കാര്യവട്ടം: ചേട്ടന്മാര്‍ നേപ്പിയറില്‍ കിവികളെ പറ പറത്തിയപ്പോള്‍ കാര്യവട്ടത്ത് ഇംഗ്ലണ്ടിന്റെ സിംഹങ്ങളെ കൂട്ടിലാക്കി അനിയന്മാര്‍. പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ മൂന്ന് വിക്കറ്റിനാണ് ഇന്ത്യ എ ഇംഗ്ലണ്ട് ലയന്‍സിനെ പരാജയപ്പെടുത്തിയത്. ലയണ്‍സിന്റെ 286 റണ്‍സ് ഇന്ത്യ അഞ്ച് പന്ത് ബാക്കി നില്‍ക്കെയാണ് മറി കടന്നത്. ഇഷാന്‍ കിഷനാണ് കളിയിലെ താരം.

ചരിത്രപ്പിറവിക്കും കാര്യവട്ടം ഇന്ന് സാക്ഷ്യം വഹിച്ചു. 108 റണ്‍സുമായി സാം ബില്ലിങ്‌സ് തിളങ്ങിയപ്പോള്‍ പിറന്നത് കാര്യവട്ടത്തെ ആദ്യ സെഞ്ചുറിയാണ്. അലക്‌സ് ഡേവിസ് 54 റണ്‍സുമായി ബില്ലിങ്‌സിന് മികച്ച പിന്തുണ നല്‍കി. ഇന്ത്യയ്ക്കായി സിദ്ധാര്‍ത്ഥ് കൗളും മായങ്കും അക്‌സറും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

സെഞ്ചുറി നേടിയ സാം ബില്ലിങ്സ്

മറുപടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് നായകന്‍ അജിന്‍ക്യാ രഹാനെയും അന്‍മല്‍പ്രീതും മികച്ച തുടക്കമാണ് സമ്മാനിച്ചത്. രഹാനെ അര്‍ധ സെഞ്ചുറി നേടി. 59 റണ്‍സെടുത്താണ് രഹാനെ പുറത്തായത്. പിന്നാലെ കളിയുടെ നിയന്ത്രണം ഇഷാന്‍ കിഷന്‍ ഏറ്റെടുക്കുകയായിരുന്നു. പുറത്താകെ 57 റണ്‍സാണ് ഇഷാന്‍ സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്.

ലയണ്‍സിനായി സാക്ക് ചാപ്പല്‍ മൂന്നും ഗ്രിഗറിയും ഡാനിയും രണ്ട് വിക്കറ്റ് വീഴ്ത്തി. എന്നാല്‍ അഞ്ച് പന്ത് ബാക്കി നില്‍ക്കെ ഇന്ത്യ എ വിജയം കാണുകയായിരുന്നു. ഇതോടെ പരമ്പര ജയിച്ചു തുടങ്ങാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ എ. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ രാഹുലിന്റെ ശിഷ്യന്മാര്‍ 1-0 ന് മുന്നിലെത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook