ലണ്ടൻ : ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ കലാശക്കളിക്ക് ഇന്ത്യയും പാക്കിസ്ഥാനും ഇന്നിറങ്ങും. ചാമ്പ്യന്‍സ് ട്രോഫി നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഇന്ന് ഇന്ത്യ ഇറങ്ങുമ്പോള്‍ ആദ്യ ചാമ്പ്യന്‍സ് ട്രോഫി എന്ന സ്വപ്നത്തിലേക്കാണ് പാക്കിസ്ഥാന്‍ ഉറ്റുനോക്കുന്നത്.

ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാനെ 124 റൺസിന് തകർത്തതിന്റെ ബോണസ് ഇന്ത്യയ്ക്ക് ആത്മവിശ്വാസമായുണ്ട്. എന്നാല്‍ ശ്രീലങ്കയേയും, ദകഷിണാഫ്രിക്കയേയും ഇംഗ്ലണ്ടിനേയും തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തോടെയാണ് പാക്കിസ്ഥാന്‍​ എത്തുന്നത്.

ഗ്രൂപ്പ് റൗണ്ടിൽ ശ്രീലങ്കയോട് മാത്രം തോറ്റ ഇന്ത്യ പാകിസ്ഥാനെയും പിന്നീട് ദക്ഷിണാഫ്രിക്കയെയും കീഴടക്കിയാണ് ഗ്രൂപ്പ് റൗണ്ടിൽ ഒന്നാമനായി സെമിയിലെത്തിയത്. സെമിയിൽ ബംഗ്ളാദേശിനെ ഒൻപത് വിക്കറ്റിന് തരിപ്പണമാക്കിയാണ് പാകിസ്ഥാനെതിരായ ഫൈനലിലെത്തിയത്.

എന്നാല്‍ മികച്ച തിരിച്ചുവരവ് നടത്തിയ പാക്കിസ്ഥാനെ എഴുതിത്തളളാന്‍ ഒരുക്കമല്ലെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി തന്നെ വ്യക്തമാക്കി കഴിഞ്ഞു. അമിതാവേശത്തിന് അടിപ്പെടരുതെന്നും സമചിത്തതയോടെ വേണം കളിക്കാനെന്നുമാണ് ഇന്ത്യൻ നായകൻ സഹതാരങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.പാക്കിസ്ഥാനുമായി കളിക്കുമ്പോൾ സമചിത്തതയോടെ കളിച്ചാലേ വിജയം കാണാനാവൂ എന്നാണ് ഇന്ത്യൻ നായകന്റെ പക്ഷം. മത്സരത്തിന് മുൻപായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡ് ഉപദേശം നൽകിയത് നേരത്തേ വാർത്തയായിരുന്നു.

ഐസിസിയുടെ ഏകദിന ടൂർണ്ണമെന്റ് ചരിത്രത്തിൽ ഇതുവരെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഏറ്റുമുട്ടിയിട്ടില്ല.ഏതാണ്ട് നൂറ് കോടി പേരാണ് ഇന്ത്യ-പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരം ഗ്രൂപ്പ് തലത്തിൽ കണ്ടത്. ഇതിന് സമാനമായ നിലയിൽ ഫൈനൽ മത്സരത്തിനും കാണികളുണ്ടാകുമെന്നാണ് വിവരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook