ബൗളിങ്ങില്‍ മാത്രമല്ല ബാറ്റിങ്ങിലുമുണ്ട് പിടി; സിക്‌സടിച്ച് ഫിഫ്റ്റി, ബുംറയ്‌ക്ക് കൈയടിച്ച് കോഹ്‌ലി, വീഡിയോ

ആറ് ഫോറും രണ്ട് സി‌ക്‌സും സഹിതം 57 പന്തിൽ നിന്ന് 55 റൺസ് നേടിയ ബുംറ പുറത്താകാതെ നിന്നു

Bumrah

സിഡ്‌നി: ഓസ്‌ട്രേലിയ എയ്‌ക്കെതിരായ സന്നാഹ മത്സരത്തിൽ ഇന്ത്യ എയ്‌ക്കുവേണ്ടി അർധ സെഞ്ചുറി നേടി പേസ് ബൗളർ ജസ്‌പ്രീത് ബുംറ. ഇന്ത്യയുടെ മുൻനിര ബാറ്റ്‌സ്‌മാൻമാർ എല്ലാം അതിവേഗം കൂടാരം കയറിയപ്പോൾ വാലറ്റത്ത് രക്ഷകനായി അവതരിക്കുകയായിരുന്നു ‘ബൂം ബൂം ബുംറ.’ യോർക്കറുകൾ കൊണ്ട് ബാറ്റ്‌സ്‌മാൻമാരെ വട്ടംകറക്കുന്ന ഇന്ത്യയുടെ സ്റ്റാർ ബൗളർ തനിക്ക് ബാറ്റിങ്ങിലും പിടിയുണ്ടെന്ന് തെളിയിച്ചു.

ടോസ് ജയിച്ച് ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ എ തുടക്കം മുതലേ തിരിച്ചടികൾ നേരിട്ടു. ടീം ടോട്ടൽ 116 ൽ എത്തുമ്പോഴേക്കും ഇന്ത്യയ്‌ക്ക് എട്ട് വിക്കറ്റുകൾ നഷ്ടമായി. മുൻനിര ബാറ്റ്‌സ്‌മാൻമാർ എല്ലാം പിങ്ക് ബോളിൽ റൺസ് കണ്ടെത്താൻ പാടുപെട്ടു. ഓപ്പണർ പൃഥ്വി ഷാ 29 പന്തിൽ നിന്ന് 40 റൺസും ശുഭ്‌മാൻ ഗിൽ 58 പന്തിൽ 43 റൺസും നേടിയതൊഴിച്ചാൽ മറ്റ് ബാറ്റ്‌സ്‌മാൻമാർ എല്ലാം അമ്പേ പരാജയം സമ്മതിച്ചിടത്താണ് ബുംറയുടെ ചെറുത്തുനിൽപ്പ്.

ആറ് ഫോറും രണ്ട് സി‌ക്‌സും സഹിതം 57 പന്തിൽ നിന്ന് 55 റൺസ് നേടിയ ബുംറ പുറത്താകാതെ നിന്നു. 194 റൺസിന് ഇന്ത്യ എ ഓൾഔട്ട് ആയി. സിക്‌സടിച്ചാണ് ബുംറ അർധ സെഞ്ചുറി നേടിയത്. ബുംറയുടെ പ്രകടനം സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ്. ഇന്ത്യൻ ടീം നായകൻ വിരാട് കോഹ്‌ലി അടക്കമുള്ളവർ ബുംറയുടെ മികച്ച ബാറ്റിങ് പ്രകടനത്തെ അഭിനന്ദിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ആദ്യ അർധ സെഞ്ചുറിയാണ് ഓസീസിനെതിരെ ബുംറ നേടിയത്.

ബാറ്റിങ്ങിനുശേഷം ഡ്രസിങ് റൂമിലേക്ക് വരികയായിരുന്ന ബുംറയ്‌ക്ക് ഇന്ത്യൻ താരങ്ങൾ ഗാർഡ് ഓഫ് ഓണർ നൽകിയാണ് സ്വീകരിച്ചത്.

Image
ബുംറയ്‌ക്ക് ഗാർഡ് ഓഫ് ഓണർ നൽകുന്നു

ബുംറയെ കൂടാതെ മുഹമ്മദ് സിറാജും വാലറ്റത്ത് മികച്ച ചെറുത്തുനിൽപ്പ് നടത്തി. 34 പന്തിൽ രണ്ട് ഫോറും ഒരു സിക്‌സും സഹിതം സിറാജ് 22 റൺസ് നേടി. അവസാന വിക്കറ്റിൽ ഇരുവരും ചേർന്ന് 71 റൺസിന്റെ നിർണായക കൂട്ടുക്കെട്ടാണ് ഒരുക്കിയത്.

ഇന്ത്യ എയെ നയിക്കുന്ന അജിങ്ക്യ രഹാനെ അടക്കമുള്ളവർ ആദ്യ ഇന്നിങ്‌സിൽ നിരാശപ്പെടുത്തി. നാല് റൺസ് മാത്രമാണ് രഹാനെയുടെ സംഭാവന. മായങ്ക് അഗർവാൾ (രണ്ട്), ഹനുമ വിഹാരി (15), റിഷഭ് പന്ത് (അഞ്ച്), വൃദ്ധിമാൻ സാഹ (പൂജ്യം), നവ്‌ദീപ് സൈനി (നാല്), മൊഹമ്മദ് ഷാമി (പൂജ്യം) എന്നിവരും ബാറ്റിങ്ങിൽ നിരാശപ്പെടുത്തി.

 

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India a vs australia a three day friendly match bumrah first class fifty

Next Story
രണ്ട് റെഡ് കാർഡ്; ജംഷദ്പൂരിനെ സമനിലയിൽ തളച്ച് ഈസ്റ്റ് ബംഗാൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com