ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ ഏകദിന മത്സരത്തിൽ ഇന്ത്യ എയ്ക്ക് 327 റൺസ്. മഴമൂലം 47 ഓവറായി വെട്ടികുറച്ച മത്സരത്തിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ എ 327 റൺസ് നേടിയത്. അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിങ്ങുമായി തിളങ്ങിയ ശിവം ദുബെയും അക്സർ പട്ടേലുമാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. ഇരുവരും അർധസെഞ്ചുറി തികയ്ക്കുകയും ചെയ്തു.
മഴമൂലം വൈകി തുടങ്ങിയ മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക എ ഇന്ത്യ എയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മികച്ച തുടക്കമാണ് ശുഭ്മാൻ ഗിൽ ഇന്ത്യക്ക് നൽകിയത്. എന്നാൽ രുതുരാജ് പത്ത് റൺസുമായി പുറത്തായി. പിന്നാലെ അർധസെഞ്ചുറിക്ക് നാല് റൺസ് അകലെ ശുഭ്മാൻ ഗില്ലും വീണു.
മൂന്നാമനായി ക്രീസിലെത്തിയ അൻമോൾപ്രീത് സിങ് 29 റൺസിലും നായകൻ മനീഷ് പാണ്ഡെ 39 റൺസിലും പുറത്തായി. 37 റൺസായിരുന്നു ഇഷാൻ കിഷന്റെ സമ്പാദ്യം. 14 റൺസുമായി ക്രുണാൽ പാണ്ഡ്യ കൂടി പുറത്തായതോടെ കളിയുടെ സ്വഭാവം മാറി.
ബാറ്റിങ് ഉത്തരവാദിത്വം ഏറ്റെടുത്ത ഓൾറൗണ്ടർമാരായ ശിവം ദുബെയും അക്സർ പട്ടേലും നിരന്തരം ബൗണ്ടറികൾ പായിച്ച് റൺറേറ്റ് കുത്തനെ ഉയർത്തി. 60 പന്തിൽ 79 റൺസാണ് ശിവം സ്വന്തമാക്കിയത്. ആറ് സിക്സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. അക്സർ പട്ടേൽ മൂന്ന് സിക്സും ആറ് ഫോറും ഉൾപ്പടെ 36 പന്തിൽ 60 റൺസ് നേടി.
ബ്യൂറൺ ഹെൻഡ്രിക്സ്, ജോം ഫോർച്യൂൻ എന്നിവർ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.