ഓസ്ട്രേലിയയിലെ ചരിത്ര നേട്ടത്തിന് പിന്നാലെ കോഹ്‍ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിന് ആശംസ പ്രവാഹമാണ്. ക്രിക്കറ്റ് ലോകത്തെ ഇതിഹാസങ്ങളെല്ലാം തന്നെ ഇന്ത്യയുടെ നേട്ടത്തെ പ്രശംസിച്ച് രംഗത്തെത്തി. ഇതിനിടയിലാണ് നിലവിലെ ഇന്ത്യൻ ടീമിനെ വിഖ്യാതമായ വെസ്റ്റ് ഇൻഡീസ് ടീമുമായി മുൻ ഓസീസ് താരം ഡീൻ ജോൺസ് ഉപമിച്ചിരിക്കുന്നത്.

“നിലവിലെ ഇന്ത്യൻ ടീമിന് എൻപതുകളിലെയും തൊണ്ണുറുകളിലെ ആദ്യവുമുണ്ടായിരുന്ന വെസ്റ്റ് ഇൻഡീസ് ടീമുമായുള്ള സാമ്യമുണ്ട്. ഏത് എതിരാളികളുടെ തട്ടകത്തിൽ പോയി വേണമെങ്കിലും മത്സരം ജയിക്കാൻ അവർക്ക് സാധിക്കുന്നുണ്ട്. അക്കാലത്തെ വിൻഡീസ് ടീമിലെ പേടിപ്പെടുത്തുന്ന ഘടകങ്ങളെല്ലാം തന്നെ നിലവിലുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിലുമുണ്ട്,” ഡീൻ ജോൺസ് പറഞ്ഞു.

പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് അന്ത്യം കുറിച്ചുകൊണ്ടാണ് കോഹ്‍ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത്. നാല് മത്സരങ്ങളടങ്ങുന്ന പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കുകയായിരുന്നു. അവസാന ടെസ്റ്റ് മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു.

ബാറ്റിങ് നിരയും ബോളിങ് നിരയും ഒരേപോലെ തിളങ്ങിയ പരമ്പരയിലുടനീളം ഇന്ത്യൻ ആധിപത്യമായിരുന്നു. ആദ്യമായാണ് ഒരു ഏഷ്യൻ രാജ്യം ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്. പരിചയസമ്പത്തും യുവകരുത്തും ഇന്ത്യ ഓസ്ട്രേലിയയ്ക്കെതിരെ ഉപയോഗപ്പെടുത്തുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook