ഇംഗ്ലണ്ട് ലയൺസിനെതിരായ രണ്ടാം ചതുർ ദിന മത്സരത്തിൽ ഇന്ത്യ എയ്ക്ക് തകർപ്പൻ ജയം. ഇന്നിങ്സിനും 68 റൺസിനുമാണ് ഇന്ത്യ എ ഇംഗ്ലണ്ട് ലയൺസിനെ പരാജയപ്പെടുത്തിയത്. ആദ്യ ഇന്നിങ്സിൽ ഇന്ത്യ ഉയർത്തിയ 392 റൺസ് പിന്തുടർന്ന ഇംഗഗ്ലണ്ടിന് രണ്ട് ഇന്നിങ്സുകളിലും മറികടക്കാൻ സാധിച്ചില്ല. ഒന്നാം ഇന്നിംങ്സില്‍ 144 റണ്‍സിന് പുറത്തായ ഇംഗ്ലണ്ട് ലയണ്‍സ് രണ്ടാം ഇന്നിംങ്സില്‍ 180 റണ്‍സിനാണ് കീഴടങ്ങിയത്.

ഓപ്പണർമാരുടെ വെടിക്കെട്ട് ബാറ്റിങ് മികവിലാണ് ഇന്ത്യ എ 392 റൺസെടുത്തത്. അഭിമന്യൂ ഈശ്വരൻ സെഞ്ചുറി നേടിയപ്പോൾ കെഎൽ രാഹുൽ പ്രിയങ്ക് പഞ്ചൽ എന്നിവർ അർധസെഞ്ചുറി കണ്ടെത്തി. 222 പന്തുകൾ നേരിട്ട അഭിമന്യു 13 ബൗണ്ടറികളും ഒരു സിക്സും പറത്തി 117 റൺസാണ് നേടിയത്. വിലക്കിന് ശേഷം തിരിച്ചെത്തിയ കെ എൽ രാഹുൽ തുടർച്ചയായ രണ്ടാം മത്സരത്തിലും അർധസെഞ്ചുറി നേടുകയായിരുന്നു. 81 റൺസാണ് രാഹുൽ സ്വന്തമാക്കിയത്. 50 റൺസുമായി പ്രിയങ്ക് പഞ്ചലും 46 റൺസ് നേടി ശ്രീകറും മികച്ച പിന്തുണ നൽകിയതോടെ ഇന്ത്യ എ മികച്ച സ്കോറിലേയ്ക്ക് എത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ളണ്ടിന് തുടക്കം മുതൽ പിഴച്ചു. 23 റൺസിൽ ആദ്യ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യ എ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് എടുത്തുകൊണ്ടെയിരുന്നു. 25 റൺസ് നേടിയ ഒലി പോപ്പാണ് ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് ലയൺസിന്റെ ടോപ്പ് സ്കോറർ. ഇന്ത്യയ്ക്ക് വേണ്ടി ഷഹ്ബാസ് നദീം, നവ്ദീപ് സെയ്നി എന്നിവർ മൂന്ന് വിക്കറ്റ് വീഴ്ത്തി. വരുൺ ആരോൺ കേരളത്തിന്റെ രഞ്ജി താരം ജലജ് സക്സേന എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ഇതോടെ ഫോളോ ഓൺ വഴങ്ങിയ ഇംഗ്ലണ്ട് ലയൺസിന് രണ്ടാം ഇന്നിങ്സിലും കാര്യമായ ചെറുത്ത് നിൽപ്പ് നടത്താൻ സാധിച്ചില്ല. ബെൺ ഡക്കറ്റ് അർധസെഞ്ചുറിയും ഗ്രിഗറി 44 റൺസും നേടിയെങ്കിലും മറ്റ് താരങ്ങൾക്കാർക്കും സ്കോർബോർഡിലേയ്ക്ക് സംഭാവന നൽകാൻ സാധിച്ചില്ല. നാല് ഇംഗ്ലീഷ് താരങ്ങൾ മാത്രമാണ് രണ്ടക്കം കടന്നത്.

ഇക്കുറി ഇംഗ്ലീഷ് പതനത്തിന് കാരണമായത് മായങ്ക് മാർഖണ്ഡെയാണ്. പത്ത് ഓവറെറിഞ്ഞ മായങ്ക് 31 റൺസ് മാത്രം വിട്ടു നൽകി അഞ്ച് ഇംഗ്ലണ്ട് താരങ്ങളെയാണ് കൂടാരം കയറ്റിയത്. വയനാട് നടന്ന ആദ്യ മത്സരം സമനിലയിൽ അവസാനിച്ചിരുന്നു. ഏകദിന പരമ്പര 4-1നും ഇന്ത്യ എ സ്വന്തമാക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook