ഇന്ത്യൻ ഉപനായകൻ കെ.എൽ.രാഹുലിന് ക്രിക്കറ്റ് ആരാധകരുടെ രൂക്ഷ വിമർശനം. ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറുടെ പരുക്കുമായി ബന്ധപ്പെട്ട് രാഹുൽ നടത്തിയ പ്രസ്താവന ചൂടുപിടിക്കുന്നു. ‘വാർണറുടെ പരുക്ക് ഉടൻ ഭേദമാകാതിരിക്കട്ടെ’ എന്ന് തമാശരൂപേണ ആശംസിച്ച രാഹുലിന്റെ വാക്കുകളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. തമാശയ്ക്ക് പോലും ഒരു കായിക താരത്തിൽ നിന്നു ഇത്തരമൊരു പ്രസ്താവന ഉണ്ടാകാൻ പാടില്ലായിരുന്നെന്ന് കായികലോകം ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നു.
സിഡ്നിയിൽ നടന്ന രണ്ടാം ഏകദിനത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് വാർണറിന് പരുക്കേറ്റത്. വാർണറിന്റെ പരുക്കിനെക്കുറിച്ച് മത്സരശേഷം ചോദ്യമുയർന്നപ്പോഴാണ്, ‘ഉടനെയൊന്നും സുഖപ്പെടാതിരിക്കട്ടെ’ എന്ന് രാഹുൽ ആശംസിച്ചത്. വാർണറിന്റെ പരുക്ക് ഗുരുതരമാണ്. മൂന്നാം ഏകദിനവും ടി 20 പരമ്പരയും അദ്ദേഹത്തിനു നഷ്ടപ്പെടും. ഈ സാഹചര്യത്തിലാണ് രാഹുലിന്റെ പ്രസ്താവനയും വിവാദമായിരിക്കുന്നത്. ഡിസംബർ 17ന് അഡ്ലെയ്ഡിൽ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി വാർണർ സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷ. പരുക്ക് ഭേദമായാൽ ടെസ്റ്റ് പരമ്പരയിൽ വാർണർ കളിക്കും.
ഇന്നലെ രണ്ടാം ഏകദിന മത്സരം പൂർത്തിയായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു രാഹുലിന്റെ വിവാദ പ്രസ്താവന. വാർണറുടെ പരുക്കിനെ കുറിച്ചുള്ള ചോദ്യത്തിന് രാഹുൽ ചിരിച്ചുകൊണ്ട് മറുപടി നൽകുകയായിരുന്നു. “വാർണറുടെ പരുക്ക് എത്രത്തോളം ഗൗരവമുള്ളതാണെന്ന് ഞങ്ങൾക്കറിയില്ല. പക്ഷേ, ഏറെ നാളത്തേക്ക് അദ്ദേഹം പരുക്കിൽ തന്നെ തുടരുകയാണെങ്കിൽ അത് വളരെ നല്ല കാര്യമായിരിക്കും. ഒരു താരത്തിന്റെയും പരുക്ക് ഭേദമാകരുതെന്ന് ആഗ്രഹിക്കുന്നത് ശരിയല്ല. വാർണർ അവരുടെ പ്രധാനപ്പെട്ട ബാറ്റ്സ്മാനാണ്. അദ്ദേഹത്തിന്റെ പരുക്ക് ഉടനെയൊന്നും ഭേദമായില്ലെങ്കിൽ അത് ഞങ്ങളുടെ ടീമിന് ഗുണം ചെയ്യും,” രാഹുൽ പറഞ്ഞു.
KL Rahul wouldn’t mind David Warner being injured for a long time #AUSvIND pic.twitter.com/azHU2hlLn1
— ESPNcricinfo (@ESPNcricinfo) November 29, 2020
രാഹുലിന്റെ ഈ പ്രസ്താവനയ്ക്ക് പിന്നാലെ ഇന്ത്യയുടെ ക്രിക്കറ്റ് ആരാധകർ പോലും അദ്ദേഹത്തിനെതിരെ രംഗത്തെത്തി. ഒരു നല്ല കായിക താരത്തിനുവേണ്ട മനോഭാവം അല്ല ഇതെന്നും ഉത്തരവാദിത്തമുള്ള സ്ഥാനങ്ങളിൽ ഇരിക്കുമ്പോൾ ഇത്തരം പ്രസ്താവനകൾ നടത്തരുതെന്നും ഒരു വിഭാഗം വിമർശിച്ചു. എന്നാൽ, രാഹുൽ തമാശയായി പറഞ്ഞതാണെന്നും ഇത്ര വിമർശിക്കാൻ മാത്രം ഒന്നുമില്ലെന്നും മറ്റൊരു വിഭാഗം വാദിക്കുന്നു.
അതേസമയം, രണ്ട് ഏകദിനങ്ങളിലും മികച്ച പ്രകടനം നടത്തിയ ഡേവിഡ് വാർണറുടെ അഭാവം ഓസീസിന് തിരിച്ചടിയാകും. ഒന്നാം ഏകദിനത്തിൽ 69 റൺസും രണ്ടാം ഏകദിനത്തിൽ 83 റൺസും വാർണർ നേടിയിരുന്നു. വാർണറിന് പകരം ഡാർസി ഷോർട്ട് ഓസീസ് ടീമിനൊപ്പം ചേരും.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook