രാജ്‌കോട്ട്: ക്രിക്കറ്റ് ലോകം ഇന്ന് ചര്‍ച്ച ചെയ്യുന്നത് ഒരു 18 കാരനെ കുറിച്ചാണ്. അരങ്ങേറ്റ ഇന്നിങ്‌സില്‍ തന്നെ സെഞ്ച്വറി നേടി റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ പൃഥ്വി ഷായാണ് ഇന്നത്തെ താരം. സാക്ഷാല്‍ സച്ചിന്റെ പിന്‍ഗാമിയായടക്കം മുംബൈ താരം വിലയിരുത്തപ്പെടുന്നുണ്ട്. താരത്തെ പ്രശംസിച്ച് ക്രിക്കറ്റ് ലോകത്തെ പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയും പൃഥ്വി ഷായെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

സച്ചിന്റെ പിന്‍ഗാമി എന്ന വിശേഷണവുമായി തന്നെ ക്രിക്കറ്റ് ലോകത്ത് വാഴുന്ന താരമാണ് കോഹ്ലി. നാളെയുടെ മുഖമായാണ് പൃഥ്വിയെ വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ തന്റെ പിന്‍ഗാമിയെ കുറിച്ച് വിരാടിനും ഒരുപാട് അഭിമാനമുണ്ട്. പൃഥ്വി വ്യത്യസ്തനാണെന്നാണ് വിരാട് പറയുന്നത്. രാജ് കോട്ട് ടെസ്റ്റിലെ മാന്‍ ഓഫ് ദ മാച്ചും പൃഥ്വിയായിരുന്നു.

”പൃഥ്വിയേയും ജഡ്ഡുവിനേയും കുറിച്ച് സന്തോഷമുണ്ട്. ആദ്യ കളിയില്‍ തന്നെ അവന്‍ ആധിപത്യത്തോടെ ബാറ്റ് ചെയ്യുന്നത് കാണുന്നത് അതിലേറെ സന്തോഷമാണ്. അവനൊരു വ്യത്യസ്തമായ ക്വാളിറ്റിയുള്ള താരമാണ്. അതുകൊണ്ടാണ് ഇത്ര നേരത്തെ തന്നെ ടെസ്റ്റ് ടീമിലെത്തിയത്. ക്യാപ്റ്റ്‌നെന്ന നിലയില്‍ ഏറെ സന്തോഷം നല്‍കുന്നുണ്ട്” മത്സരശേഷം നടന്ന പത്രസമ്മേളനത്തില്‍ കോഹ്ലി പറഞ്ഞു.

തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി നേടിയ രവീന്ദ്ര ജഡേജയേയും കോഹ്ലി അഭിനന്ദിച്ചു. മത്സരത്തിന്റെ ഗതി മാറ്റാന്‍ സാധിക്കുന്ന താരമാണ് ജഡേജയെന്നും അവന്‍ സെഞ്ച്വറി നേടുന്നത് കാണാന്‍ തങ്ങള്‍ ആഗ്രഹിച്ചിരുന്നുവെന്നും കോഹ്ലി പറഞ്ഞു.

പടുകൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന വിന്റീസ് ആദ്യ ഇന്നിങ്‌സില്‍ 181 റണ്‍സിനും രണ്ടാം ഇന്നിങ്‌സില്‍ 196 റണ്‍സിനും പുറത്തായി. ഇന്നിങ്‌സിനും 272 റണ്‍സിനുമാണ് വിജയിച്ചത്. ഇന്ന് രണ്ടാം ഇന്നിങ്‌സ് ബാറ്റ് ചെയ്യാനിറങ്ങിയ വിന്റീസിന് വേണ്ടി കീറണ്‍ പവലാണ് പിടിച്ചുനിന്നത്. ഒരറ്റത്ത് നിന്ന പവല്‍ 93 പന്തില്‍ നാല് സിക്‌സും എട്ട് ഫോറും അടക്കം 83 റണ്‍സ് നേടി. എന്നാല്‍ മറുഭാഗത്ത് 20 റണ്‍സെങ്കിലും നേടിയത് ഒരൊറ്റ താരമാണ്. റോസ്റ്റണ്‍ ചേസായിരുന്നു ഇത്.

കുല്‍ദീപ് യാദവാണ് രണ്ടാം ഇന്നിങ്‌സില്‍ വിന്റീസിനെ തകര്‍ത്തുവിട്ടത്. അഞ്ച് വിക്കറ്റാണ് കുല്‍ദീപ് വീഴ്ത്തിയത്. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിങ്‌സില്‍ ആര്‍ അശ്വിന്റെ നാല് വിക്കറ്റ് പ്രകടനമാണ് ഇന്ത്യയുടെ ബോളിങില്‍ മികച്ച് നിന്നത്.

ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രത്ത്വെയ്റ്റ് (10), ഷായി ഹോപ് (17), ഷിംറോണ്‍ ഹിറ്റ്മെയര്‍ (11), കീമോ പോള്‍ (15) എന്നിവര്‍ രണ്ടക്കം കടന്നു. എന്നാല്‍ സുനില്‍ അംബ്രിസ് പൂജ്യത്തിനും ദേവേന്ദ്ര ബിഷു ഒന്‍പത് റണ്‍സിനും പുറത്തായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook