ലണ്ടൻ: കായിക ചരിത്രത്തിൽ ഇന്ത്യക്ക് മറക്കാനാവത്ത ദിനമാണ് ജൂൺ 25. 1983 ൽ ഇതുപോലൊരു ജൂൺ 25നാണ് കപിലിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പ് ഉയർത്തിയത്. വിശ്വപോരാട്ടത്തിൽ ഇന്ത്യയുടെ ആദ്യ കിരീട നേട്ടമായിരുന്നു അത്. പേരുകേട്ട വിവിയൻ റിച്ചാർഡ്സിന്റെ വിൻഡീസിനെ തകർക്കുമ്പോൾ ഇന്ത്യ മറ്റൊരു ചരിത്രം കൂടി സൃഷ്ടിക്കുകയായിരുന്നു.

Also Read: ഇന്ത്യയ്ക്ക് ലോകകപ്പ് നേടിക്കൊടുക്കാൻ ഈ താരത്തിനാകും, എന്നാൽ ഓസ്ട്രേലിയക്ക് മുന്നിൽ മുട്ടിടിക്കും’; മൈക്കിൾ ക്ലർക്ക്

അതിന് മുമ്പ് നടന്ന ആദ്യ രണ്ട് ലോകകപ്പുകളിൽ ഒരു മത്സരം മാത്രം ജയിച്ച ഇന്ത്യ 1983ൽ പ്രവചനങ്ങളെയെല്ലാം തെറ്റിച്ച് മുന്നേറുകയായിരുന്നു. കരുത്തരായ വിൻഡീസിനെയും ഓസ്ട്രേലിയയെയും വീഴ്ത്തി ടൂർണമെന്റിന് തുടക്കമിട്ട ഇന്ത്യ സിംബാബ്‌വെയെയും പരാജയപ്പെടുത്തി. എന്നാൽ ഗ്രൂപ്പ് സ്റ്റേജിലെ രണ്ടാം റൗണ്ടിൽ ഓസ്ട്രേലിയക്കും വെസ്റ്റ് ഇൻഡീസിനും മുന്നിൽ കാലിടറി. അതേസമയം, സിംബാബ്‌വെയുമായി നടന്ന നിർണായക മത്സരത്തിൽ വിജയം നേടി ഇന്ത്യ സെമിഫൈനലിലെത്തി. സെമിയിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ വീഴ്ത്തി ഫൈനലിന് യോഗ്യത നേടിയ ഇന്ത്യൻ കുതിപ്പ് കിരീട നേട്ടത്തിലാണ് അവസാനിച്ചത്.

ആദ്യ രണ്ട് ലോകകപ്പുകൾ നേടിയ വെസ്റ്റ് ഇൻഡീസ് ഹാട്രിക് കിരീട നേട്ടവും മുന്നിൽ കണ്ടാണ് ഇന്ത്യക്കെതിരെ ഇറങ്ങിയത്. എന്നാൽ കപിലിന്റെ കൂട്ടരുടെ മുന്നിൽ വിവിയൻ റിച്ചാർഡ്സണും ഡെസ്മണ്ട് ഹെയ്ൻസും അടങ്ങുന്ന വിൻഡീസ് സംഘം കീഴടങ്ങി. മത്സരത്തിൽ ടോസ് ജയിച്ച വെസ്റ്റ് ഇൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചപ്പോൾ ഇന്ത്യൻ സ്കോറിങ് 183 റൺസിൽ അവസാനിച്ചു. 38 റണ്‍സെടുത്ത ശ്രീകാന്ത് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മൂന്ന് വിക്കറ്റ് വീഴ്ത്തിയ റോബര്‍ട്ട്സും രണ്ട് പേരെ വീതം പുറത്താക്കിയ ഹോള്‍ഡിങ്ങും മാര്‍ഷലും ഗോമസും വെസ്റ്റ് ഇൻഡീസിന്റെ ബോളിങ് പ്രകടനത്തിൽ നിർണായക പങ്കുവഹിച്ചു.

Also Read: ‘തലയുടെ ‘ടിപ്പ്’ തന്നെ’; അവസാന ഓവറില്‍ ധോണി പറഞ്ഞത് എന്തെന്ന് വെളിപ്പെടുത്തി ഷമി

ചെറിയ വിജയലക്ഷ്യം അനായാസം മറികടക്കാനിറങ്ങിയ വെസ്റ്റ് ഇൻഡീസിന് പക്ഷെ ഇന്ത്യൻ ബോളിങ് നിരയ്ക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ സാധിച്ചില്ല. പേരുകേട്ട വിൻഡീസ് ബാറ്റിങ് നിരയിലെ നാല് താരങ്ങൾക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. വിവിയന്‍ റിച്ചാര്‍ഡ് അടിച്ചെടുത്ത 33 റണ്‍സ് മാറ്റിനിർത്തിയാൽ മറ്റ് താരങ്ങൾക്കാർക്കും തന്നെ കാര്യമായ പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. മദൻ ലാലിന്റെയും മോഹിന്ദർ അമർനാഥിന്റെയും മൂന്ന് വിക്കറ്റ് പ്രകടനം ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി.

1983 ലോകകപ്പ് ഫൈനൽ കളിച്ച ഇന്ത്യൻ ടീം: സുനിൽ ഗവാസ്കർ, മദൻ ലാൽ, മോഹിന്ദർ അമർനാഥ്, സെയ്ദ് കിർമാണി, കപിൽ ദേവ്, യഷ്പാൽ ശർമ്മ, കീർത്തി ആസാദ്, റോജർ ബിന്നി, സന്ദീപ് പട്ടേൽ, ക്രിസ് ശ്രീകാന്ത്, ബൽവീന്ദർ സന്ദു.

അന്ന് കിരീടം നേടിയ അതേ ലോർഡ്സിൽ 36 വർഷങ്ങൾക്കിപ്പുറം മൂന്നാം ലോകകിരീടം ലക്ഷ്യമിടുകയാണ് വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം. ലോകകപ്പിൽ അപരാജിത കുതിപ്പ് തുടരുന്ന ഇന്ത്യ ലോകകപ്പുമായി മടങ്ങി വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. 2011ൽ ഇന്ത്യയിൽ നടന്ന ലോകകപ്പിലാണ് ഇന്ത്യ അവസാനമായി കിരീടമുയർത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook