ദക്ഷിണാഫ്രിക്ക എയുടെ ഇന്ത്യൻ പര്യടനത്തിലെ അവസാന ഏകദിന മത്സരത്തിൽ ഇന്ത്യ എയ്ക്ക് കൂറ്റൻ സ്കോർ. മഴമൂലം 20 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 204 റൺസാണ് ഇന്ത്യ എ ഉയർത്തിയത്. വെടിക്കെട്ട് ബാറ്റിങ്ങുമായി തിളങ്ങിയ മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യൻ കുതിപ്പിന് ചുക്കാൻ പിടിച്ചത്. 48 പന്തിൽ നിന്ന് 91 റൺസാണ് സഞ്ജു അടിച്ചെടുത്തത്. അർധസെഞ്ചുറിയുമായി മുതിർന്ന താരം ശിഖർ ധവാനും സഞ്ജുവിന് മികച്ച പിന്തുണ നൽകി.

മഴമൂലം വൈകി തുടങ്ങിയ മത്സരത്തിൽ ടോസ് നേടി ഇന്ത്യ എ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ഇന്ത്യക്ക് തുടക്കം പിഴച്ചു. ടീം സ്കോർ രണ്ടിൽ എത്തിയപ്പോൾ തന്നെ ഓപ്പണർ പ്രശാന്ത് ചോപ്ര പുറത്തായി. പിന്നാലെ കണ്ടത് വെടിക്കെട്ടായിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു സാംസൺ ശിഖർ ധവാനൊപ്പം കത്തി കയറി. 27 പന്തുകളിൽ അർധസെഞ്ചുറി തികച്ച സഞ്ജുവിനൊപ്പം ധവാനും കത്തികയറി. 36 പന്തിൽ 51 റൺസുമായി അർധസെഞ്ചുറിക്ക് പിന്നാലെ ധവാൻ മടങ്ങി. എന്നാൽ ക്രീസിൽ നിലയുറപ്പിച്ച സഞ്ജു ഏഴ് സിക്സും ആറ് ഫോറും അടക്കമാണ് 91 റൺസെടുത്തത്.

എന്നാൽ ജോർജ് ലിൻഡെയുടെ ഓവറിൽ മലാനിന് ക്യാച്ച് നിൽകി സഞ്ജു മടങ്ങി. സെഞ്ചുറിക്ക് ഒമ്പത് റൺസകലെയാണ് സഞ്ജു വീണത്. പിന്നാലെ എത്തിയ നായകൻ ശ്രേയസ് അയ്യർ 19 പന്തിൽ 36 റൺസുമായി തിളങ്ങി. പത്ത് റൺസുമായി ശുഭ്മാൻ ഗിൽ പുറത്താകാതെ നിന്നു. ഇതോടെ ടീം സ്കോർ 20 ഓവറിൽ 200 റൺസ് കടന്നു.

അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പര ഇന്ത്യ എ നേരത്തെ സ്വന്തമാക്കിയിരുന്നു. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ എ നാലാം മത്സരത്തിൽ പരാജയപ്പെട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook