ഓസ്‌ട്രേലിയക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ ആശ്വാസ ജയം തേടി ഇന്ത്യ നാളെ കളത്തിലിറങ്ങും. പരമ്പരയിലെ അവസാനത്തെയും മൂന്നാമത്തെയും ഏകദിനം നാളെ സിഡ്‌നിയിലാണ്. ആദ്യ രണ്ട് ഏകദിനങ്ങളിലും ഇന്ത്യ തോൽവി വഴങ്ങിയിരുന്നു. പരമ്പര സ്വന്തമാക്കിയ ഓസീസിന് ഇന്ത്യയെ നാണംകെടുത്തി ഏകദിനത്തിൽ സർവാധിപത്യം നേടുകയാണ് ലക്ഷ്യം. എന്നാൽ, ആശ്വാസ ജയം മാത്രമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

ആദ്യ രണ്ട് മത്സരത്തിൽ നിറം മങ്ങിയ താരങ്ങൾക്ക് മൂന്നാം ഏകദിനത്തിൽ പുറത്തിരിക്കേണ്ടി വരുമെന്നാണ് സൂചന. ഓപ്പണർ സ്ഥാനത്തേക്ക് ശുഭ്‌മാൻ ഗില്ലിനെ പരിഗണിച്ചേക്കും. ആദ്യ രണ്ട് ഏകദിന മത്സരങ്ങളിൽ കളിച്ച മായങ്ക് അഗർവാളിനെ മാറ്റാനുള്ള സാധ്യതയുണ്ട്.

മറ്റൊരു സാധ്യത ശിഖർ ധവാനൊപ്പം ഉപനായകൻ കെ.എൽ.രാഹുലിനെ ഓപ്പണറാക്കുകയാണ്. അപ്പോഴും മായങ്ക് പുറത്തിരിക്കേണ്ടി വരും. പകരം മനീഷ് പാണ്ഡെ മധ്യനിരയിൽ സ്ഥാനം പിടിച്ചേക്കും.

Read Also: വാർണറുടെ പരുക്ക് ഉടൻ ഭേദമാകാതിരിക്കട്ടെ; രാഹുലിന്റെ തമാശ കാര്യമായി, രൂക്ഷവിമർശനം

വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനും മലയാളി താരവുമായ സഞ്ജു സാംസൺ ടീമിൽ ഇടം നേടാനും നേരിയ സാധ്യതയുണ്ട്. കെ.എൽ.രാഹുൽ ഓപ്പണർ സ്ഥാനത്തേക്ക് വന്നാൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ എന്ന നിലയിൽ സഞ്ജുവിനെ പരിഗണിക്കാനാണ് സാധ്യത. 50 ഓവർ കീപ്പ് ചെയ്ത ശേഷം ഉടനെ ഓപ്പണറായി ഇറങ്ങേണ്ടി വരുന്നത് രാഹുലിനെ ശാരീരികമായി തളർത്തിയേക്കും. ഇത് ഒഴിവാക്കണമെങ്കിൽ സഞ്ജുവാണ് മറ്റൊരു സാധ്യത. അങ്ങനെ വന്നാൽ സഞ്ജുവിന്റെ ആദ്യ ഏകദിന മത്സരമായിരിക്കും ഇത്. ഇന്ത്യയ്ക്ക് വേണ്ടി ടി 20 യിൽ മാത്രമാണ് സഞ്ജു ഇതുവരെ കളിച്ചിരിക്കുന്നത്.

സ്‌പിന്നർ യുസ്‌വേന്ദ്ര ചഹലിന് പകരം കുൽദീപ് യാദവിനെ പരീക്ഷിച്ചേക്കും. ആദ്യ രണ്ട് ഏകദിനങ്ങളിലും ചഹൽ സമ്പൂർണ പരാജയമായിരുന്നു. നവ്ദീപ് സൈനിയെ പേസ് നിരയിൽ നിന്ന് ഒഴിവാക്കും. പകരം ടി.നടരാജന് അവസരം നൽകാനാണ് സാധ്യത. ജസ്‌പ്രീത് ബുംറ, മൊഹമ്മദ് ഷമി എന്നിവരിൽ ഒരാൾക്ക് വിശ്രമം അനുവദിച്ച് ശർദുൽ താക്കൂറിനെ ടീമിൽ കൊണ്ടുവരാനും സാധ്യതയുണ്ട്. ചിലപ്പോൾ മൊഹമ്മദ് ഷമിക്കും ജസ്‌പ്രീത് ബുംറയ്‌ക്കും ഒരുമിച്ച് വിശ്രമം അനുവദിച്ചേക്കും. മൂന്നാം ഏകദിനത്തിൽ അവസരം ലഭിച്ചാൽ നടരാജന്റെ ഇന്ത്യയ്ക്ക് വേണ്ടിയുള്ള അരങ്ങേറ്റ മത്സരമായിരിക്കും അത്.

നാളെ ഇന്ത്യൻ സമയം രാവിലെ 9.10 നാണ് മൂന്നാം ഏകദിന മത്സരം ആരംഭിക്കുക. ആദ്യ രണ്ട് മത്സരങ്ങളിലും ടോസ് നിർണായകമായിരുന്നു. ടോസ് ലഭിച്ച ഓസീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയാണ് രണ്ട് മത്സരങ്ങളിലും ചെയ്തത്. നാളെ ടോസ് ലഭിച്ചാൽ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കാനാണ് സാധ്യത.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook