ഏഷ്യാ കപ്പിൽ ഇന്ത്യ-പാക് മൽസരത്തിന് അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകർ. നാളെ (സെപ്റ്റംബർ 19) ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാക്കിസ്ഥാൻ മൽസരം. ഹോങ്കോങ്ങിനെതിരെ ആദ്യ മൽസരം വിജയിച്ച ആത്മവിശ്വാസത്തിലാണ് പാക്കിസ്ഥാൻ ടീം ഇന്ത്യയെ നേരിടാനൊരുങ്ങുന്നത്.

അതേസമയം, ഇന്ത്യയുടെ ആദ്യ മൽസരം ഇന്ന് ഹോങ്ങോങ്ങിനെതിരെയാണ്. വിരാട് കോഹ്‌ലിയുടെ അഭാവത്തിൽ രോഹിത് ശർമ്മയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. കോഹ്‌ലി ഇല്ലാത്തത് ഇന്ത്യൻ ടീമിന് തിരിച്ചടിയാകുമോയെന്ന ആശങ്ക നിലനിൽക്കുമ്പോൾ പാക് ക്യാപ്റ്റന് അതിലൊട്ടും ആശങ്കയില്ല. കോഹ്‌ലിയുടെ അസാന്നിധ്യം ടീമിനെ ബാധിക്കില്ലെന്നാണ് പാക് ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദ് പറയുന്നത്.

”കോഹ്‌ലിയാണ് അവരുടെ ക്യാപ്റ്റൻ എന്നതിൽ യാതൊരു സംശയവുമില്ല. അദ്ദേഹം വേൾഡ് ക്ലാസ് കളിക്കാരനാണ്. പക്ഷേ കോഹ്‌ലി ഇല്ലെങ്കിലും അവരൊരു മികച്ച ടീമാണ്”, സർഫ്രാസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ”അവരുടെ കൂട്ടത്തിൽ മികച്ച കളിക്കാരുണ്ട്. അവർ ഇന്ത്യയ്ക്ക് മുതൽക്കൂട്ടാണ്. അതിനാൽ തന്നെ കോഹ്‌ലിയുടെ അഭാവം ടീമിനെ അത്ര കണ്ട് ബാധിക്കുമെന്ന് കരുതുന്നില്ല. അവരുടെ ബാറ്റിങ് നിര കരുത്തരാണ്. അതിനാൽ തന്നെ ഞങ്ങൾ തമ്മിലുളളത് നല്ലൊരു മൽസരമായിരിക്കും”, പാക് ക്യാപ്റ്റൻ പറഞ്ഞു.

ചാമ്പ്യൻസ് ട്രോഫി വിജയം മനസ്സിൽ വച്ചല്ല ഏഷ്യാ കപ്പിനെത്തിയതെന്ന് പാക് ക്യാപ്റ്റൻ പറഞ്ഞു. ”ചാമ്പ്യൻസ് ട്രോഫി മൽസരങ്ങൾ നടന്ന ലണ്ടനിൽ ഉണ്ടായിരുന്നത് മറ്റൊരു അന്തരീക്ഷമാണ്. ഒരു വർഷം മുൻപേയാണത്. പുതിയ തന്ത്രങ്ങളും ഉത്സാഹവുമായിട്ടാണ് ഇപ്പോൾ ഞങ്ങൾ വന്നിരിക്കുന്നത്” സർഫ്രാസ് വ്യക്തമാക്കി. ചാമ്പ്യൻസ് ട്രോഫിയിൽ പാക് ടീമിനെ നയിച്ച് കിരീടം നേടിയത് സർഫ്രാസാണ്.

വിരാട് കോഹ്‌ലിയുടെ അസാന്നിധ്യം ഇന്ത്യൻ ടീമിനെ ബാധിക്കില്ലെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയും നേരത്തെ പറഞ്ഞിരുന്നു. ഏഷ്യാ കപ്പിൽ ഏറ്റവും കൂടുതൽ തവണ കപ്പടിച്ചത് ഇന്ത്യൻ ടീമാണ്, ആറു തവണ. പാക്കിസ്ഥാൻ രണ്ടു തവണയാണ് കപ്പുയർത്തിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ