തിരുവനന്തപുരം: ദക്ഷിണാഫ്രിക്ക എയ്ക്കെതതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ എയ്ക്ക് ഉജ്ജ്വല വിജയം. ഇന്ത്യന്‍ വിജയം 69 റണ്‍സിനായിരുന്നു. ഇന്ത്യയുയര്‍ത്തിയ 328 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്ക 45 ഓവറില്‍ 258 റണ്‍സാണെടുത്തത്.
ദക്ഷിണാഫ്രിക്കയ്ക്കായി റീസ ഹെന്‍ഡ്രിക്സ് സെഞ്ചുറി നേടിയെങ്കിലും വിജയം നേടാനായില്ല. അഞ്ച് വിക്കറ്റെടുത്ത യുസ്വേന്ദ്ര ചാഹലാണ് ഇന്ത്യയുടെ വിജയശില്‍പ്പി. 110 റണ്‍സാണ് ഹെന്‍ഡ്രിക്സ് നേടിയത്. ഹെന്റിച്ച് ക്ലാസന് അര്‍ധ സെഞ്ചുറി നേടി. താരം 43 പന്തില്‍ 58 റണ്‍സെടുത്തു.
നേരത്തെ, മഴമൂലം 47 ഓവറായി വെട്ടികുറച്ച മത്സരത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ എ 327 റണ്‍സ് നേടിയത്. അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി തിളങ്ങിയ ശിവം ദുബെയും അക്സര്‍ പട്ടേലുമാണ് ഇന്ത്യയെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. ഇരുവരും അര്‍ധസെഞ്ചുറി തികയ്ക്കുകയും ചെയ്തു.
മഴമൂലം വൈകി തുടങ്ങിയ മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക എ ഇന്ത്യ എയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മികച്ച തുടക്കമാണ് ശുഭ്മാന്‍ ഗില്‍ ഇന്ത്യക്ക് നല്‍കിയത്. എന്നാല്‍ രുതുരാജ് പത്ത് റണ്‍സുമായി പുറത്തായി. പിന്നാലെ അര്‍ധസെഞ്ചുറിക്ക് നാല് റണ്‍സ് അകലെ ശുഭ്മാന്‍ ഗില്ലും വീണു.
മൂന്നാമനായി ക്രീസിലെത്തിയ അന്മോള്പ്രീത് സിങ് 29 റണ്‍സിലും നായകന് മനീഷ് പാണ്ഡെ 39 റണ്‍സിലും പുറത്തായി. 37 റണ്‍സായിരുന്നു ഇഷാന് കിഷന്റെ സമ്പാദ്യം. 14 റണ്‍സുമായി ക്രുണാല്‍ പാണ്ഡ്യ കൂടി പുറത്തായതോടെ കളിയുടെ സ്വഭാവം മാറി.
ബാറ്റിങ് ഉത്തരവാദിത്വം ഏറ്റെടുത്ത ഓള്‍റൗണ്ടര്‍മാരായ ശിവം ദുബെയും അക്സര്‍ പട്ടേലും നിരന്തരം ബൗണ്ടറികള്‍ പായിച്ച് റണ്‍റേറ്റ് കുത്തനെ ഉയര്‍ത്തി. 60 പന്തില്‍ 79 റണ്‍സാണ് ശിവം സ്വന്തമാക്കിയത്. ആറ് സിക്സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. അക്സര്‍ പട്ടേല്‍ മൂന്ന് സിക്സും ആറ് ഫോറും ഉള്‍പ്പടെ 36 പന്തില്‍ 60 റണ്‍സ് നേടി. ബ്യൂറണ്‍ ഹെന്‍ഡ്രിക്സ്, ജോം ഫോര്‍ച്യൂന്‍ എന്നിവര്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.