scorecardresearch

ടെസ്റ്റ് കരിയറിലെ രണ്ടാം സെഞ്ചുറി; കപിൽ ദേവിന്റെ റെക്കോർഡ് തകർത്ത് ജഡേജ

ഏഴാമതോ അതിൽ താഴെയോ ബാറ്റിങിനിറങ്ങി 150 റൺസ് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്റർ എന്ന നേട്ടവും ജഡേജ സ്വന്തമാക്കി

ഏഴാമതോ അതിൽ താഴെയോ ബാറ്റിങിനിറങ്ങി 150 റൺസ് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്റർ എന്ന നേട്ടവും ജഡേജ സ്വന്തമാക്കി

author-image
Sports Desk
New Update
Ravindra Jadeja, cricket, Indian cricket team

മൊഹാലി: ശ്രീലങ്കക്കെതിരെയാ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം പുതിയ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. മൊഹാലിയിൽ നടന്ന മത്സരത്തിൽ പുറത്താകാതെ 175 റൺസാണ് താരം നേടിയത്. മൂന്ന് സിക്സുകളും 17 ബൗണ്ടറികളും ഉൾപ്പെടുന്നതാണ് ഇന്നിങ്‌സ്. ജഡേജയുടെ ബാറ്റിങ് മികവിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 578 റൺസിന് ഡിക്ലയർ ചെയ്തു.

Advertisment

ഏഴാമതായി ബാറ്റിങ്ങിനിറങ്ങിയ ജഡേജ ഏഴാമതോ അതിൽ താഴെയോ ബാറ്റിങിനിറങ്ങുന്ന ഒരു ഇന്ത്യൻ ബാറ്ററുടെ ടെസ്റ്റിലെ ഏറ്റവും ഉയർന്ന സ്കോർ എന്ന കപിൽ ദേവിന്റെ റെക്കോർഡാണ് തകർത്തത്. 1986ൽ ശ്രീലങ്കയ്ക്ക് എതിരെ കപിൽ നേടിയ 163 റൺസായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്കോർ. ഇതോടൊപ്പം തന്നെ ഏഴാമതോ അതിൽ താഴെയോ ബാറ്റിങിനിറങ്ങി 150 റൺസ് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്റർ എന്ന നേട്ടവും ജഡേജ സ്വന്തമാക്കി.

ജഡേജയ്ക്കും കപിലിനും പുറമെ, ഒരു മത്സരത്തിൽ ആ നമ്പറിൽ 150 ലധികം റൺസ് നേടിയിട്ടുളള മറ്റൊരു താരം റിഷഭ് പന്താണ്. 2019 ൽ സിഡ്‌നിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിലായിരുന്നു ഇത്.

അഞ്ചാം വിക്കറ്റ് വീണ ശേഷം റിഷഭ് പന്ത്, രവിചന്ദ്ര അശ്വിൻ, മുഹമ്മദ് ഷമി എന്നിവർക്കൊപ്പം മൂന്ന് സെഞ്ചുറി കൂട്ടുകെട്ടുകളും ജഡേജ സ്വന്തമാക്കി. ഇതിനു മുൻപ് രണ്ടു തവണ മാത്രമാണ് അഞ്ചാം വിക്കറ്റ് നഷ്ടമായ ശേഷം മൂന്നു സെഞ്ചുറി കൂട്ടുകെട്ടുകൾ പിറന്നിട്ടുള്ളത്. 1948ൽ ഇന്ത്യയ്ക്കെതിരെ ഡൽഹിയിൽ വിൻഡീസാണ് ആദ്യമായി ഈ നേട്ടം കൈവരിച്ചത്. പിന്നീട് 2011ൽ സിഡ്നിയിൽ ഓസ്ട്രേലിയയ്‌ക്കെതിരെ ഇംഗ്ലണ്ടും സമാനമായ നേട്ടം കൈവരിച്ചു.

Advertisment

ഒരു ഇന്നിങ്സിൽ മൂന്ന് സെഞ്ചുറി കൂട്ടുകെട്ടുകളിൽ പങ്കാളിയാകുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമെന്ന നേട്ടം ഈ ഇന്നിങ്‌സിലൂടെ ജഡേജ സ്വന്തമാക്കി. വിനോദ് കാംബ്ലി (സിംബാബ്‍വെയ്ക്കെതിരെ ഡൽഹിയിൽ, 1993), രാഹുൽ ദ്രാവിഡ് (പാക്കിസ്ഥാനെതിരെ റാവൽപിണ്ടിയിൽ, 2004), വീരേന്ദർ സേവാഗ് (പാക്കിസ്ഥാനെതിരെ മൊഹാലിയിൽ, 2005), കരുൺ നായർ (ഇംഗ്ലണ്ടിനെതിരെ ചെന്നൈയിൽ (2016) എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റ് താരങ്ങൾ.

രണ്ടാം ദിനം ആറ് വിക്കറ്റ് നഷ്ടത്തിൽ 357 റൺസ് എന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് ജഡേജ – അശ്വിൻ സഖ്യം മികച്ച തുടക്കമാണ് നൽകിയത്. 130 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് 61 റൺസെടുത്ത അശ്വിൻ പുറത്തായത്. പിന്നീടെത്തിയ ജയന്ത് യാദവ് രണ്ട് റൺസിന് പുറത്തായെങ്കിലും മുഹമ്മദ് ഷമി മികച്ച പിന്തുണ നൽകി. ഒൻപതാം വിക്കറ്റിൽ ജഡേജ – ഷമി സഖ്യം 103 റൺസ് കൂട്ടിച്ചേർത്തു. തുടർന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ഡിക്ലയർ ചെയ്യുകയായിരുന്നു. 20 റൺസുമായി ഷമി പുറത്താകാതെ നിന്നു.

97 പന്തിൽ 96 റൺസ് നേടിയ റിഷഭ് പന്തിന്റെ മികവിൽ ആണ് ഇന്ത്യ ആദ്യ ദിനം സ്കോർ ഉയർത്തിയത്. ജഡേജയ്ക്ക് ഒപ്പം ആറാം വിക്കറ്റിൽ 104 റൺസ് കൂട്ടിച്ചേർത്ത ശേഷമായിരുന്നു മടക്കം. വിരാട് കോഹ്‌ലിക്ക് തന്റെ നൂറാം ടെസ്റ്റിൽ അർദ്ധ സെഞ്ച്വറി നഷ്ടമായിരുന്നു. 58 റൺസ് നേടിയ ഹനുമ വിഹാരിയുമായി 90 റൺസ് കൂട്ടുകെട്ടുണ്ടാക്കിയ കോഹ്ലി ഇടങ്കയ്യൻ സ്പിന്നർ ലസിത് എംബുൽഡെനിയയുടെ പന്തിൽ പുറത്തായപ്പോൾ 45 റൺസാണ് ആകെ നേടിയത്.

ശ്രീലങ്കക്കായി ആദ്യ ഇന്നിങ്സിൽ ലക്മൽ, ഫെർണാണ്ടോ,എംബുൽഡെനി എന്നിവർ രണ്ട് വിക്കറ്റ് വീതവും ലഹിരു കുമാര, ധനഞ്ജയ് ഡി സിൽവ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

Also Read: IND vs SL 1st Test Day 1: തകർത്തടിച്ച് റിഷഭ് പന്ത്; ആദ്യ ദിനം ഇന്ത്യക്ക് ആറ് വിക്കറ്റിന് 357 റൺസ്

Kapil Dev Indian Cricket Team Ravindra Jadeja

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: