കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് മേല്‍കൈ. രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ 57-2 എന്ന നിലയിലാണ്. ഇതോടെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് ലീഡ് 70 റണ്‍സായി ഉയര്‍ന്നു. ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാള്‍, കെ.എല്‍. രാഹുല്‍ എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ചേതേശ്വര്‍ പൂജാര (9), വിരാട് കോഹ്ലി (14) എന്നിവരാണ് ക്രീസില്‍.
ഇന്ത്യ ഉയര്‍ത്തിയ 223 റണ്‍സ് പിന്തുടര്‍ന്ന ആതിഥേയര്‍ 210 റണ്‍സിന് പുറത്തായിരുന്നു. 42 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ ജസ്പ്രിത് ബുംറയാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്. 72 റണ്‍സ് എടുത്ത കീഗന്‍ പീറ്റേഴ്സണാണ് ആതിഥേയരുടെ ടോപ് സ്കോറര്‍.
17-1 എന്ന നിലയില്‍ രണ്ടാ ദിനം പുനരാരംഭിച്ച രണ്ടാം പന്തില്‍ തന്നെ എയ്ഡന്‍ മാര്‍ക്രത്തെ ബുംറ പുറത്താക്കി. രാത്രി കാവല്‍ക്കാരനായെത്തിയ കേശവ് മഹരാജിനെ ഉമേഷ് യാദവും മടക്കിയതോടെ 45-3 എന്ന നിലയിലേക്ക് ആതിഥേയര്‍ വീണു. പക്ഷെ കീഗന്‍ പീറ്റേഴ്സണും വാന്‍ ഡെര്‍ ഡ്യൂസണും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.
ഇരുവരും ചേര്‍ന്ന് നാലം വിക്കറ്റില്‍ 67 റണ്‍സ് ചേര്‍ത്തു. ഡ്യൂസനെ മടക്ക് ഉമേഷാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നേടാന്‍ ഇന്ത്യക്കായി. ടെംബ ബാവുമ (28), കെയില്‍ വെരിയിന്‍ (0), മാര്‍ക്കൊ ജാന്‍സണ്‍ (7), കഗീസൊ റബാഡ (15) എന്നിവര്‍ക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്താനായില്ല. 72 റണ്‍സെടുത്ത പീറ്റേഴ്സണെയും ബുംറയാണ് കുടുക്കിയത്.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 223 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. വിരാട് കോഹ്ലി (79), ചേതേശ്വര്‍ പൂജാര (43) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ പൊരുതിയത്. ദക്ഷിണാഫ്രിക്കയ്ക്കായി കഗീസൊ റബാഡ നാലും മാര്‍ക്കൊ ജാന്‍സണ്‍ മൂന്നു വിക്കറ്റുകള്‍ നേടി.
Also Read: സച്ചിനെ ക്ലീന്‍ ബൗള്‍ഡാക്കിയ അപൂര്‍വ നിമിഷം; ഇംഗ്ലണ്ട് താരം വോണ്‍ ഓര്‍മ്മിക്കുന്നു