ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഐതിഹാസിക ജയം. നാലാം ടെസ്റ്റിൽ മൂന്നു വിക്കറ്റിന് ഓസ്ട്രേലിയയെ തോൽപ്പിച്ചു. 2-1 നാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ബ്രിസ്ബെയ്നിലെ ഇന്ത്യയുടെ ആദ്യ ജയമാണ്. 1988 നുശേഷം ബ്രിസ്ബെയ്നിൽ ഓസീസ് ആദ്യമായാണ് തോൽക്കുന്നത്. ഓസ്ട്രേലിയൻ മണ്ണിലെ തുടർച്ചയായ രണ്ടാം പരമ്പര വിജയമാണ്. ഇതോടെ ബോർഡർ-ഗാവസ്കർ ട്രോഫി ഇന്ത്യ നിലനിർത്തി
രണ്ടാം ഇന്നിങ്സിൽ 328 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 97 ഓവറിൽ ലക്ഷ്യം മറികടന്നു. 91 റൺസെടുത്ത ശുഭ്മാൻ ഗില്ലും 89 റൺസെടുത്ത റിഷഭ് പന്തുമാണ് ഇന്ത്യയുടെ വിജയശിൽപികൾ. 56 റൺസെടുത്ത പൂജാരയുടെ ഇന്നിങ്സും വിജയത്തിൽ നിർണായകമായി. ഗില്ലും പൂജാരയും അർധസെഞ്ചുറി നേടി.
A moment to savour for India! #AUSvIND pic.twitter.com/vSogSJdqIw
— cricket.com.au (@cricketcomau) January 19, 2021
ഇന്ത്യയ്ക്ക് തുടക്കത്തിൽതന്നെ രോഹിത് ശർമയെ നഷ്ടമായിരുന്നു. 21 ബോളിൽനിന്നും 7 റൺസെടുത്തിനെ കമ്മിൻസാണ് പുറത്താക്കിയത്. മൂന്നാമനായി ഇറങ്ങിയ ചേതേശ്വർ പൂജാരയ്ക്കൊപ്പം ചേർന്ന് ശുഭ്മാൻ ഗില്ലാണ് പിന്നീട് ഇന്ത്യയെ മുന്നോട്ടു നയിച്ചത്. 91 റൺസെടുത്താണ് ഗിൽ പുറത്തായത്. 146 പന്തുകളിൽനിന്നും എട്ടു ഫോറും രണ്ടും സിക്സും ഉൾപ്പെടെയാണ് 91 റൺസെടുത്തത്. ടെസ്റ്റ് ക്രിക്കറ്റിൽ ഗില്ലിന്റെ ഏറ്റവും ഉയർന്ന സ്കോർ ആണിത്.
പൂജാരയുടെയും ക്യാപ്റ്റൻ രഹാനെയുടെയും വിക്കറ്റുകൾ വീണു. റിഷഭ് പന്താണ് ഇന്ത്യയെ പിന്നീട് അങ്ങോട്ട് നയിച്ചത്. 89 റൺസുമായി പന്ത് പുറത്താകാതെ നിന്നു. അവസാന പന്ത് ഫോറടിച്ചാണ് പന്ത് ഇന്ത്യയെ വിജയതീരത്തിലേക്കെത്തിച്ചത്. 138 പന്തിൽ ഒൻപതു ഫോറും ഒരു സിക്സും അടക്കമാണ് പന്ത് 89 റൺസ് നേടിയത്. വാഷിങ്ടൺ സുന്ദർ 22 റൺസെടുത്ത് പുറത്തായി. മായങ്ക് അഗർവാൾ 9 റൺസും ഷാർദുൽ താക്കൂർ 2 റൺസുമെടുത്ത് പുറത്തായി.
ഓസ്ട്രേലിയയ്ക്കായി പാറ്റ് കമ്മിൻസ് നാലു വിക്കറ്റ് വീഴ്ത്തി. നഥാൻ ലിയോൺ രണ്ടു വിക്കറ്റും ജോഷ് ഹാസിൽവുഡ് ഒരു വിക്കറ്റും നേടി.
വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ, ആർ.അശ്വിൻ, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ തുടങ്ങിയ മുൻനിര താരങ്ങളുടെ അസാന്നിധ്യത്തിലും അസാമാന്യ ആത്മവിശ്വാസമാണ് ഇന്ത്യൻ ടീം ഓസീസ് മണ്ണിൽ പുറത്തെടുത്തത്.
Read More: വിജയം 324 റൺസ് അകലെ; ലക്ഷ്യം ഐതിഹാസിക നേട്ടം
നേരത്തേ 33 റണ്‍സിന്റെ നേരിയ ഒന്നാമിന്നിങ്സ് ലീഡാണ് ഓസീസിനുണ്ടായിരുന്നത്. രണ്ടാമിന്നിങ്സില്‍ 294 റണ്‍സിന് ആതിഥേയരെ തളയ്ക്കാൻ ഇന്ത്യക്കു സാധിച്ചു. സ്റ്റീവ് സ്മിത്തിന്റെ (55) അർധ സെഞ്ചുറിയാണ് കങ്കാരുക്കൾക്ക് കരുത്തായത്. ഡേവിഡ് വാര്‍ണര്‍ (48), മാര്‍ക്കസ് ഹാരിസ് (38), കാമറോണ്‍ ഗ്രീന്‍ (37), നായകന് ടിം പെയ്ന് (27), മാര്‍നസ് ലബ്യുഷെയ്ന് (25) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.
അഞ്ചു വിക്കറ്റെടുത്ത പേസര്‍ മുഹമ്മദ് സിറാജാണ് ഓസീസിനെ തകര്‍ത്തത്. താരത്തിന്റെ കരിയറിലെ കന്നി അഞ്ചു വിക്കറ്റ് നേട്ടം കൂടിയാണിത്. നാലു വിക്കറ്റെടുത്ത ഷാർദുല്‍ താക്കൂര്‍ മികച്ച പിന്തുണയേകി. ഓസീസിനായി ആദ്യ വിക്കറ്റില്‍ വാര്‍ണര്‍- ഹാരിസ് സഖ്യം 89 റണ്‍സ് അടിച്ചെടുത്തിരുന്നു. ഓസീസ് ഇന്നിങ്സിലെ ഉയര്‍ന്ന കൂട്ടുകെട്ടും ഇതു തന്നെയാണ്.