണുതള്ളി സോഷ്യൽ മീഡിയ, വീഡിയോ

ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ വെടിക്കെട്ട് ഇന്നിങ്‌സും ഓസീസിന് തുണയായി. 36 പന്തിൽ നിന്ന് മൂന്ന് സിക്‌സും മൂന്ന് ഫോറും സഹിതം 54 റൺസാണ് മാക്‌സ്‌വെൽ നേടിയത്. സ്റ്റീവ് സ്‌മിത്ത് 23 പന്തിൽ നിന്ന് 24 റൺസ് നേടി. ഇന്ത്യയുടെ മിസ് ഫീൽഡിങ്ങും ഓസീസിന്റെ സ്‌കോർ ബോർഡിന് ഗുണമായി. പല തവണ ഇന്ത്യൻ താരങ്ങൾ ക്യാച് നഷ്ടപ്പെടുത്തുകയും ബൗണ്ടറികൾ സമ്മാനിക്കുകയും ചെയ്തു.

ഇന്ത്യയ്‌ക്ക് വേണ്ടി വാഷിങ്‌ടൺ സുന്ദർ രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ടി.നടരാജൻ, ശർദുൽ താക്കൂർ എന്നിവർ ഓരോ വിക്കറ്റുകൾ നേടി. യുസ്‌വേന്ദ്ര ചഹലും ദീപക് ചഹറിനും വിക്കറ്റൊന്നും നേടാൻ സാധിച്ചില്ല. ശർദുൽ താക്കൂർ നാല് ഓവറിൽ 43 റൺസ് വഴങ്ങിയപ്പോൾ ചഹൽ 41 റൺസ് വഴങ്ങി.

ടോസ് ജയിച്ച ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0 ത്തിന് ഇന്ത്യ നേരത്തെ സ്വന്തമാക്കിയതാണ്. മൂന്നാം മത്സരത്തിൽ കൂടി ജയിച്ച് പരമ്പര തൂത്തുവാരാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

ഓസ്‌ട്രേലിയ പ്ലേയിങ് ഇലവൻ: ആരോൺ ഫിഞ്ച്, മാത്യു വെയ്‌ഡ്, സ്റ്റീവ് സ്‌മിത്ത്, ഗ്ലെൻ മാക്‌സ്‌വെൽ, ആർസി ഷോർട്ട്, മോയ്‌സസ് ഹെൻറിക്വസ്, ഡാനിയൽ സാംസ്, സെൻ ആബട്ട്, മിച്ചൽ സ്വെപ്‌സൺ, ആൻഡ്രു ടെെ, ആദം സാംപ

ഇന്ത്യ പ്ലേയിങ് ഇലവൻ: കെ.എൽ.രാഹുൽ, ശിഖർ ധവാൻ, വിരാട് കോഹ്‌ലി, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, ശ്രേയസ് അയ്യർ, വാഷിങ്‌ടൺ സുന്ദർ, ശർദുൽ താക്കൂർ, ദീപക് ചഹർ, ടി.നടരാജൻ, യുസ്‌വേന്ദ്ര ചഹൽ

 

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India australia t 20 3rd match live score card sanju samson

Next Story
പുലർച്ചെ 1.30 ന് പൊടിപൂരം, റൊണാൾഡോയും മെസിയും നേർക്കുനേർ; തത്സമയം കാണാൻ എന്ത് ചെയ്യണം ?Messi Ronaldo
The moderation of comments is automated and not cleared manually by malayalam.indianexpress.com