ക്രിക്കറ്റ് ലോകകപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ വിജയികളെ കുറിച്ചും ടീമിന്റെ സാധ്യതകളെകുറിച്ചുമുള്ള ചർച്ചകൾ സജീവമാണ്. ഇതിഹാസങ്ങൾ മുതൽ ആരാധകർ വരെ ഇതിൽ പങ്കാളികളാകുന്നുണ്ട്. ഏറ്റവും ഒടുവിൽ ദക്ഷിണാഫ്രിക്കൻ ഇതിഹാസം എബി ഡി വില്ല്യേഴ്സും 2019ലെ ലോകകപ്പ് സാധ്യതകളെ കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചിരിക്കുകയാണ്. പാക്കിസ്ഥാനും ഇന്ത്യയ്ക്കുമാണ് 2019 ലോകകപ്പ് സ്വന്തമാക്കാൻ സാധ്യത കൂടുതലെന്ന് ഡി വില്ല്യേഴ്സ് പറയുന്നു.

Also Read: അടിമുടി മാറ്റവുമായി ഇന്ത്യ; ടോസ് നേടിയ ഓസ്ട്രേലിയ ആദ്യം പന്തെറിയും

“ആര് ലോകകപ്പ് നേടുമെന്ന് പറയാൻ ബുദ്ധിമുട്ടാണ്. ഇന്ത്യ ശക്തരാണ്, പാക്കിസ്ഥാൻ ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കിയ ചാമ്പ്യന്മാരും. ഇംഗ്ലണ്ടാണ് മത്സരത്തിന് വേദിയാകുന്നത്. ഓസ്ട്രേലിയയെ തള്ളികളയാനാകില്ല. ദക്ഷിണാഫ്രിക്കയാകട്ടെ അവർ കിരീടം നേടുമെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. ഈ അഞ്ച് ടീമുകളാണ് ടൂർണമെന്റിലെ ഫേവററ്റുകൾ. എന്നാൽ എന്റെ അനുഭവത്തിൽ നിന്ന് ഞാൻ കരുതുന്നത് ഇത്തവണ ലോകകപ്പ് പാക്കിസ്ഥാനോ ഇന്ത്യയോ നേടുമെന്നാണ്,” എബി ഡി വില്ല്യേഴ്സ് പറഞ്ഞു.

Also Read: സൂപ്പർ താരം നാട്ടിലേയ്ക്ക്; രണ്ടാം ടി20യ്ക്ക് മുമ്പ് ഓസ്ട്രേലിയയ്ക്ക് തിരിച്ചടി

ലോകകപ്പ് കളിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് താരം നൽകിയ മറുപടി ഇങ്ങനെ, “ഒരു സാധ്യതയുമില്ല. ഞാൻ ചെയ്യേണ്ടത് ചെയ്ത് കഴിഞ്ഞു. ഇപ്പോൾ ആയിരിക്കുന്ന അവസ്ഥയിൽ ഞാൻ സന്തുഷ്ടനാണ്. ലീഗ് ക്രിക്കറ്റ് നന്നായി ആസ്വദിക്കുന്നുണ്ട്. ”

ഇംഗ്ലണ്ടിലും വെയ്ൽസിലുമായി നടക്കുന്ന 2019ലെ ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത് മെയ് 30നാണ്. ജൂലൈ 14നാണ് കലാശ പോരാട്ടം. ലോകകപ്പ് ചരിത്രത്തിലെ 12-ാം പതിപ്പിനാണ് ഇംഗ്ലണ്ട് വേദിയാകാൻ ഒരുങ്ങുന്നത്. പത്ത് ടീമുകളാണ് ഇത്തവണ ലോകകിരീടത്തിനായി പോരാടുന്നത്. ആതിഥേയ രാജ്യമായ ഇംഗ്ലണ്ടിന് പുറമെ ഐസിസി ഏകദിന ചാമ്പ്യൻഷിപ്പിലൂടെ ഓസ്ട്രേലിയ, ബംഗ്ലാദേശ്, ഇന്ത്യ, ന്യൂസിലൻഡ്, പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകൾ ലോകകപ്പിന് യോഗ്യത നേടിയപ്പോൾ അഫ്ഗാനിസ്ഥാനും വെസ്റ്റ് ഇൻഡീസും യോഗ്യത മത്സരങ്ങളിലൂടെയാണ് പങ്കാളിത്തം ഉറപ്പാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook