ദക്ഷിണാഫ്രിക്ക എയുടെ ഇന്ത്യൻ പര്യടനത്തിലെ അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തലും ഇന്ത്യ എയ്ക്ക് തകർപ്പൻ ജയം. 36 റൺസിനാണ് അതിഥികളെ ആതിഥേയർ പരാജയപ്പെടുത്തിയത്. ഇന്ത്യ എ ഉയർത്തിയ 205 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക് എയ്ക്ക് നിശ്ചിത ഓവറിൽ 168 റൺസെടുക്കാനെ സാധിച്ചുള്ളു. മഴമൂലം 20 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ എ 204 റൺസ് അടിച്ചു കൂട്ടിയത്.

മറുപടി ബാറ്റിങ്ങിൽ പ്രൊട്ടിയാസുകൾക്ക് വേണ്ടി ഓപ്പണർ റീസ ഹെൻഡ്രിക്സ് അർധസെഞ്ചുറി പ്രകടനവുമായി തിളങ്ങിയെങ്കിലും വിജയത്തിലെത്താൻ അത് മതിയാകുമായിരുന്നില്ല. തുടക്കത്തിൽ മലാനെയും നായകൻ ടെമ്പ ബവുമയെയും അതിവേഗം ഇന്ത്യൻ താരങ്ങൾക്ക് പുറത്താക്കാൻ സാധിച്ചെങ്കിലും മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ഹെൻഡ്രിക്സ് – കൈലി സഖ്യം ദക്ഷിണാഫ്രിക്കയുടെ വിജയപ്രതീക്ഷ സജീവമാക്കുകയായിരുന്നു. എന്നാൽ ഇരുവരെയും രാഹുൽ ചാഹറും വാഷിങ്ടൺ സുന്ദറും ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. റീസ 59 റൺസും കൈലി 44 റൺസും നേടി.

Also Read: ‘ഒന്നാം വട്ടം കണ്ടപ്പോൾ’; അനുഷ്കയുമായുള്ള കണ്ടുമുട്ടലിനെ കുറിച്ച് വിരാട് കോഹ്‌ലി

മധ്യനിരയും വാലറ്റവും പൂർണമായും റൺസ് കണ്ടെത്താൻ പരാജയപ്പെട്ടതോടെ ഇന്ത്യ ജയം ഉറപ്പിച്ചു. അവസാനക്കാർ അഞ്ച് പേരും ഒറ്റ അക്കത്തിലാണ് പുറത്തായത്. ഇന്ത്യക്ക് വേണ്ടി ഷാർദുൽ ഠാക്കൂർ മൂന്ന് വിക്കറ്റും വാഷിങ്ടൺ സുന്ദർ രണ്ട് വിക്കറ്റും സ്വന്തമാക്കി.

വെടിക്കെട്ട് ബാറ്റിങ്ങുമായി തിളങ്ങിയ മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യൻ കുതിപ്പിന് ചുക്കാൻ പിടിച്ചത്. 48 പന്തിൽ നിന്ന് 91 റൺസാണ് സഞ്ജു അടിച്ചെടുത്തത്. അർധസെഞ്ചുറിയുമായി മുതിർന്ന താരം ശിഖർ ധവാനും സഞ്ജുവിന് മികച്ച പിന്തുണ നൽകി.

മഴമൂലം വൈകി തുടങ്ങിയ മത്സരത്തിൽ ടോസ് നേടി ഇന്ത്യ എ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ഇന്ത്യക്ക് തുടക്കം പിഴച്ചു. ടീം സ്കോർ രണ്ടിൽ എത്തിയപ്പോൾ തന്നെ ഓപ്പണർ പ്രശാന്ത് ചോപ്ര പുറത്തായി. പിന്നാലെ കണ്ടത് വെടിക്കെട്ടായിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു സാംസൺ ശിഖർ ധവാനൊപ്പം കത്തി കയറി. 27 പന്തുകളിൽ അർധസെഞ്ചുറി തികച്ച സഞ്ജുവിനൊപ്പം ധവാനും കത്തികയറി. 36 പന്തിൽ 51 റൺസുമായി അർധസെഞ്ചുറിക്ക് പിന്നാലെ ധവാൻ മടങ്ങി. എന്നാൽ ക്രീസിൽ നിലയുറപ്പിച്ച സഞ്ജു ഏഴ് സിക്സും ആറ് ഫോറും അടക്കമാണ് 91 റൺസെടുത്തത്.

എന്നാൽ ജോർജ് ലിൻഡെയുടെ ഓവറിൽ മലാനിന് ക്യാച്ച് നിൽകി സഞ്ജു മടങ്ങി. സെഞ്ചുറിക്ക് ഒമ്പത് റൺസകലെയാണ് സഞ്ജു വീണത്. പിന്നാലെ എത്തിയ നായകൻ ശ്രേയസ് അയ്യർ 19 പന്തിൽ 36 റൺസുമായി തിളങ്ങി. പത്ത് റൺസുമായി ശുഭ്മാൻ ഗിൽ പുറത്താകാതെ നിന്നു. ഇതോടെ ടീം സ്കോർ 20 ഓവറിൽ 200 റൺസ് കടന്നു.

അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കി. ഇനി രണ്ട് ടെസ്റ്റ് മത്സരങ്ങൾ കൂടി ഇരു ടീമുകളും കളിക്കുന്നുണ്ട്. ഇതിൽ ആദ്യ ഏകദിനം തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൾഡ് സ്റ്റേഡിയത്തിലാണ് നടക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook