2019 ഐപിഎൽ സീസണിലെ മോശം പ്രകടനത്തിന് ശേഷം “ക്രിക്കറ്റ് ഉപേക്ഷിച്ച് ഓട്ടോ ഓടിക്കാൻ” തന്നോട് ആവശ്യപ്പെട്ടതായി ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. അക്കാലത്ത് തന്റെ കരിയർ അവസാനിച്ചെന്ന് കരുതിയിരുന്നെന്നും പിന്നീട് എംഎസ് ധോണിയുടെ ഉപദേശമാണ് തന്നെ രക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഒമ്പത് മത്സരങ്ങളിൽ നിന്ന് ഏഴ് വിക്കറ്റ് മാത്രമെടുത്ത് പത്തിന് അടുത്ത് എക്കണോമി റേറ്റുണ്ടായിരുന്ന സിറാജിന്റെ പ്രകടനം താരത്തിന്റെ ഫ്രാഞ്ചൈസിയാ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ആ സീസണിലെ മോശം പ്രകടനത്തിൽ പ്രതിഫലിച്ചിരുന്നു. തുടക്കത്തിൽ അവർ തുടർച്ചയായ ആറ് ഗെയിമുകൾ തോറ്റ് ഏറ്റവും താഴെയെത്തിയിരുന്നു.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 2.2 ഓവറിൽ അഞ്ച് സിക്‌സറുകളടക്കം 36 റൺസ് വിട്ടുകൊടുത്തതായിരുന്നു സിറാജിന്റെ മോശം പ്രകടനം.
“ഞാൻ കെകെആറിനെതിരെ അന്ന് പന്തെറിയുമ്പോൾ, ആളുകൾ പറഞ്ഞു, ‘ക്രിക്കറ്റ് ഉപേക്ഷിച്ച് തിരികെ പോയി നിങ്ങളുടെ പിതാവിനൊപ്പം ഓട്ടോ ഓടിക്കാൻ’,” സിറാജ് ദ ആർസിബി പോഡ്കാസ്റ്റിനോട് പറഞ്ഞു.
Also Read: ടി20 ലോകകപ്പ് 2022: ഇന്ത്യ-പാക്കിസ്ഥാൻ മത്സര ടിക്കറ്റുകൾ മിനിറ്റുകൾക്കകം വിറ്റുതീർന്നു
“അത്തരത്തിലുള്ള നിരവധി കമന്റുകൾ ഉണ്ടായിരുന്നു. ഇതിന്റെയെല്ലാം പിന്നിലെ പോരാട്ടം ജനങ്ങൾ കാണുന്നില്ല. പക്ഷേ, എന്നെ കുറിച്ച് ആളുകൾ പറയുന്നതെല്ലാം കേൾക്കരുതെന്ന് മഹി ഭായ് (എംഎസ് ധോണി) എന്നോട് പറഞ്ഞത് ഞാൻ ഓർക്കുന്നു.”
“‘നിങ്ങൾ ഇന്ന് നന്നായി ജോലി ചെയ്യുന്നു, അവർ നിങ്ങളെ അവർ പുകഴ്ത്തും. അല്ലാത്തപ്പോൾ അതേ ആളുകൾ നിങ്ങളെ അധിക്ഷേപിക്കും. അതുകൊണ്ട് ഒരിക്കലും അത് ഗൗരവമായി എടുക്കരുത്. അതെ, അന്ന് എന്നെ നിരന്തരം ട്രോളിയ അതേ ആളുകൾ പറയുന്നു ‘നിങ്ങൾ തന്നെയാണ് മികച്ച ബൗളർ ഭായ്’ എന്ന്. അതിനാൽ, എനിക്കറിയാം. എനിക്ക് ആരുടെയും അഭിപ്രായം വേണ്ട. അന്നുണ്ടായിരുന്ന അതേ സിറാജ് തന്നെയാണ് ഞാൻ ഇന്നും,” സിറാജ് പറഞ്ഞു.
27-കാരൻ അതിനുശേഷം ഒരുപാട് മുന്നോട്ട് പോയി. ഇത്തവണ ആർസിബി നിലനിർത്തിയ മൂന്ന് കളിക്കാരിൽ ഒരാളാണ് സിറാജ്.
2020 ഐപിഎൽ സീസണിലെ ശ്രദ്ധേയമായ പ്രകടനത്തിലൂടെ, ഇന്ത്യൻ ടീമിന്റെ ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ സിറാജ് തന്റെ രാജ്യാന്തര അരങ്ങേറ്റം നടത്തി. അവിടെ വിജയകരമായ ഗബ്ബ ടെസ്റ്റിൽ അഞ്ച് വിക്കറ്റ് നേട്ടത്തോടെ തന്റെ സ്ഥാനം ഉറപ്പിച്ചു.