രാജ്കോട്ട്: പ്രതിഭകളുടെ ധാരാളിത്തമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഇന്നത്തെ പ്രധാന വെല്ലുവിളി. താരങ്ങൾ വന്നും പോയുമിരിക്കും. അതിനാൽ തന്നെ വിൻഡീസിനെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലും ഇന്ത്യൻ ടീം പരീക്ഷണം നടത്തുകയാണ്. പൃഥ്വി ഷായെ ഓപ്പണറാക്കി ഇറക്കിയാണ് ഇന്ത്യ പരീക്ഷണത്തിന് ഒരുങ്ങുന്നത്.

ഇന്നത്തെ മൽസരത്തിനുള്ള 12 അംഗ സാധ്യത ടീം പട്ടികയിൽ ഷാ ഇടംനേടി. വിൻഡീസിനെതിരെ കെ.എൽ.രാഹുലിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യുന്നത് പതിനെട്ടുകാരനായ ഈ താരമാകും. ഇത്തവണ പരീക്ഷണങ്ങളുണ്ടാകുക ഓപ്പണിങ് സ്ഥാനത്തായിരിക്കുമെന്ന് നേരത്തെ തന്നെ ക്യാപ്റ്റൻ വിരാട് കോഹ്‌ലി വ്യക്തമാക്കിയിരുന്നു. ആഭ്യന്തര മൽസരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച കരുൺ നായരെ ടീമിൽ ഉൾപ്പെടുത്താത്തതിൽ ഇപ്പോഴും ഭിന്നാഭിപ്രായമുണ്ട്.

വിൻഡീസാണ് എതിരാളിയെങ്കിലും ഇന്ത്യയ്ക്കിത് ഓസീസിനെതിരായ ടെസ്റ്റ് മത്സരങ്ങൾക്കുളള തയ്യാറെടുപ്പ് കൂടിയാണ്. നവംബറിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് ഏറ്റവും ശക്തരായ ടീമിനെ അണിനിരത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. വിൻഡീസ് എട്ടാം സ്ഥാനത്താണ്. സ്വന്തം മണ്ണിൽ കളിക്കുന്നതിന്റെ ആനുകൂല്യവും ഇന്ത്യയ്ക്കുണ്ട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ 4-1നു തകർന്ന ഇന്ത്യ, ഓസ്ട്രേലിയൻ പര്യടനത്തെ തികഞ്ഞ ഗൗരവത്തോടെയാണു വീക്ഷിക്കുന്നത്.

ഓസീസിനെതിരെ ഓപ്പണിങ് വിക്കറ്റിൽ പേസ് ആക്രമണത്തെ ചെറുക്കാൻ കഴിയുന്ന ബാറ്റ്സ്‌മാനെയാണ് ഇന്ത്യ തേടുന്നത്. ശിഖർ ധവാനെ ഇംഗ്ലണ്ട് പരമ്പരയോടെ കൈവിട്ട മട്ടാണ്. ഹാർദിക് പാണ്ഡ്യയ്ക്കു പകരം ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിൽ സെഞ്ചുറിയടിച്ചത് ഋഷഭ് പന്തിനു വീണ്ടും അവസരം ലഭിക്കാൻ സഹായകരമായി. വിരാട് കോഹ്‌ലിയും രഹാനെയും പുജാരെയുമടങ്ങുന്ന ബാറ്റിങ് ലൈനപ്പ് ശക്തമാണ്.

അശ്വിൻ-ജഡേജ സ്പിൻ സഖ്യം വിൻഡീസിനെതിരെ വിജയമൊരുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മൂന്ന് സ്പിന്നർമാരെ അണിനിരത്തുകയാണെങ്കിൽ കുൽദീപ് യാദവും ടീമിൽ ഇടം നേടും. ടെസ്റ്റിൽ കഴിഞ്ഞ 16 വർഷത്തിനിടെ വിൻഡീസ് ഇന്ത്യയെ കീഴടക്കിയിട്ടില്ല.

സച്ചിന്റെ വിരമിക്കൽ പരമ്പരയ്ക്ക് വേണ്ടി 2013ലാണ് അവസാനമായി ടെസ്റ്റ് പരമ്പര കളിക്കാൻ വിൻഡീസ് ഇന്ത്യയിലെത്തിയത്. പേസ് ബോളർ ഷാനൻ ഗബ്രിയേൽ, സ്പിന്നർ ദേവേന്ദ്ര ബിഷു, ഓൾറൗണ്ടർ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ്, ബാറ്റ്സ്മാൻ കീറൺ പവൽ എന്നിവരാണു ഇന്ത്യയിൽ മത്സര പരിചയമുള്ള നാലു പേർ. മുത്തശ്ശിയുടെ മരണത്തെ തുടർന്ന് നാട്ടിലേക്കു മടങ്ങിയ കെമർ റോച്ച് ഇന്ന് കളിക്കില്ല. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഷായ് ഹോപ്പിന്റെ ബാറ്റിങ് ഫോമിലാണു വിൻഡീസ് പ്രതീക്ഷകൾ. സംസാരിച്ചു സമയം മെനക്കെടുത്താനില്ലെന്നും താരങ്ങളുടെ മികവ് ഗ്രൗണ്ടിൽ കാട്ടാമെന്നുമാണ് വിൻഡീസ് കോച്ച് സ്റ്റ്യുവർട്ട് ലോയുടെ പക്ഷം.

ഇന്ത്യൻ 12 അംഗ ടീം: കോഹ്‌ലി (ക്യാപ്റ്റൻ), രാഹുൽ, ഷാ, പൂജാര, രഹാനെ, പന്ത്, ജഡേജ, അശ്വിൻ, കുൽദീപ്, ഷമി, ഉമേഷ്, ഷാർദൂൽ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook