വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ നിന്നും ആര്‍.അശ്വിനെ ഒഴിവാക്കിയതിനെതിരെ മുന്‍ താരവും ക്രിക്കറ്റ് ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍ രംഗത്ത്. അശ്വിന് വിന്‍ഡീസിനെതിരെ മികച്ച റെക്കോര്‍ഡുള്ളതാണ്. എന്നിട്ടും താരത്തെ എന്തുകൊണ്ടാണ് ഒഴിവാക്കിയതെന്നാണ് ഗവാസ്‌കര്‍ ചോദിക്കുന്നത്.
തീരുമാനം തന്നെ അമ്പരപ്പിച്ചെന്നായിരുന്നു ഗവാസ്‌കറിന്റെ പ്രതികരണം. കമന്ററിക്കിടെയായിരുന്നു ഗവാസ്‌കറിന്റെ പ്രതികരണം. അശ്വിനെ പോലെ അത്രയും മികച്ച റെക്കോര്‍ഡുള്ള അതും വിന്‍ഡീസിനെതിരെ, താരത്തെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താത്തത് തന്നെ ഞെട്ടിക്കുകയും അതിശയിപ്പിക്കുകയും ചെയ്തതായി ഗവാസ്‌കര്‍ പറഞ്ഞു.
ടെസ്റ്റില്‍ 552 റണ്‍സും നാല് സെഞ്ചുറിയും 60 വിക്കറ്റും സ്വന്തമായിട്ടുള്ള താരമാണ് അശ്വിന്‍. വിന്‍ഡീസിനെതിരെ 11 ടെസ്റ്റുകളില്‍ നിന്നും നാല് അഞ്ച് വിക്കറ്റ് നേട്ടവും അശ്വിന്റെ പേരിലുണ്ട്. ഇത്ര മികച്ച റെക്കോര്‍ഡുള്ള താരത്തെ എന്തിന് പുറത്തിരുത്തിയെന്നാണ് ഗവാസ്കർ ചോദിക്കുന്നത്.
Read More: ‘ഞാൻ സ്വാർഥനല്ല’; സെഞ്ചുറിക്കരികിൽ വീണിട്ടും നിരാശയില്ലാതെ അജിങ്ക്യ രഹാനെ
എന്നാല്‍ തീരുമാനത്തെ ഇന്ത്യന്‍ താരം അജിങ്ക്യ രഹാനെ പിന്തുണച്ചു. അശ്വിനില്ലാത്തത് നഷ്ടമാണെന്നും എന്നാല്‍ ടീം മാനേജ്‌മെന്റ് ഏറ്റവും മികച്ച കോമ്പിനേഷനെ കുറിച്ചാണ് ആലോചിക്കുന്നതെന്നുമായിരുന്നു രഹാനെയുടെ പ്രതികരണം.
”ആറാമതൊരു ബാറ്റ്‌സ്മാനെ, ബോള്‍ ചെയ്യാനും സാധിക്കുന്ന, വേണമെന്നിരിക്കെ ജഡേജ നന്നാകുമെന്ന് എനിക്കും തോന്നി. വിഹാരിക്കും പന്തെറിയാനാകും. അതായിരുന്നു കോച്ചും ക്യാപ്റ്റനും കണ്ട കോമ്പിനേഷന്‍. അശ്വിനേയും രോഹിത്തിനേയും പോലുള്ളവര്‍ പുറത്തിരിക്കുന്നത് നഷ്ടമാണെങ്കിലും എല്ലാം ടീമിന് വേണ്ടിയാണ്” എന്നായിരുന്നു രഹാനെയുടെ പ്രതികരണം.