ദക്ഷിണാഫ്രിക്ക എ ടീമിന്റെ ഇന്ത്യൻ പര്യടനത്തിലെ മൂന്നാം മത്സരത്തിലും ഇന്ത്യ എ ടീമിന് ജയം. നാല് വിക്കറ്റിനാണ് ഇന്ത്യ എ ദക്ഷിണാഫ്രിക്ക എ ടീമിനെ പരാജയപ്പെടുത്തിയത്. ദക്ഷിണാഫ്രിക്ക എ ഉയർത്തിയ 208 റൺസെന്ന വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തിൽ ആതിഥേയർ മറികടന്നു. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പര ഇന്ത്യ സ്വന്തമാക്കി. ആദ്യ മൂന്ന് മത്സരങ്ങളിലും ജയം നേടിയാണ് ഇന്ത്യ പരമ്പര ഉറപ്പിച്ചത്
മഴമൂലം 30 ഓവറായി വെട്ടികുറച്ച മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക എ ടീം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിൽ ഓപ്പണർ റീസ ഹെൻഡ്രിക്സ് പുറത്തായെങ്കിലും ദക്ഷിണാഫ്രിക്കൻ ടീം സാവധാനം സ്കോർ ഉയർത്തുകയായിരുന്നു. നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് പ്രൊട്ടീയാസുകൾ 207 റൺസ് നേടിയത്. 44 റൺസെടുത്ത ഹെൻറിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്ക എ ടീമിന്റെ ടോപ്പ് സ്കോറർ.
Also Read: ബുംറയുടെ ബോളിങ് ആക്ഷനില്‍ സംശയം; വേറെ പണി നോക്കെന്ന് ഗവാസ്കര്‍
ഇന്ത്യ എ ടീമിന് വേണ്ടി ദീപക് ചാഹർ, ക്രുണാൽ പാണ്ഡ്യ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഷാർദുൽ ഠാക്കൂർ, യുസ്വേന്ദ്ര ചാഹൽ എന്നിവർ ഓരോ വിക്കറ്റുമായും തിളങ്ങി.
മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ടീം സ്കോർ അഞ്ചിലെത്തിയപ്പോൾ ഇന്ത്യക്ക് രണ്ട് മുൻനിര വിക്കറ്റുകൾ നഷ്ടമായി. 13 റൺസുമായി ക്രുണാൽ പാണ്ഡ്യ കൂടി പുറത്തായതോടെ ഇന്ത്യ തകർച്ച മുന്നിൽ കണ്ടു. എന്നാൽ വിക്കറ്റ് കീപ്പർ ഇഷാൻ കിഷനെ കൂട്ടുപിടിച്ച് നായകൻ മനീഷ് പാണ്ഡെ തകർത്തടിക്കാൻ തുടങ്ങിയതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരികെ വന്നു. 40 റൺസുമായി ഇഷാൻ ിഷൻ മടങ്ങിയതോടെ നായകന് കൂട്ടായി ശിവം ദുബെ എത്തി. 81 റൺസെടുത്ത മനീഷ് പാണ്ഡെ പുറത്തായെങ്കിലും ക്രീസിൽ നിലയുറപ്പിച്ച ശിവം ദുബെ 45 റൺസുമായി ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ചു.