ആദ്യ രണ്ട് ടെസ്റ്റ് മത്സരവും തോറ്റ ടീം ഇന്ത്യ ജൊഹന്നാസ്ബർഗിൽ വിജയം മാത്രം എന്ന ലക്ഷ്യവുമായാണ് ഇറങ്ങിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കൻ പേസ് ബോളിംഗിനെ ഏത് നിലയ്ക്കും പ്രതിരോധിക്കാനുള്ള തീവ്ര ശ്രമമാണ് ഇന്ത്യൻ ബാറ്റ്സ്മാന്മാർ നടത്തുന്നത്.

എന്നാൽ തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ ദക്ഷിണാഫ്രിക്കൻ ബോളർമാർ കളി തങ്ങളുടെ വരുതിയിലേക്ക് മാറ്റി. പക്ഷെ അവരെ ക്ഷമയുടെ നെല്ലിപ്പലക കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ അഭിനവ വൻമതിൽ ചേതേശ്വർ പൂജാര. ഒറ്റ റൺസ് പോലും എടുക്കാതെ 53 പന്ത് നേരിട്ട പൂജാര 54ാം പന്തിലാണ് ആദ്യത്തെ റൺ നേടിയത്.

എല്ലാ പന്തും തട്ടിയിട്ട് പൂജാര തീർക്കുന്ന പ്രതിരോധം ഒരു തരത്തിലും നേരിടാനാകാതെയാണ് ദക്ഷിണാഫ്രിക്കൻ ബോളർമാർ ഉച്ചഭക്ഷണത്തിന് പിരിഞ്ഞത്. ഇതോടെ അത്യപൂർവ്വമായ റെക്കോഡും പൂജാര സ്വന്തം പേരിലാക്കി. ആദ്യ റൺ എടുക്കാൻ ഏറ്റവും കൂടുതൽ പന്തുകൾ നേരിട്ട ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇപ്പോൾ പൂജാരയുള്ളത്.

ന്യൂസിലാന്റിന്റെ ജെഫ് അലോട്ട് 77 പന്ത് നേരിട്ട് ഒന്നാം സ്ഥാനത്തും ഇംഗ്ലണ്ടിന്റെ ജയിംസ് ആന്റേഴ്സൺ 55 പന്തുമായി രണ്ടാം സ്ഥാനത്തുമാണ്. ഈ പട്ടികയിൽ ഇംഗ്ലണ്ടിന്റെ തന്നെ റിച്ചാർഡ് എലിസണിനെയാണ് ഒരു പന്തിന്റെ വ്യത്യാസത്തിൽ പൂജാര മറികടന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ