കഴിഞ്ഞ ഏഷ്യ കപ്പ് സൂപ്പർ ഫോറിലെ അവസാന പോരാട്ടത്തിൽ ഇന്ത്യ സമനില വഴങ്ങിയതിന് പിന്നാലെ ഏറെ പഴികേട്ട താരം കെ.എൽ.രാഹുലായിരുന്നു. ഔട്ട് വിളിച്ച ഫീൾഡ് അമ്പയറുടെ തീരുമാനത്തിനെതിരെ റിവ്യൂവിന് പോയി നിർണ്ണായകമായ ഏക റിവ്യൂ രാഹുൽ പാഴാക്കി. സമാനമായ പിഴവ് രാജ്കോട്ടിൽ നടക്കുന്ന ഇന്ത്യ വെസ്റ്റ് ഇൻഡീസ് ആദ്യ ടെസ്റ്റിലും ആവർത്തിച്ച് വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ് രാഹുൽ വീണ്ടും.

ഇന്ത്യൻ ഇന്നിങ്സിന്റെ ആദ്യ ഓവറിലായിരുന്നു സംഭവം. വിൻഡീസിന്റെ ഷാനോൺ ഗബ്രിയേൽ എറിഞ്ഞ ആദ്യ ഓവറിലെ അവസാന പന്ത് പതിച്ചത് രാഹുലിന്റെ ഫ്രണ്ട് പാഡിൽ‌. ഒന്ന് ചിന്തിക്കുക പോലും ചെയ്യാതെ അമ്പയർ ഔട്ട് വിളിച്ചു. എന്നാൽ അമ്പയറുടെ തീരുമാനം റിവ്യൂ ചെയ്യാനായിരുന്നു രാഹുലിന്റെ തീരുമാനം. അവസാനം റിവ്യൂവിനൊടുവിൽ ഫീൽഡ് അമ്പയറുടെ തീരുമാനം ശരിയാണെന്ന് തേർഡ് അമ്പയറും വിധിച്ചു.

ഇതിനുപിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ നിന്നടക്കം വലിയ വിമർശനമാണ് താരത്തിന് നേരെ ഉയർന്നിരിക്കുന്നത്. ഏഷ്യ കപ്പിൽ സംഭവിച്ചതിന് അന്ന് താരം മാപ്പ് പറയുകയും, റിവ്യൂ ചെയ്യുമ്പോൾ കൂടുതൽ കരുതലെടുക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ അതെല്ലാം മറന്നായിരുന്നു താരത്തിന്റെ ഇന്നത്തെ പ്രവർത്തിയുമെന്ന് വ്യക്തമാണ്.

ഏഷ്യ കപ്പിലെ സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യൻ ഇന്നിങ്സിന്റെ ഇരുപതാം ഓവർ എറിയാനെത്തിയ റാഷിദ് ഖാൻ രാഹുലിനെ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. അന്നും മറിച്ചൊന്നും ചിന്തിക്കാതെ രാഹുൽ റിവ്യൂവിന് ആവശ്യപ്പെട്ടു. എന്നാൽ ഫീൾഡ് അമ്പയറിന്റെ തീരുമാനം ശരിയായിരുന്നെന്നാണ് തേർഡ് അമ്പയർ വിധിച്ചത്. ഇന്ത്യയുടെ കൈവശം അവശേഷിച്ച ഏക റിവ്യൂവും രാഹുൽ പാഴാക്കി.

അവശേഷിച്ച റിവ്യൂ രാഹുല്‍ നഷ്ടമാക്കിയതോടെ ദിനേശ് കാര്‍ത്തിക്കിന്റെയും എം.എസ്.ധോണിയുടെയും എല്‍ബിഡബ്ല്യു തീരുമാനങ്ങള്‍ റിവ്യു ചെയ്യാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നില്ല. അമ്പയറുടെ തെറ്റായ തീരുമാനത്തിലൂടെയായിരുന്നു ഇരുവരും പുറത്തായത്. വിജയപ്രതീക്ഷ നൽകി ക്രീസിൽ നിലയുറപ്പിക്കവേയാണ് ഇരുവരും പുറത്തായത്. രാഹുലിന്റെ മണ്ടൻ തീരുമാനത്തിൽ അന്ന് ഇന്ത്യയ്ക്ക് വിജയം തന്നെയാണ് ബലികൊടുക്കേണ്ടി വന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook