കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മൽസരം നടത്താനുളള തീരുമാനത്തിൽ നിന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ പിൻവാങ്ങുന്നു. വിവാദത്തിൽ സച്ചിൻ തെൻഡുൽക്കർ കൂടി ഇടപെട്ടതോടെയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ പിന്മാറ്റം.

കൊച്ചിയിൽ തന്നെ മൽസരം നടത്തണമെന്ന വാശിയില്ലെന്നും വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നും കെസിഎ ഭാരവാഹികൾ ഇന്ന് നിലപാട് വ്യക്തമാക്കി.

“കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായി ഒരു തർക്കത്തിന് താൽപര്യമില്ല. കൊച്ചിയിൽ തന്നെ മൽസരം നടത്തണമെന്ന പിടിവാശി കേരള ക്രിക്കറ്റ് അസോസിയേഷന് ഇല്ല. വിവാദത്തിലൂടെ മൽസരങ്ങൾ നടത്താൻ കെസിഎ ആഗ്രഹിക്കുന്നില്ല. എന്ത് വിട്ടുവീഴ്‌ചയ്ക്കും തയ്യാറാണ്,” അസോസിയേഷൻ സെക്രട്ടറി ജയേഷ് ജോർജ് വ്യക്തമാക്കി.

ഇതോടെ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഫിഫ അംഗീകരിച്ച മൈതാനം വെട്ടിപ്പൊളിക്കാനുളള സാധ്യതകൾ മങ്ങി. കളിപ്രേമികളും ഫുട്ബോൾ താരങ്ങളും കൂട്ടായി പ്രതിഷേധം ഉയർത്തിയതിന് പിന്നാലെ ഒത്തുതീർപ്പ് ഫോർമുലയുമായി സാക്ഷാൽ സച്ചിൻ തെൻഡുൽക്കർ രംഗത്ത് വന്നതോടെയാണ് ചിത്രം തെളിഞ്ഞത്.

ഇതോടെ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഇനി മുതൽ ഫുട്ബോൾ മൽസരങ്ങൾക്ക് മാത്രമുളള അരങ്ങായി മാറിയേക്കും. തിരുവനന്തപുരത്തെ രാജ്യാന്തര നിലവാരമുളള അത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയ മൈതാനം മഴപ്പേടിയില്ലാതെ ക്രിക്കറ്റ് കളിക്കാവുന്ന ഇടവുമാണ്. ഇവിടം കേരളത്തിൽ നടക്കുന്ന അന്തർദേശീയ നിലവാരമുളള ക്രിക്കറ്റ് മൽസരങ്ങളുടെ വേദിയുമാകും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ