Latest News

‘അമ്പട ബുദ്ധിമാനേ!’; പോക്കറ്റിനുള്ളില്‍ പൂജാര ഒളിപ്പിച്ചു വച്ചത് ചെറിയ ‘വലിയ’ ബുദ്ധി

താരത്തിന്റെ ചെറിയ ‘വലിയ’ ബുദ്ധി എന്തായാലും വിജയം കണ്ടെന്നാണ് പൂജാരയുടെ പ്രകടനം തെളിയിക്കുന്നതും. 130 പന്തില്‍ നിന്നുമാണ് ചേതേശ്വര്‍ പൂജാര 86 റണ്‍സെടുത്തത്.

രാജ്‌കോട്ട്: വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിന് ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ നേരിട്ട പ്രധാന വെല്ലുവിളികളിലൊന്നായിരുന്നു രാജ് കോട്ടിലെ കാലാവസ്ഥ. കഠിനമായ ചൂടില്‍ ദീര്‍ഘ നേരം ബാറ്റ് ചെയ്യുക എന്നത് വെല്ലുവിളി തന്നെയാണ്. എന്നാല്‍ ചേതേശ്വര്‍ പൂജാരയുടെ കൈയ്യില്‍ ഇതിനുള്ള പരിഹാരമുണ്ടായിരുന്നു.

തന്റെ പാന്റിന്റെ പോക്കറ്റില്‍ ചെറിയ ഒരു വാട്ടര്‍ ബോട്ടില്‍ പൂജാര കരുതിയിരുന്നു. കളിക്കിടെ വെളളം വേണമെന്ന് തോന്നുമ്പോള്‍ പോക്കറ്റില്‍ നിന്നും എടുത്ത് കുടിക്കാനായാണ് പൂജാര വാട്ടര്‍ ബോട്ടില്‍ പോക്കറ്റില്‍ കരുതിയത്. ഇതോടെ വെള്ളം കൊണ്ടു തരാനായി സബ് താരങ്ങള്‍ക്ക് ഇടയ്ക്കിടെ ഗ്രൗണ്ടിലേക്ക് വരേണ്ടതില്ല. താരത്തിന്റെ ചെറിയ ‘വലിയ’ ബുദ്ധി എന്തായാലും വിജയം കണ്ടെന്നാണ് പൂജാരയുടെ പ്രകടനം തെളിയിക്കുന്നതും.

അരങ്ങേറ്റക്കാരന്‍ പൃഥ്വി ഷായുടെ സെഞ്ചുറിയുടേയും ചേതേശ്വര്‍ പൂജാരയുടെയും അര്‍ധ സെഞ്ചുറിയുടേയും കരുത്തില്‍ രാജ്കോട്ട് ടെസ്റ്റിന്റെ ആദ്യ ദിവസം ഇന്ത്യ ശക്തമായ നിലയിലാണ്. 134 റണ്‍സുമായാണ് തന്റെ അരങ്ങേറ്റ ഇന്നിങ്‌സ് പൃഥ്വി ഷാ അവസാനിപ്പിച്ചത്. 154 പന്ത് ബാറ്റ് ചെയ്ത്, ദേവന്ദ്ര ബിഷുവിന്റെ പന്തില്‍ പുറത്തായി മടങ്ങുമ്പോഴേക്കും പൃഥ്വി ഒരുപിടി റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കിയിരുന്നു. 130 പന്തില്‍ നിന്നുമാണ് ചേതേശ്വര്‍ പൂജാര 86 റണ്‍സെടുത്തത്.

ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും അജിങ്ക്യ രഹാനെയുമാണ് ഇപ്പോള്‍ ക്രീസില്‍. കോഹ്‌ലി പത്ത് റണ്‍സെടുത്തിട്ടുണ്ട്. രഹാനെ ഒരു റണ്‍സുമായി അക്കൗണ്ട് തുറന്നതേയുള്ളൂ. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ 292 ന് മൂന്ന് എന്ന നിലയിലാണ്.

ഇന്നിങ്സിന്റെ തുടക്കത്തില്‍ തന്നെ ലോകേഷ് രാഹുലിനെ ഇന്ത്യയ്ക്ക് നഷ്ടമായി. വെറും നാലു പന്തുകള്‍ മാത്രം നീണ്ട ഇന്നിങ്സിനൊടുവില്‍ റണ്ണൊന്നുമെടുക്കാനാകാതെ ഷാനന്‍ ഗബ്രിയേലിന്റെ പന്തില്‍ രാഹുല്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങുകയായിരുന്നു. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്ക്കു വേണ്ടി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന 293-ാം താരമാണ് ഷാ.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ind vs wi pujara cool way to keep it cool

Next Story
‘ചെക്കന്‍ കൊള്ളാം, ചില്ലറക്കാനരല്ല’; പൃഥ്വി ഷായെ അഭിനന്ദിച്ച് സാക്ഷാല്‍ സച്ചിനും സെവാഗും
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express
X