തിരുവനന്തപുരം: കാര്യവട്ടത്ത് ഇന്ന് കേരളപ്പിറവി വെടിക്കെട്ടിന് കണ്ണും കാതും കൂർപ്പിച്ച് കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികൾ. കേരളം 62-ാം പിറന്നാൾ ആഘോഷിക്കുന്ന ഇന്നാണ് ഇന്ത്യ – വിൻഡീസ് ഏകദിന പരമ്പരയിലെ വിജയികളെ നിശ്ചയിക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും മത്സരം.
പരമ്പര നേടാൻ ഇന്ത്യയ്ക്ക് ഇന്ന് ജയിച്ചേ മതിയാവൂ. എന്നാൽ വിൻഡീസിന് ലക്ഷ്യം സമനിലയാണ്. ഉച്ചയ്ക്ക് 1.30 ന് കാര്യവട്ടം സ്പോർട്സ് ഹബിൽ മത്സരം നടക്കും. നാല് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഇന്ത്യ രണ്ട് മത്സരങ്ങൾ വിജയിച്ചു. വിൻഡീസ് ഒന്നും, ഒരു മത്സരം സമനിലയിലുമായി.
നാലാം ഏകദിനത്തിലെ വമ്പൻ ജയത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷ മുഴുവൻ. കാര്യവട്ടത്തെ പിച്ചിൽ ടോസ് നേടിയാൽ ബാറ്റിങ് തന്നെയാകും ഇന്ത്യ തിരഞ്ഞെടുക്കുക. ബാറ്റിങിനെ തുണയ്ക്കുന്ന പിച്ചിൽ 300 പോലും ഒരു കൂറ്റൻ സ്കോർ അല്ലെന്നതാണ് കാണികളുടെ പ്രതീക്ഷ.
പക്ഷെ ഇന്നലെ പെയ്ത മഴ പിച്ചിനെ എങ്ങിനെ സ്വാധീനിക്കുമെന്ന് വ്യക്തമല്ല. കഴിഞ്ഞ തവണ ഇന്ത്യ-ന്യൂസിലൻഡ് ടി20 മത്സരം നടന്നപ്പോൾ എട്ടോവറിൽ 67 റൺസാണ് ഇന്ത്യ അടിച്ചത്. മറുപടി ബാറ്റിങ്ങിൽ ന്യൂസിലൻഡ് എട്ടോവറിൽ 61 റൺസാണ് നേടിയത്. ഇന്ത്യയുടെ ആറും ന്യൂസിലൻഡിന്റെ അഞ്ചും വിക്കറ്റുകൾ നഷ്ടപ്പെട്ട മത്സരത്തിൽ ഇന്ത്യ ആറ് റൺസിന് ജയിച്ചു.
മുപ്പത് വർഷത്തിന് ശേഷമാണ് തിരുവനന്തപുരം ഒരു ഏകദിന മത്സരത്തിന് വേദിയാകുന്നത്. അന്നും വിൻഡീസായിരുന്നു ഇന്ത്യയുടെ എതിരാളി. തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ഇന്നത്തെ കോച്ച് രവി ശാസ്ത്രിയായിരുന്നു. അന്ന് വിജയം വിൻഡീസിനൊപ്പമായിരുന്നു. നാല് വർഷം മുൻപ് കൊച്ചിയിൽ നടന്ന ഏകദിന മത്സരത്തിലും വിജയം വിൻഡീസിനൊപ്പമായിരുന്നു.
തിരുവനന്തപുരത്ത് വൈകിട്ട് അഞ്ച് മണിയോടെ മഴ പെയ്തേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. അമ്പാട്ടി റായിഡു, കെ.എൽ.രാഹുൽ, ഋഷഭ് പന്ത്, യുസ്‌വേന്ദ്ര ചഹാൽ, ഉമേഷ് യാദവ് എന്നിവർ മാത്രമാണു ബുധനാഴ്ച പരിശീലനത്തിനെത്തിയത്. വിൻഡീസ് ടീമിലെ ആരും പരിശീലനത്തിനെത്തിയില്ല. ഹോട്ടലിന്റെ സമീപമുള്ള ബീച്ചിൽ വോളിബോൾ കളിയിലായിരുന്നു അവരുടെ ശ്രദ്ധ.
ഇന്ത്യൻ ടീമംഗങ്ങൾ മിക്ക സമയവും മുറിയിൽ തന്നെ വിശ്രമത്തിലായിരുന്നു. ശല്യപ്പെടുത്തരുതെന്ന ബോർഡും വച്ച് പലരും മയങ്ങി. ക്യാപ്റ്റൻ വിരാട് കോഹ്‌ലി വൈകിട്ട് പതിവു തെറ്റിക്കാതെ ജിമ്മിൽ ഏറെ നേരം ചെലവിട്ടു.