ജോലിഭാരം കൂടുതലായതിനാൽ കപിൽ ദേവിനെ പോലുള്ള യഥാർത്ഥ ഓൾറൗണ്ടർമാരെ ഇന്ത്യക്ക് നല്കാനാകുന്നില്ലന്ന് മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ വി.വി.എസ് ലക്ഷ്മൺ.ഇന്ത്യക്ക് ആദ്യ വേൾഡ് കപ്പ് സമ്മാനിച്ച ക്യാപ്റ്റനായ കപിൽ ദേവ്, ഒരേ സമയം വിക്കറ്റുകൾ നേടാനും, റൺസ് സ്കോർ ചെയ്യാനും കഴിയുന്ന താരമായിരുന്നു. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായി മാറിയെന്ന് ലക്ഷ്മൺ പറയുന്നു.
“ഒരു ഓൾറൗണ്ടർ ആയിരിക്കുക എന്നത് ബുദ്ധിമുട്ടുള്ള റോളാണ്. അവിടെ കപിൽ പാജി ഒരേ സമയം വിക്കറ്റുകളും റൺസും നേടുന്ന ആളായിരുന്നു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച മാച്ച് വിന്നർ. പക്ഷെ ഇന്നത്തെ ജോലിഭാരം വെച്ച്, അത് വളരെയേറെ ബുദ്ധിമുട്ടുള്ള ഒന്നായി മാറിയിരിക്കുന്നു.” ലക്ഷ്മൺ ഒരു സ്വകാര്യ ചടങ്ങിൽ പറഞ്ഞു.
“ചില കളിക്കാരിൽ അത്തരത്തിലുള്ള ഏകദേശ രൂപം കാണാൻ കഴിയും, കാരണം അവർ തങ്ങളുടെ രണ്ടു കഴിവിലും കാര്യമായി ശ്രദ്ധിക്കുന്നുണ്ട്. എന്നാൽ മൂന്ന് ഫോർമാറ്റുകളിലും കളിക്കുന്നത് കൊണ്ടുണ്ടാവുന്ന ജോലിഭാരം അവർക്ക് കൈകാര്യം ചെയ്യാൻ കഴിയുന്നതിലും അപ്പുറമാണ്.” ഹാർദിക് പാണ്ഡ്യയുടെ പേര് പറയാതെ ലക്ഷ്മൺ പറഞ്ഞു.
Read Also: കോഹ്‌ലിയെക്കാൾ ബഹുദൂരം മുന്നിൽ; രാഹുൽ റെക്കോർഡ് തകർത്തു
“ഒരു യഥാർത്ഥ ഓൾറൗണ്ടർ ആകാൻ കഴിയുന്ന ആ താരത്തിന് പരിക്കേൽക്കുകയും ബാറ്റിങ് അല്ലെങ്കിൽ ബോളിങ് എന്നതിൽ വിട്ടു വീഴ്ച ചെയ്യേണ്ടി വരികയും ചെയ്യും” മുൻ താരം പറഞ്ഞു.
നേരത്തെ പുറത്ത് പരുക്കേറ്റത്തിനെ തുടർന്ന് കുറേനാൾ വിശ്രമത്തിലായിരുന്നു ഹാർദിക് പാണ്ഡ്യ യുഎഇയിൽ നടന്ന കഴിഞ്ഞ ഐപിഎല്ലിൽ മുംബൈക്ക് വേണ്ടി ബോൾ ചെയ്തിരുന്നില്ല. ഇന്ത്യക്ക് വേണ്ടി ഓസ്‌ട്രേലിയയിൽ കളിച്ച ഹാർദിക് അഞ്ചു ഓവറുകൾ എറിഞ്ഞിരുന്നെങ്കിലും അതിനുശേഷമുള്ള ടെസ്റ്റ് മത്സരത്തിൽ കളിച്ചിരുന്നില്ല.
ഈ വർഷം ആദ്യം ഇംഗ്ലണ്ടിന് എതിരെ നടന്ന ടെസ്റ്റ് പരമ്പരയിൽ കളിക്കാതിരുന്ന ഹർദിക് പിന്നീട് നടന്ന ടി20 യിലും ഏകദിനത്തിലും ബോൾ ചെയ്തിരുന്നു. ഏകദിനത്തിലെ ആദ്യ രണ്ടു മത്സരത്തിൽ ബോൾ ചെയ്തില്ലെങ്കിലും മൂന്നാം മത്സരത്തിൽ ഹാർദിക് ബോൾ ചെയ്തു. എന്നാൽ ഇപ്പോൾ നടക്കുന്ന ഐപിഎല്ലിൽ ഒരു മത്സരത്തിൽ പോലും ഹാർദിക് ബോൾ എറിഞ്ഞിട്ടില്ല.
കപിൽ ദേവുമായി ഒരു ഓൾറൗണ്ടറെയും താരതമ്യം ചെയ്യുന്നതുംശരിയല്ല എന്നും ലക്ഷ്മൺ പറഞ്ഞു. “ഞാൻ കരുതുന്നത് കപിൽ ദേവിനെ പോലെ ഒരു കപിൽ ദേവ് മാത്രമേ ഉണ്ടാവുകയുള്ളു. താരതമ്യം ചെയ്യുന്നത് കളിക്കാരിൽ അനാവശ്യ സമ്മർദ്ദം സൃഷ്ടിക്കും. അതുപോലെ ധോണിയെ പോലെ ഒരു ധോണിയും സുനിൽ ഗവാസ്കറെ പോലെ ഒരു ഗവാസ്കറും മാത്രമേ ഉണ്ടാവുകയുള്ളു.” ലക്ഷ്മൺ പറഞ്ഞു.