തിരുവനന്തപുരം: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ നാലാം ഏകദിനത്തിലും ഇന്ത്യ എയ്ക്ക് ഉജ്ജ്വല വിജയം. ആറ് വിക്കറ്റിനാണ് ഇന്ത്യ എയുടെ വിജയം. കഴിഞ്ഞ കളിയില്‍ തിളങ്ങാന്‍ സാധിക്കാതിരുന്ന കെഎല്‍ രാഹുല്‍ ഇന്ന് മികച്ച പ്രകടനം കാഴ്ച്ചവെച്ചു. മധ്യനിരയില്‍ അര്‍ധ സെഞ്ചുറി നേടിയ ഋഷഭ് പന്തും 47 റണ്‍സുമായി ഒപ്പം നിന്ന ദീപക് ഹൂഡയുമാണ് ഇന്ത്യ എയുടെ വിജയ ശില്‍പ്പികള്‍.

ഇന്ത്യ എയ്ക്കായി ഋഷഭ് പന്ത് 76 പന്തില്‍ നിന്നും 73 റണ്‍സുമായി പുറത്താകാതെ നിന്നു. റിക്കി ബുയി 35 റണ്‍സും ബാവ്‌നെ 12 റണ്‍സുമെടുത്തു. ഇംഗ്‌ളണ്ട് ബൗളര്‍മാരില്‍ രണ്ട് വിക്കറ്റെടുത്ത വില്‍ ജാക്‌സ് മാത്രമാണ് തിളങ്ങിയത്.ആധികാരികമായിരുന്നു ഇന്ത്യന്‍ ജയം.

ഇംഗ്ലണ്ട് ലയണ്‍സിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യ എയ്ക്ക് 222 റണ്‍സായിരുന്നു വിജയലക്ഷ്യം. എന്നാല്‍ ഈ ലക്ഷ്യം ഇന്ത്യ എ അനായാസം മറി കടക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് ഇംഗ്ലണ്ട് ലയണ്‍സ് നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തു. ഒല്ലി പോപ് (65), സ്റ്റീവന്‍ മുല്ലാന (58) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. ഇവര്‍ ഒഴികെ മറ്റാര്‍ക്കും ഇംഗ്ലണ്ട് നിരയില്‍ തിളങ്ങാനായില്ല.

ഓപ്പണര്‍മാരായ അലക്‌സ് ഡേവിസും വില്‍ ജാക്‌സും ക്രീസില്‍ നിലയുറപ്പിക്കും മുന്‍പേ പുറത്തായി. അലക്‌സ് 15 റണ്‍സും വില്‍ 11 റണ്‍സുമെടുത്താണ് കളം വിട്ടത്. ഇരുവരെയും ഷാര്‍ദുല്‍ ഠാക്കൂര്‍ ആണ് പുറത്താക്കിയത്. പിന്നാലെ എത്തിയ സാം ഹെയിന്‍ 13 റണ്‍സെടുത്ത് പുറത്തായി. ബെന്‍ ഡക്കറ്റ് 3 റണ്‍സെടുത്ത് നില്‍ക്കെ അവേഷ് ഖാന്റെ ബോളില്‍ വിക്കറ്റ് വീണു. ക്യാപ്റ്റന്‍ സാം ബില്ലിങ്‌സ് 24 റണ്‍സെടുത്തു.

ഒല്ലി പോപ്പും സ്റ്റീവന്‍ മുല്ലാനേയും ചേര്‍ന്നാണ് പിന്നീട് ഇംഗ്ലണ്ടിനെ മുന്നോട്ടു നയിച്ചത്. ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 200 കടക്കാന്‍ സഹായിച്ചത്. ഇരുവരും അര്‍ധ സെഞ്ചുറി നേടി. ഒല്ലിയുടെ വിക്കറ്റ് വീണതോടെ ഇംഗ്ലണ്ടിന്റെ സ്‌കോര്‍നില പതിയെയായി. പിന്നീട് വന്ന ആര്‍ക്കും തന്നെ ഇംഗ്ലണ്ട് നിരയില്‍ കാര്യമായി സംഭാവന നല്‍കാന്‍ കഴിഞ്ഞില്ല. ജാമി ഓവര്‍ടണ്‍ മാത്രമാണ് 13 റണ്‍സെടുത്തത്. ലൂവിസ് ഒരു റണ്‍സെടുത്ത് മടങ്ങി.

ശാര്‍ദുല്‍ ഠാക്കൂറിന്റെ ബോളിങ് മികവിലാണ് ഇംഗ്ലണ്ട് നിര തകര്‍ന്നത്. ശാര്‍ദുല്‍ 49 റണ്‍സ് വഴങ്ങി 4 വിക്കറ്റാണ് വീഴ്ത്തിയത്. അവേഷ് ഖാന്‍ ഒരു വിക്കറ്റും ചാഹര്‍ രണ്ടു വിക്കറ്റും നേടി. അഞ്ചു മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ നാലും ജയിച്ച് ഇന്ത്യ എ ആണ് മുന്നില്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook