ബെംഗളൂരു: ബെംഗളൂരു ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയയുടെ 87 റൺസ് ലീഡിനെതിരെ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 16 റൺസ് നേടിയ അഭിനവ് മുകുന്ദാണ് പുറത്തായത്. ഉച്ചഭക്ഷണത്തിന് ശേഷം ആദ്യ ഓവറിൽ ഹെയ്‌സൽവുഡിന്റെ പന്തിൽ ബൗൾഡാവുകയായിരുന്നു. പരിക്കേറ്റ മുരളി വിജയ്ക്ക് പകരം ടീമിലെത്തിയതാണ് മുകുന്ദ്.

237/6 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയ 276 റൺസിനു എല്ലാവരും പുറത്തായി. രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഉച്ചഭക്ഷണത്തിന് പിരിയുന്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 38 രൺസ് എന്ന നിലയിലായിരുന്നു.

ലോകേഷ് രാഹുൽ (20), അഭിനവ് മുകുന്ദ് (16) എന്നിവരാണ് ക്രീസിൽ. ഇന്ത്യൻ ബൗളിംഗ് നിരയിൽ രവീന്ദ്ര ജഡേജയാണ് ഓസീസിന്റെ മുന്നേറ്റം ചെറുത്തത്. 21.4 ഓവറിൽ 63 റൺസ് വഴങ്ങിയ ജഡേജ ആറു വിക്കറ്റെടുത്തു. രവിചന്ദ്രൻ അശ്വിൻ രണ്ടും ഇഷാന്ത് ശർമ, ഉമേഷ് യാദവ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

മിച്ചൽ സ്റ്റാർക്കിന്റെ വിക്കറ്റാണ് ഓസ്ട്രേലിയയ്ക്ക് ഇന്നാദ്യം നഷ്ടമായത്. അശ്വിനായിരുന്നു വിക്കറ്റ്. പിന്നാലെ മാത്യു വെയ്ഡ് (40 റൺസ്), നഥാൻ ലയോൺ (പൂജ്യം), ഹെയ്സൽവുഡ് (ഒരു റൺസ്) എന്നിവരെ ജഡേജ പുറത്താക്കി.

രണ്ടാം ഇന്നിംഗ്‌സിൽ കരുതലോടെയാണ് ഇന്ത്യ ബാറ്റ് വീശുന്നത്. രണ്ടാം ദിനം തന്നെ പിച്ച് ബൗളിംഗിന് അനുകൂലമായി മാറിയിരുന്നു. അധികം ബൗൺസ് ചെയ്യാത്ത പിച്ചിൽ പരമാവധി സമയം ബാറ്റ് ചെയ്യാനും സാവധാനം റൺ ഉയർത്താനുമാണ് ഓസീസ് ശ്രമിച്ചത്. രണ്ടാം ഇന്നിംഗ്സിന്റെ ആദ്യ ഓവറിൽ തന്നെ വിക്കറ്റിന് മുന്നിൽ ലോകേഷ് രാഹുലിനെ കുരുക്കാനുള്ള നഥാൻ ലയോണിന്റെ അപ്പീൽ വെറുതെയായി. തൊട്ടടുത്ത പന്ത് ബൗണ്ടറി നേടിയ രാഹുൽ ഈ ഓവറിൽ ഏഴ് റൺസ് നേടി.

നേരത്തെ ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് 189 ന് അവസാനിച്ചിരുന്നു. ലോകേഷ് രാഹുലിന്റെ മികച്ച പ്രകടനമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോർ നിലയിലെത്തിച്ചത്. മത്സരം ജയിക്കണമെങ്കിൽ ഇന്ത്യ ഭേദപ്പെട്ട സ്കോർ നേടണം. മത്സരം ജയിക്കാൻ ഇന്ത്യയ്ക്ക് കുറഞ്ഞത് 300 റൺസിന്റെ ലീഡ് എങ്കിലും ആവശ്യമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ