ലക്നൗ: ലക്‌നൗവിനെ വിന്‍ഡീസിന്റെ ലങ്കയാക്കി മാറ്റി രോഹിത് ശര്‍മ്മ. ദീപാവലി ആഘോഷം വിന്‍ഡീസിന്റെ നെഞ്ചത്ത് തന്നെ നടത്തിയ രോഹിത് അടിച്ച് തകര്‍ത്തതോടെ പിന്നിലായത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ നേട്ടമാണ്. ടി20യില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന നേട്ടം രോഹിത് സ്വന്തമാക്കി.

ഇന്നത്തെ സെഞ്ച്വറി കൂടി ആയതോടെ അന്താരാഷ്ട്ര ടി20യില്‍ നാല് സെഞ്ചുറി നേടുന്ന ആദ്യ താരം കൂടിയായി മാറി രോഹിത്. അഞ്ചാം ഓവറില്‍ തോമസിനെ ഗാലറിയിലെത്തിച്ചാണ് രോഹിത് ദീപാവലി ആഘോഷത്തിന് തുടക്കമിട്ടത്. മത്സരത്തില്‍ രോഹിത് 61 പന്തുകളില്‍ എട്ട് ബൗണ്ടറിയും ഏഴ് സിക്‌സും സഹിതം 111 റണ്‍സെടുത്തു.

ഇതോടെ രോഹിതിന്റെ റണ്‍വേട്ട 86 മത്സരങ്ങളില്‍ നിന്ന് 2203ലെത്തി. കോലി 62 മത്സരങ്ങളില്‍ 2,102 റണ്‍സാണ് നേടിയിട്ടുള്ളത്. എന്നാല്‍ അന്താരാഷ്ട്ര ടി20യില്‍ 2271 റണ്‍സുമായി ന്യൂസീലാന്‍ഡിന്റെ മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് ഒന്നാമത്. കോലിക്ക് പുറമെ ഷൊയ്ബ് മാലിക്കിനെയും(2190) ബ്രണ്ടന്‍ മക്കുല്ലത്തെയും(2140) പിന്നാലാക്കിയ രോഹിതാണ് രണ്ടാമത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook